Quantcast

ഇസ്രായേലിനെതിരെ ലോകം ഉണരുന്നു, പ്രോപഗൻഡ ഏറ്റെടുത്ത് മാതൃഭൂമി

ഇസ്രായേലി ഭാഷ്യം ചോദ്യം ചെയ്യപ്പെടാതെ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വംശഹത്യക്ക് മണ്ണൊരുക്കിയ റുവാണ്ടയിലെ മാധ്യമങ്ങൾ ശിക്ഷിക്കപ്പെട്ട ചരിത്രമുണ്ട്. ഗസ്സ വംശഹത്യയിൽ നീതി പുലരുമ്പോൾ മാധ്യമങ്ങളും ഉത്തരം പറയേണ്ടിവരും.

MediaOne Logo

യാസീന്‍ അശ്‌റഫ്

  • Updated:

    2025-06-11 08:06:58.0

Published:

11 Jun 2025 1:29 PM IST

ഇസ്രായേലിനെതിരെ ലോകം ഉണരുന്നു, പ്രോപഗൻഡ ഏറ്റെടുത്ത് മാതൃഭൂമി
X

ഇസ്രായേലിനെതിരെ ലോകം ഉണരുന്നു

ജൂൺ നാലിന് ഐക്യരാഷ്ട്രസഭ ഒരു പാതകത്തിന്, കൂടി സാക്ഷിയായി. ഗസ്സയിൽ ആയുധങ്ങളും പട്ടിണിയും കൊണ്ട് മനുഷ്യരെ ഇസ്രായേൽ കൊന്നൊടുക്കുമ്പോൾ, വെടിനിർത്താനാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം രക്ഷാ സമിതിയിൽ അവതരിപ്പിക്കപ്പെട്ടു. അമേരിക്കയുടെ ഒറ്റ വോട്ട്, പ്രമേയത്തെ വീറ്റോ ചെയ്തു. ഇത് അഞ്ചാം തവണയാണ് ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ പ്രയോഗിക്കുന്നത്.

ഒറ്റപ്പെടലിന്‍റെയും തിരിച്ചടികളുടെയും ദിവസങ്ങളാണ് ഈ രണ്ടു രാജ്യങ്ങളെയും കാത്തിരിക്കുന്നത്. വ്യാജപ്രചരണങ്ങൾ പൊളിയുന്നു. പിന്തുണച്ചിരുന്നവർ കളം മാറുന്നു. ഭൂഗോളമെങ്ങും പ്രതിഷേധവും രോഷവും ഉയരുന്നു. ഇസ്രായേലിനൊപ്പം ഉറച്ചുനിന്നിരുന്ന ജർമനിയും ഫ്രാൻസും ബ്രിട്ടനും കാനഡയുമെല്ലാം അടർന്നു മാറുകയാണ്. ഇസ്രായേലിനകത്തും രോഷം പുകയുന്നുണ്ട്. ഭരണകൂടങ്ങളുടെ അടിച്ചമർത്തൽ വകവെക്കാതെ ജനകീയ പ്രക്ഷോഭങ്ങൾ പരക്കെ രൂപപ്പെടുന്നുണ്ട്. കൂട്ടക്കുരുതിക്ക് ശമനം ദൃശ്യമല്ലെങ്കിലും, കാറ്റ് മാറി വീശുകയാണ്. ഇതെല്ലാം കപടനാട്യങ്ങൾ മാത്രമാണെന്ന് കരുതുന്നവരുമുണ്ട്. എന്നാൽപ്പോലും, ഇസ്രായേലിനെതിരെ നിലപാടെടുക്കേ ണ്ടി വരുന്നുണ്ട്.

ഇസ്രായേലിനെ അന്ധമായി പിന്തുണച്ചിരുന്ന ചില പശ്ചാത്യ മാധ്യമപ്രവർത്തകരെങ്കിലും മാറിച്ചിന്തിക്കുന്നു. ഇസ്രായേലിനെ കുറ്റപ്പെടുത്താൻ വിസമ്മതിച്ചിരുന്ന പിയേഴ്സ് മോർഗൻ കഴിഞ്ഞമാസം ജേണലിസ്റ്റ് മെഹ്ദി ഹസനുമായുള്ള അഭിമുഖത്തിൽ ആ നിലപാട് മാറ്റി. ബ്രിട്ടനിലെ ചെറുപ്പക്കാരിൽ നടത്തിയ സർവേയിൽ കണ്ടത്, 54 ശതമാനം പേരും ഇസ്രായേൽ നിലനിൽക്കരുത് എന്ന അഭിപ്രായക്കാരാണ് എന്നത്രെ. കാംപസുകളിലും തെരുവുകളിലും യുവാക്കൾ വംശഹത്യയ്ക്കെതിരെ ശബ്ദമുയർത്തുന്നു. ഒരു വശത്ത് അധികാരികൾ അടിച്ചമർത്തുമ്പോൾ, മറുവശത്ത് പ്രതിഷേധത്തിന് കരുത്ത് വർധിക്കുന്നു.

