Quantcast

നാസിക് ടിസിഎസ് കേസ് ആരോപണങ്ങളും വസ്തുതകളും; APCR വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ സമ്പൂർണ രൂപം

സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വരുന്ന ചര്‍ച്ചകള്‍ ഔദ്യോഗിക രേഖകളിലെ വിവരങ്ങള്‍ക്കും അപ്പുറമാണ്. രാഷ്ട്രീയ നേതാക്കളും മറ്റും ഇതിനെ ഒരു സംഘടിത മതപരിവര്‍ത്തന നീക്കമായി ചിത്രീകരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പരിശോധിച്ച എഫ്.ഐ.ആറുകളിലോ മറ്റ് രേഖകളിലോ ഇത്തരം സംഘടിത നീക്കങ്ങളെക്കുറിച്ച് സൂചനകളില്ല. മറിച്ച്, ഇവ പ്രധാനമായും പൊതുജന സംസാരങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്..

MediaOne Logo

അനസ് അസീന്‍

  • Updated:

    2026-05-01 05:37:30.0

Published:

1 May 2026 11:05 AM IST

നാസിക് ടിസിഎസ് കേസ് ആരോപണങ്ങളും വസ്തുതകളും; APCR   വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ സമ്പൂർണ രൂപം
X


ആമുഖം

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (TCS) നാസിക് യൂണിറ്റില്‍ ലൈംഗികാതിക്രമം, നിര്‍ബന്ധിത മത പരിവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് വലിയ ജനശ്രദ്ധ ആകര്‍ഷിക്കപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കുന്നതിനായി, 2026 ഏപ്രില്‍ 4-ന് എ.പി.സി.ആര്‍ (APCR) അംഗങ്ങള്‍ നാസിക് സന്ദര്‍ശിച്ചു.

മിസ്റ്റര്‍ ഷാക്കിര്‍ ഷെയ്ഖ് (മുംബൈ), അഡ്വ. ഷോയബ് ഇനാംദാര്‍ (അകോള), അഡ്വ. ഇമ്രാന്‍ ഖാന്‍ (മുംബൈ), അഡ്വ. വസീം ഷെയ്ഖ് (നാസിക്), മിസ്റ്റര്‍ ജമീല്‍ അഹമ്മദ് (നാസിക്) എന്നിവരായിരുന്നു ഈ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നിലവിലെ സാഹചര്യവും പുറത്തുവരുന്ന വാര്‍ത്തകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാനും വസ്തുതകള്‍ സ്വതന്ത്രമായി രേഖപ്പെടുത്തുന്നതിനും, ആരോപണങ്ങളുടെ സ്വഭാവം വിലയിരുത്തുന്നതിനും, പോലീസ് അന്വേഷണത്തിന്റെ പുരോഗതി മനസ്സിലാക്കുന്നതിനുമാണ് ഈ സന്ദര്‍ശനം നടത്തിയത്.

വസ്തുതാന്വേഷണ രീതി

നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍, കോടതി നടപടികള്‍, എഫ്.ഐ.ആറുകളുടെ പരിശോധന, മാധ്യമ വാര്‍ത്തകള്‍ എന്നിവയിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വസ്തുതാന്വേഷണ സംഘം പ്രദേശവാസികള്‍, പ്രതിഭാഗം വക്കീലന്മാര്‍, ആരോപണവിധേയരുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി സംസാരിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ നല്‍കിയ വാദങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി സംഘം നാസിക് ജില്ലാ സെഷന്‍സ് കോടതിയിലെ റിമാന്‍ഡ് നടപടികളിലും പങ്കെടുത്തു. നാസിക് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയ സംഘം, കേസില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും, നിരപരാധികളെ സംരക്ഷിക്കണമെന്നും, വിഷയം വര്‍ഗീയവല്‍ക്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കുകയുമുണ്ടായി.

ആദ്യത്തെ എഫ്.ഐ.ആര്‍

2026 മാര്‍ച്ച് 26-ന് ദേവ്‌ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എഫ്.ഐ.ആറില്‍ (നമ്പര്‍ 156/2026) BNS സെക്ഷന്‍ 69, 75, 299, 3(5) പ്രകാരം ലൈംഗിക പീഡനം, ചതിയിലൂടെയുള്ള ലൈംഗിക ചൂഷണം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. 2022-നും 2026-നും ഇടയിലുള്ള കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ചാണ് ഈ പരാതി.

