'അയ്യോ, അത് കൈയീന്ന് പോയല്ലോ ആന്റോ..' പ്രീസ്റ്റിൽ മഞ്ജുവുമായുള്ള രംഗത്തെ കുറിച്ച് അറിയാതെ പറഞ്ഞ് മമ്മൂട്ടി
"സിനിമ കണ്ടുകഴിഞ്ഞതിന് ശേഷം നിങ്ങൾക്ക് കൂടുതൽ ഓർമ വരുന്നത് മഞ്ജുവിനെയായിരിക്കും"

ദ പ്രീസ്റ്റ് സിനിമയിൽ നടി മഞ്ജുവാര്യർക്കൊപ്പമുള്ള രംഗത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞ് മമ്മൂട്ടി. സിനിമയിൽ ഒരു രംഗത്തിൽ മാത്രമേ താനും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നുള്ളൂവെന്നും അത് വലിയ സീനാണെന്നും മമ്മൂട്ടി പറഞ്ഞു. ഇത് പറഞ്ഞ വേളയിൽ നിർമാതാവ് ആന്റോ ജോസഫിനെ നോക്കി, ആന്റോ കൈയീന്ന് പോയല്ലോ എന്ന് മമ്മൂട്ടി പറയുകയും ചെയ്തു.
മഞ്ജുവുമായിട്ടുള്ള അഭിനയം എങ്ങനെ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഈ കഥയിൽ മഞ്ജുവാണ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞതിന് ശേഷം നിങ്ങൾക്ക് കൂടുതൽ ഓർമ വരുന്നത് മഞ്ജുവിനെയായിരിക്കും. ഞാൻ സിനിമയിൽ ഒരുപാട് സ്ഥലത്തുണ്ട്. സിനിമയുടെ കഥയൊന്നും... അങ്ങനെയിപ്പോ പറയാനുള്ളൊരു തരത്തിലുള്ള കഥയല്ല. ഞങ്ങള് പക്ഷേ ഒരു സീനിലേയുള്ളൂ. അതുപക്ഷേ, വലിയൊരു സീനാണ്
ഈ വേളയിൽ അതു പറയേണ്ടിയിരുന്നില്ല എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. 'അതെന്റെ ഒരു നിഷ്‌കളങ്കത കൊണ്ട് പറഞ്ഞതാണ്. അറിയാതെ വന്നു പോയതാണ്... അത് കൈയീന്ന് പോയല്ലോ ആന്റോ...' - ചിരികൾക്കിടെ മമ്മൂട്ടി പറഞ്ഞു.
പിന്നീട് മൈക്ക് മഞ്ജുവിന് കൈമാറി. ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള വ്യത്യാസമെന്തെന്ന ചോദ്യത്തിന് 'ആ ചോദ്യം തന്നെ ശരിക്കം അൺഫെയർ ആണ്. കാരണം മമ്മൂക്കയും ലാലേട്ടനും എന്താണോ അങ്ങനെ തന്നെ ആയി നിൽക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്. രണ്ടു പേർക്കും അവരവരുടേതായ യുണീക് ആയ പേഴ്‌സണാലിറ്റി ഉണ്ട്. അത് എല്ലാവർക്കും അറിയാം. ഞാൻ അതേക്കുറിച്ച് അഭിപ്രായം പറയാൻ പോലും അർഹയല്ല. മലയാള സിനിമയുടെ രണ്ടു വലിയ തൂണുകളാണല്ലോ മമ്മൂക്കയും ലാലേട്ടനും. മമ്മൂക്കയുടെ കൂടെ ഇനിയും ഒരുപാട് സിനിമകൾ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു' - എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
മാർച്ച് 11നാണ് ദ പ്രീസ്റ്റ് തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Adjust Story Font
16

