Quantcast

നിതീഷ് കുമാര്‍ കളമൊഴിയുന്ന ബിഹാര്‍; മക്കള്‍ രാഷ്ട്രീയത്തിൻ്റെ പുതിയ തുടര്‍ച്ച

ബിഹാറില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിതീഷ് കുമാര്‍ യുഗത്തിന് അവസാനമാവുകയാണ്. ഒപ്പം, മക്കള്‍ രാഷ്ട്രീയത്തിൻ്റെ മറ്റൊരു തുടര്‍ച്ചക്ക് കൂടി സാക്ഷ്യം വഹിക്കുകയാണ്

MediaOne Logo
when nitish kumar leaves bihar politics
X

ബിഹാറില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിതീഷ് കുമാര്‍ യുഗത്തിന് അവസാനമാവുകയാണ്. ഒപ്പം, മക്കള്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു തുടര്‍ച്ചക്ക് കൂടി ബിഹാര്‍ സാക്ഷ്യം വഹിക്കുകയാണ്. 'സദ്ഭരണത്തിന്റെ നായകന്‍' എന്ന വിശേഷണം എടുത്തണിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകുമ്പോള്‍ പകരം ജെഡിയുവിനെ നയിക്കാന്‍ മകന്‍ നിഷാന്ത് കുമാറിനെയാണ് ചുമതലയേല്‍പ്പിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ എന്നും നിര്‍ണായകമാണ് ബിഹാറിലെ ഓരോ നീക്കങ്ങളും. ബിഹാറിന്റെ അധികാര കേന്ദ്രത്തില്‍ നിന്ന് മാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനവും, ലാലുപുത്രന്‍ തേജസ്വി യാദവ് നയിക്കുന്ന പ്രതിപക്ഷ മുന്നണിക്കെതിരെ സ്വന്തം പടയില്‍ മകനെ നായകനാക്കാനുള്ള നീക്കവും, അതേസമയം സഖ്യകക്ഷിയായ ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് ജെഡിയുവിനെ രക്ഷിക്കാനുള്ള പദ്ധതിയുമെല്ലാം ചേര്‍ന്ന് ബിഹാര്‍ രാഷ്ട്രീയത്തെ ഒരിക്കല്‍ കൂടി ശ്രദ്ധാ കേന്ദ്രമാക്കുകയാണ്.

അധികാരം ഉപേക്ഷിക്കുന്ന അതികായന്‍

നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകുമ്പോള്‍ ബിഹാറില്‍ സംഭവിക്കുന്നത്‌ ഒരു യുഗാവസാനമാണ്. 10 തവണകളായി 20 വര്‍ഷത്തിലേറെയാണ്‌ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത്. ഏറ്റവും കൂടുതല്‍ കാലം പദവിയിലിരുന്ന മുഖ്യമന്ത്രിയും നിതീഷാണ്. എന്നാല്‍, നിര്‍ണായകമൊരു സന്ധിയില്‍ നിതീഷ് ബിഹാറിന്റെ നായകസ്ഥാനം ഉപേക്ഷിക്കുകയാണ്. രാജ്യസഭയിലേക്ക് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. 76കാരനായ നിതീഷ് പിന്‍ഗാമിയായി മകന്‍ നിഷാന്ത് കുമാറിനെയാണ് രംഗത്തിറക്കിയത്. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത നിഷാന്തിനെ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിര്‍ണായക ചുമതലകള്‍ ഏല്‍പ്പിക്കാനാണ് നീക്കം. ഒരുവശത്ത് ശക്തിയാര്‍ജിക്കുന്ന പ്രതിപക്ഷം, മറുവശത്ത് മുന്നണിയില്‍ ഒപ്പം നിന്ന് അവസരത്തിനായി കാക്കുന്ന ബിജെപി. ഇതിനിടയിലാണ് നിതീഷ് കുമാറിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കം. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും(ലോക്‌സഭ, രാജ്യസഭ) ബിഹാര്‍ നിയമസഭയുടെ രണ്ട് സഭകളിലും(അസംബ്ലി, കൗണ്‍സില്‍) അംഗമാകുന്ന അപൂര്‍വ്വ നേട്ടം നിതീഷ് കുമാര്‍ കൈവരിക്കും.

നിതീഷിൻ്റേത് രാഷ്ട്രീയ വനവാസമോ?

