Quantcast

'മോദി, മോദി' മുദ്രാവാക്യവുമായി യാത്രക്കാരന്റെ അക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി

വിമാനത്തിനും യാത്രക്കാർക്കും അപകടകരമാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് കുറ്റം ചുമത്തിയാൽ ഇയാൾക്ക് പത്ത് വർഷം ജയിലിൽ കഴിയേണ്ടിവരും.

MediaOne Logo

  • Published:

    8 March 2021 6:17 PM IST

മോദി, മോദി മുദ്രാവാക്യവുമായി യാത്രക്കാരന്റെ അക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി
X

പാരിസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ യാത്രക്കാരന്റെ അതിക്രമം. വിമാനത്തിലുണ്ടായിരുന്ന സിഖ് വംശജർക്കു നേരെയും ഫ്‌ളൈറ്റ് അറ്റന്റൻഡിനു നേരെയും ഇയാൾ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് വിമാനം ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ യാത്രക്കാരനു നേരെ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ഇയാൾക്കെതിരെ ചുമത്താനിടയുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പാരീസിൽ നിന്ന് വിമാനം പറന്നുയർന്നതിനു പിന്നാലെയാണ് വെള്ള കുർത്തയണിഞ്ഞ യാത്രക്കാരൻ അതിക്രമം തുടങ്ങിയതെന്ന് ബൾഗേറിയ ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥൻ ഇവയ്‌ലോ ആൻഗെലോവ് പറഞ്ഞു. സീറ്റിൽ നിന്നെഴുന്നേറ്റ് വിമാനത്തിലുണ്ടായിരുന്ന പഞ്ചാബി യാത്രക്കാർക്കു നേരെ ഇയാൾ 'മോദി മോദി' മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ചില യാത്രക്കാരെ കായികമായി അക്രമിക്കുകയും കോക്ക്പിറ്റിന്റെ വാതിലിൽ ഇടിക്കുകയും ചെയ്തു. 'യേശുക്രിസ്തുവിന് പോകേണ്ടി വരും...', 'ഉഡ്താ പഞ്ചാബ്' തുടങ്ങിയ വാക്കുകളും ഇയാൾ പ്രയോഗിച്ചു. തന്നെ സമാധാനിപ്പിക്കാനെത്തിയ ഫ്‌ളൈറ്റ് അറ്റന്റന്റിനെ ഇയാൾ കായികമായി ആക്രമിക്കുകയും ചെയ്തു. വിമാനത്തിലെ ഒരു യാത്രക്കാരൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് നേതാവ് ഗൗരവ് പന്ധി ട്വിറ്ററിൽ പങ്കുവെച്ചു.

അക്രമാസക്തനായ യാത്രക്കാരനെ സമാധാനിപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനം ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഇയാളെ ബൾഗേറിയൻ അധികൃതർക്ക് കൈമാറി. 72 മണിക്കൂറായി ഇയാളെ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് സോഫിയ സിറ്റി പ്രോസിക്യൂട്ടർ ഇല്യാന കിരിലോവ പി.ടി.ഐയോട് പറഞ്ഞു.

തന്റെ പെരുമാറ്റത്തെപ്പറ്റി യാത്രക്കാരൻ യുക്തമായ വിശദീകരണമൊന്നും നൽകിയിട്ടില്ലെന്ന് ബൾഗേറിയൻ അധികൃതർ പറഞ്ഞു. ഇയാൾക്ക് അഭിഭാഷകന്റെയും പരിഭാഷകന്റെയും സേവനം കോടതി ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്തിനും യാത്രക്കാർക്കും അപകടകരമാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് കുറ്റം ചുമത്തിയാൽ ഇയാൾക്ക് പത്ത് വർഷം ജയിലിൽ കഴിയേണ്ടിവരും.

TAGS :

Next Story