ബഹിഷ്കരണങ്ങൾ ഇസ്രായേലി സമ്പദ്ഘടനയ്ക്ക് പരിക്കേൽപ്പിക്കുന്നു. നെതന്യാഹു അഴിമതി കേസിൽ വലയുന്നു. ലോക കോടതിയിൽ കേസ് മുറുകുന്നു. ഇസ്രായേലി പട്ടാളക്കാർക്കെതിരെ വിവിധ നാടുകളിൽ നിയമനടപടികൾ തുടങ്ങുന്നു. ഇസ്രായേൽ എംബസികൾ ജനരോഷം ഏറ്റുവാങ്ങുന്നു. ഇസ്രായേലി ഉപരോധം ഭേദിച്ച് ഗസ്സയിലേക്ക് സഹായമെത്തിക്കാനായി ഗ്രേറ്റ ടുൺബർഗ് അടക്കമുള്ളവർ പോകുന്നു.

പ്രോപഗൻഡ ഏറ്റെടുത്ത് മാതൃഭൂമി

ഒക്ടോബർ 7നു മുമ്പത്തെ അധിനിവേശം മറച്ചുപിടിച്ചും ഒക്ടോബർ ഏഴിനെപ്പറ്റി വ്യാജങ്ങൾ പരത്തിയും ഇസ്രായേൽ വംശഹത്യക്ക് ന്യായം ചമച്ചപ്പോൾ തുണയായി മാധ്യമങ്ങളുമുണ്ടായിരുന്നു. ഇന്നും വ്യാജ പ്രചരണം മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്.ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടുകയാണ് ഇസ്രായേൽ. ഭക്ഷണപ്പൊതികൾ വാങ്ങാൻ ചെന്ന പാവങ്ങളെ വെടിവെച്ച് കൊന്നു. വെടിവെച്ചത് ഹമാസാണ് എന്ന് വാർത്ത ഇറക്കി. മാധ്യമങ്ങൾ ഇസ്രായേലി കഥ ഏറ്റുപിടിച്ചു. കൂട്ടത്തിൽ മലയാള പത്രങ്ങളും. ഇസ്രായേലി ഭാഷ്യം ചോദ്യം ചെയ്യപ്പെടാതെ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വംശഹത്യക്ക് മണ്ണൊരുക്കിയ റുവാണ്ടയിലെ മാധ്യമങ്ങൾ ശിക്ഷിക്കപ്പെട്ട ചരിത്രമുണ്ട്. ഗസ്സ വംശഹത്യയിൽ നീതി പുലരുമ്പോൾ മാധ്യമങ്ങളും ഉത്തരം പറയേണ്ടിവരും.

അധികാരികളെ മുഷിപ്പിക്കാതെയും വാർത്തയെഴുതാം

ഇന്ത്യയിൽ നിന്ന് എം.പി സംഘങ്ങൾ ലോകം ചുറ്റി നമ്മുടെ നിലപാട് വിശദീകരിക്കുന്നു. അപ്പോഴും ലോകവേദികളിൽ ഇന്ത്യ ഒറ്റപ്പെടൽ അനുഭവിക്കുകയാണെന്ന് ദ വയറിൽ ജവഹർ സർക്കാർ എഴുതുന്നു. അതിനിടെ, കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്ക് ക്ഷണിക്കപ്പെട്ടവരുടെ പേരുകൾ വാർത്തകളിൽ വരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ക്ഷണമുണ്ടോ എന്ന സംശയം ദിവസങ്ങളോളം നിലനിന്നു. അപ്പോഴും, സർക്കാരിനെ അലോസരപ്പെടുത്താത്ത തരത്തിൽ വാർത്ത ചെയ്യാൻ ഇവിടത്തെ മാധ്യമങ്ങൾ ശ്രദ്ധിച്ചു. വാർത്തയെഴുത്ത് ശാസ്ത്രമല്ല, കലയാണ് എന്ന് വെറുതെ പറയുന്നതല്ല.

TAGS :

Next Story