നിതീഷ് കുമാറിനെ ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നത് ബിജെപിയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. നിതീഷ് ബിഹാറില്‍ നിന്ന് മാറിയാല്‍ മാത്രമേ തങ്ങള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് ബിജെപി നേതൃത്വത്തിന് നല്ലതുപോലെ അറിയാം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്ഥിരം സമ്മര്‍ദ തന്ത്രങ്ങളിലൂടെയാണ് നിതീഷ് മുഖ്യമന്ത്രിയായത്. ബിജെപിയുമായി പിണങ്ങിയപ്പോഴൊക്കെ മറുപക്ഷത്ത് പോയി കൈകോര്‍ക്കാനും അവിടെയും മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കാനും നിതീഷിന് സാധിച്ചിരുന്നു. നേരത്തെ, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതു പോലും നിതീഷ് കുമാറിന് വേണ്ടിയാണെന്ന വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷിനെ ഉപരാഷ്ട്രപതിയായി ഡല്‍ഹിക്ക് അയക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു ഇതെന്നാണ് പറയപ്പെട്ടത്. മുന്‍പ് ഇന്‍ഡ്യ സഖ്യത്തില്‍ പ്രധാനമന്ത്രിപദം ആഗ്രഹിച്ച നിതീഷിന് അധികാരം എന്നും താല്‍പര്യമുള്ളതായിരുന്നെങ്കിലും, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വന്നില്ല. പ്രതീക്ഷിച്ചതുപോലെ ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. ഇപ്പോള്‍ നിതീഷിനെ രാജ്യസഭയിലേക്ക് അയക്കുന്നത് ബിജെപി വിധിക്കുന്ന രാഷ്ട്രീയ വനവാസമാണെന്ന വിലയിരുത്തലുകളുമുണ്ട്. മുന്നണിയില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിനൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നും ജെഡിയുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നുമാണ് പറയപ്പെടുന്നത്.

പൈതൃകം കാക്കുമോ നിഷാന്ത് കുമാര്‍?

ലാലുവിന്റെ മക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും നിതീഷ് കുമാര്‍ കുടുംബരാഷ്ട്രീയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഏകമകന്‍ നിഷാന്ത് കുമാര്‍ പൊതുവേദികളില്‍ നിന്ന് പോലും അകന്നുനിന്നു. ഈയിടെ നിഷാന്തിന്റെ പേര് ഉയര്‍ന്നുകേട്ടത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്. വീണ്ടും നയിക്കാന്‍ നിതീഷ് കുമാര്‍ സന്നദ്ധമല്ലെങ്കില്‍ ബിജെപി മുഖ്യമന്ത്രി പദം ഏല്‍ക്കുമെന്നും മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു അഭ്യൂഹം. അത് അന്ന് യാഥാര്‍ഥ്യമായില്ലെങ്കിലും മൂന്ന് മാസത്തിനിപ്പുറം യാഥാര്‍ഥ്യമാവുകയാണ്.

46കാരനായ നിഷാന്ത് കുമാര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് എന്‍ജിനീയറിങ് ബിരുദമെടുത്തത്. പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലോ പൊതുജനങ്ങളുമായി ഇടപെട്ടോ ഏറെ പരിചയമില്ലാത്ത നിഷാന്ത് കുമാര്‍ തികച്ചും ലളിതമായ ജീവിതം നയിക്കുന്ന ആളെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. വിഐപി സുരക്ഷയോ അനുചരവൃന്ദമോ ഇല്ലാതെയാണ് സഞ്ചാരം. പൊതുവില്‍ ബഹളങ്ങളില്‍ നിന്ന് അകന്നുനിന്നിരുന്ന നിഷാന്ത് കഴിഞ്ഞ ഡിസംബറിനുശേഷമാണ് പൊതുരംഗത്ത് സജീവമായിത്തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിഷാന്ത് ഒന്നിലേറെത്തവണ നിതീഷ് കുമാര്‍ പ്രഖ്യാപിച്ച വികസനപദ്ധതികളുടെ വിലയിരുത്തലിന് എത്തിയിരുന്നു.

