Quantcast

വൈദികനെതിരെ പോസ്റ്റിട്ടതിന് യുവാവിന് പള്ളി മുറിയിൽ മര്‍ദ്ദനം; ആക്രമിച്ചവരെ അഭിനന്ദിച്ച് ഇടവക വികാരിയുടെ വാട്സാപ് സന്ദേശം

വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്. പോസ്റ്റിട്ടതിന് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

MediaOne Logo

  • Published:

    24 Feb 2021 7:05 AM GMT

വൈദികനെതിരെ പോസ്റ്റിട്ടതിന് യുവാവിന് പള്ളി മുറിയിൽ മര്‍ദ്ദനം; ആക്രമിച്ചവരെ അഭിനന്ദിച്ച് ഇടവക വികാരിയുടെ വാട്സാപ് സന്ദേശം
X

കണ്ണൂർ വാണിയപ്പാറയിൽ വൈദികനെതിരെ പോസ്റ്റിട്ടയാളെ പള്ളിമുറിയിൽ പൂട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി. വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ആൾക്കൂട്ട വിചാരണ. പോസ്റ്റിട്ടതിന് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മണിക്കൂറുകളോളമാണ് ജിൽസിനെ പള്ളിയിൽ തടഞ്ഞുവെച്ചത്. പള്ളിമുറിയിൽ വച്ച് മർദനത്തിനിരയായെന്ന് ജിൽസിൻ മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുന്നോത്ത് സെന്‍റ് തോമസ് പള്ളിമുറിയില്‍ വെച്ചാണ് ആക്രമണം നടന്നത്. പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ വാഹനവുമായെത്തി ജില്‍സനെ ബലമായി വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. അതിന് ശേഷമാണ് പള്ളിമുറിക്ക് പുറത്ത് വെച്ചും പള്ളിമുറിയില്‍ പൂട്ടിയിട്ടും ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും കാലുപിടിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ആക്രമിച്ചവരെ അഭിനന്ദിച്ച് വാട്സാപ്പിൽ ഇടവക വികാരിയുടെ സന്ദേശവും പ്രചരിക്കുന്നുണ്ട്.

ഇതേ ഇടവകയിലെ മാത്യു എന്ന വ്യക്തിയുടെ പതിനാറ് വയസ്സുള്ള മകന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്‍സന്‍ ഇട്ട എഫ് ബി പോസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. മാത്യുവിന്‍റെ മകന്‍ ജനുവരി അഞ്ചിനാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. ആശുപത്രിയില്‍ നിന്ന് മടക്കി, വീട്ടിലെത്തിയപ്പോള്‍ തനിക്ക് അന്ത്യകൂദാശ ലഭിക്കണമെന്ന ആഗ്രഹം കുട്ടി അച്ഛനോട് പറഞ്ഞിരുന്നു. തന്‍റെ കുഞ്ഞിന് അന്ത്യകൂദാശ നല്‍കണമെന്നാവശ്യപ്പെട്ട് മാത്യു പള്ളി വികാരിയെ സമീപിച്ചിരുന്നു. പക്ഷേ, കൊറോണക്കാലമായതിനാല്‍ വീട്ടിലേക്ക് വരാനാകില്ലെന്നായിരുന്നു വികാരി നല്‍കിയ മറുപടി. പകരം കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുവരാനും ആവശ്യപ്പെട്ടു. കാന്‍സര്‍ മൂര്‍ച്ഛിച്ച് കാലുവരെ മുറിച്ച അവസ്ഥയിലായതിനാല്‍ കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ആരോഗ്യസ്ഥിതി ആയിരുന്നില്ല. വീണ്ടും വൈദികനോട് മാത്യു വീട്ടിലേക്ക് വരണമെന്ന് അപേക്ഷിച്ചെങ്കിലും വൈദികന്‍ അത് നിരസിച്ചു. പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഈ കാര്യം വിശദീകരിച്ചായിരുന്നു ജില്‍സന്‍റെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇടവകയിലെ വിശ്വാസ സമൂഹത്തെ പ്രകോപിപ്പിച്ചത്. വൈദികന്‍റെ ഭാഗം കൂടി കേട്ട് ആ ഭാഗം കൂടി വിശദീകരിച്ച് വേണം പോസ്റ്റിടാനെന്ന വിമര്‍ശനവും ജില്‍സനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്‍സനെ ബലമായി പള്ളിയിലേക്ക് പിടിച്ചുകൊണ്ടുപോയത്.

താനവിടെ എത്തുമ്പോള്‍ പള്ളിയില്‍ 30 ഓളം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ജില്‍സന്‍ പറയുന്നു. അവര്‍ തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോഴാണ് പള്ളിമുറിയിലേക്ക് ഓടിക്കയറിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂറോളമാണ് കുന്നോത്ത് സെന്‍റ് തോമസ് പള്ളി മുറിയിൽ തടഞ്ഞുവച്ചത്. ആക്രമണം നടന്നത് പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്നും ജില്‍സണ്‍ പറയുന്നു.

TAGS :

Next Story