തേജസ്വി Vs നിഷാന്ത്; മക്കള്‍ രാഷ്ട്രീയത്തിൻ്റെ പുതിയ മുഖം

ആര്‍ജെഡി നേതാവും ഒരുകാലത്ത് ബിഹാറിന്റെ മുഖവുമായിരുന്ന മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തുടര്‍ന്നുവന്ന കുടുംബവാഴ്ചക്കെതിരെ ശക്തമായ വാദിച്ചയാളായിരുന്നു ഒരുകാലത്ത് ലാലുവിന്റെ സഹചാരി കൂടിയായിരുന്ന നിതീഷ് കുമാര്‍. മകന്‍ തേജസ്വി യാദവിനെ ലാലു പാര്‍ട്ടിയുടെ അധികാരം ഏല്‍പ്പിച്ചപ്പോള്‍ വിമര്‍ശനവുമായി നിതീഷ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഇതേ തുടര്‍ച്ചയില്‍ സ്വന്തം മകന് അധികാരം നല്‍കി ബിഹാറിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിയുകയാണ് നിതീഷ് കുമാര്‍.

ലാലുപ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മൂത്ത മകന്‍ തേജ്പ്രതാവ് രാഷ്ട്രീയത്തില്‍ നില്‍ക്കെയാണ് ഇളയമകന്‍ തേജസ്വി യാദവിനെ ലാലു പാര്‍ട്ടിയുടെ അധികാരം ഏല്‍പ്പിച്ചത്. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യയും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എന്നാല്‍, 2025 തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കുടുംബത്തില്‍ കനത്ത ഭിന്നതയുണ്ടായി. രോഹിണി ആര്‍ജെഡി വിടുകയും ചെയ്തു. മൂത്ത മകന്‍ തേജ് പ്രതാപ് അച്ഛനോടും പാര്‍ട്ടിയോടും പിണങ്ങി നേരത്തെ തന്നെ പുറത്തുപോയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനശക്തി ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി തേജ് പ്രതാപ് മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല.

അതേസമയം, തേജസ്വി യാദവിനെ പിന്തുടര്‍ച്ചക്കാരനാക്കിയ ലാലുവിന്റെ ദീര്‍ഘവീക്ഷണത്തെ പലരും പുകഴ്ത്തുകയും ചെയ്തു. നേരത്തെ ബിഹാര്‍ ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച തേജസ്വി പക്വതയുള്ള ഒരു നേതാവിന്റെ വളര്‍ച്ചാഘട്ടത്തിലാണ്. എന്നാല്‍, നയിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും മുന്നണി പരാജയപ്പെട്ടിരുന്നു. 2020ല്‍ മിന്നുംപ്രകടനം നടത്തി കനത്ത മത്സരം ആര്‍ജെഡി കാഴ്ചവെച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിലുള്ള പ്രതിപക്ഷം നിഷ്പ്രഭമായി. ആര്‍ജെഡിക്ക് വെറും 25 സീറ്റ് മാത്രമാണ് ലഭിച്ചത്. 2020ല്‍ 75 സീറ്റ് നേടി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ സ്ഥാനത്താണിത്.

തേജസ്വി യാദവിനെ കൂടാതെ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മുന്‍ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് നേതാവും എല്‍ജെപി സ്ഥാപനുമായ റാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ബിഹാര്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിക്കഴിഞ്ഞു. ജെഡിയുവിന് കൂടി യുവമുഖം ലഭിക്കുന്നതോടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ സമ്പൂര്‍ണ തലമുറമാറ്റമാണ് സംഭവിക്കുന്നത്. അതേസമയം, രാഷ്ട്രീയ മുന്‍പരിചയം കുറവായ നിഷാന്ത് കുമാറിന് ഉള്‍പ്പാര്‍ട്ടി അസ്വാരസ്യങ്ങള്‍ ഇടക്കിടെ ഉയരാറുള്ള ജെഡിയുവിനെ എങ്ങനെ ഒറ്റക്കെട്ടായി നയിക്കാനാകും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. ഒപ്പം, മുന്നണിയില്‍ ഒപ്പം നിന്ന് വരിഞ്ഞുമുറുക്കി ബിഹാറില്‍ നിര്‍ണായക ശക്തിയാവാനുള്ള ബിജെപിയുടെ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതും ചോദ്യമാണ്.

ആരാവും അടുത്ത മുഖ്യമന്ത്രി

ബിജെപി സമ്പൂര്‍ണ അധികാരം കൊതിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ നിര്‍ണായക സംസ്ഥാനമാണ് ബിഹാര്‍. സഖ്യം അധികാരത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിയന്ത്രണം തങ്ങളുടെ കയ്യിലല്ല എന്നത് ബിജെപിയെ എക്കാലവും അലോസരപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായിട്ടും മുഖ്യമന്ത്രി പദവി മാത്രം കൈപ്പിടിയിലാക്കാനായില്ല. നിതീഷ് കുമാറിന്റെ രാഷ്ട്രീയ വിലപേശലുകള്‍ക്ക് മുന്നില്‍ ബിജെപിക്ക് എല്ലാ തവണയും വഴങ്ങേണ്ടിവന്നു. ഇപ്പോള്‍, സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളില്‍ നിതീഷ് കുമാര്‍ മാറുന്നത് പുറംലോകത്തിന് മുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കാമെങ്കിലും ഇത് തങ്ങള്‍ക്കും മുന്നണിക്കും ഗുണകരമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, വ്യവസായ മന്ത്രി ദിലീപ് ജയ്‌സ്വാള്‍, ബിജെപി എംഎല്‍എ സഞ്ജീവ് ചൗരസ്യ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ പരിഗണനയില്‍. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.

മുഖ്യമന്ത്രി പദം ബിജെപിക്ക് ലഭിക്കുമ്പോള്‍, ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കുമെന്നാണ് വിവരം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. അതേ നിലതുടരാനാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കില്‍ ജെഡിയു മന്ത്രി വിജയ് കുമാര്‍ ചൗധരിയാകും രണ്ടാം ഉപമുഖ്യമന്ത്രിയാവുക.

മാറിമറിയുമോ ജാതിരാഷ്ട്രീയ സമവാക്യങ്ങള്‍

ജാതിരാഷ്ട്രീയത്തിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ബിഹാറിന്റെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത് അവിടുത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്കവിഭാഗങ്ങളാണ്. ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്കക്കാരാണ്. 15.52 ശതമാനമാണ് പൊതുവിഭാഗം. 19.65 ശതമാനം ദലിതരും 1.68 ശതമാനം ഗോത്രവിഭാഗക്കാരുമാണ്. ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന യാദവ വിഭാഗമാണ് ബിഹാറിലെ നിര്‍ണായക ജാതി. ലാലുപ്രസാദ് യാദവ വിഭാഗക്കാരനും നിതീഷ് കുമാര്‍ കുര്‍മി വിഭാഗക്കാരനുമാണ്. തൊണ്ണൂറുകളില്‍ യാദവ-പിന്നാക്ക-മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിലൂടെയായിരുന്നു ലാലുപ്രസാദ് അധികാരത്തിലേറിയത്. ലാലുവിന്റെ പിന്നാക്ക-ന്യൂനപക്ഷ അധികാരഘടനയില്‍ അവഗണിക്കപ്പെട്ടവരെയും ദലിത് ഗോത്ര വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തിയാണ് പിന്നീട് നിതീഷ് മുന്നേറിയത്. ബിജെപിക്ക് പരമ്പരാഗതമായുള്ള മേല്‍ജാതി വോട്ടുകളും ഒപ്പംചേര്‍ന്നു. ലവ-കുശ സമവാക്യം ബിഹാറിലെ മറ്റൊരു പ്രധാന ജാതിസമവാക്യമാണ്. ലവന്റെ പിന്മുറക്കാരെന്ന് വിശ്വസിക്കുന്ന കുര്‍മികളും കുശന്റെ പിന്മുറക്കാരെന്ന് വിശ്വസിക്കുന്ന കോയിരികളുമാണ് ഈ കൂട്ടുകെട്ടിലുള്ളത്. 90കളില്‍ ഉയര്‍ന്നുവന്ന ഈയൊരു സമവാക്യം ലാലുപ്രസാദിന് എതിരായിരുന്നു. നിതീഷ് കുമാറിനു കിട്ടിക്കൊണ്ടിരിക്കുന്ന ലവ-കുശ വോട്ടുകളില്‍ തന്നെയാണ് ബിജെപി നോട്ടം. ഈയൊരു വോട്ടുബാങ്കിലേക്ക് കടന്നുകയറാന്‍ ബിജെപി ഏറെക്കാലമായി ശ്രമിക്കുകയാണ്. നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചത് കോയിരി വിഭാഗക്കാരനായ സാമ്രാട്ട് ചൗധരിയെയാണ്. നിതീഷ് കുമാറിന്റെ വോട്ടുബാങ്കായ വിഭാഗങ്ങളെ സ്വാധീനിക്കാനായാല്‍ ബിഹാറില്‍ സമ്പൂര്‍ണ അധികാരം നേടാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

TAGS :

Next Story