പരാതിക്കാരിയും പ്രധാന പ്രതിയും ഒരേ കോളേജില്‍ പഠിച്ചിരുന്നവരും നേരത്തെ പരിചയമുള്ളവരുമായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 2022 ജനുവരിയില്‍ ഇവര്‍ ലെവിറ്റ് മാര്‍ക്കറ്റില്‍ വെച്ച് വീണ്ടും കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു. പിന്നീട് ഇത് പതിവായ സംസാരത്തിലേക്കും കൂടിക്കാഴ്ചകളിലേക്കും വളര്‍ന്നു.

പ്രധാന പ്രതിയുടെ സഹായത്തോടെയാണ് പരാതിക്കാരിക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (TCS) ജോലി ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. ജോലിസ്ഥലത്ത് വെച്ച് തൗസീഫ് അത്താര്‍, നിദ ഖാന്‍ എന്നീ മറ്റ് പ്രതികളുമായി പരാതിക്കാരി പരിചയപ്പെട്ടു. ഓഫീസിലും പുറത്തും വെച്ച് പലതവണ ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നു.

ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ പ്രതികള്‍ ഹിന്ദു-മുസ്ലിം മതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതായും പരാതിക്കാരി ആരോപിക്കുന്നു.

മറ്റൊരു പ്രധാന ആരോപണം, പ്രധാന പ്രതി പരാതിക്കാരിയെ അവരുടെ സമ്മതമില്ലാതെ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്. ഇക്കാര്യം അറിഞ്ഞ സഹപ്രതി തൗസീഫ് അത്താര്‍, ഈ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

2026 ഫെബ്രുവരിയില്‍, പ്രധാന പ്രതിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ പരാതിക്കാരിയെ വിളിക്കുകയും തങ്ങള്‍ വിവാഹിതരാണെന്നും അവര്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും അറിയിച്ചു. ഇതേക്കുറിച്ച് പരാതിക്കാരി പ്രതിയോട് ചോദിച്ചപ്പോള്‍, താന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞതായും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിവരങ്ങള്‍ പൂര്‍ണ്ണമായും എഫ്.ഐ.ആറിലെ പരാതിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ അന്വേഷണത്തിന് വിധേയമായ ആരോപണങ്ങള്‍ മാത്രമാണ്; വസ്തുതകളായി സ്ഥിരീകരിച്ചിട്ടില്ല.

മറ്റ് എഫ്.ഐ.ആറുകളും ആരോപണങ്ങളും

ദേവ്‌ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനില്‍ ആദ്യത്തെ എഫ്.ഐ.ആര്‍ (നമ്പര്‍ 156/2026) രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കൂടുതല്‍ പരാതികള്‍ ലഭിക്കുകയും ദേവ്‌ലാലി ക്യാമ്പ്, മുംബൈ നാക്ക പോലീസ് സ്റ്റേഷനുകളിലായി എട്ട് എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിരവധി വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും നല്‍കിയ പരാതികള്‍ ഉള്‍പ്പെടെ ആകെ 9 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോലിസ്ഥലത്തെ മോശം പെരുമാറ്റം, അനുവാദമില്ലാതെയുള്ള ശാരീരിക സ്പര്‍ശനം, അശ്ലീല പരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയവയാണ് പ്രധാനമായും ഈ എഫ്.ഐ.ആറുകളില്‍ ആരോപിച്ചിരിക്കുന്നത്.

ചില എഫ്.ഐ.ആറുകളില്‍ മതപരമായ പശ്ചാത്തലത്തിലുള്ള ആരോപണങ്ങളുമുണ്ട്. തങ്ങളുടെ മതവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള സംസാരമോ പെരുമാറ്റമോ ഉണ്ടായതായി പരാതിക്കാര്‍ ആരോപിക്കുന്നു. പുരുഷ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍, തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ചില മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ സമ്മര്‍ദ്ദമുണ്ടായതായി പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ചില പരാതികളില്‍ ആരോപിക്കുന്നു.

ലൈംഗിക പീഡനം, ബലപ്രയോഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (BNS 2023) വിവിധ വകുപ്പുകള്‍ (സെക്ഷന്‍ 74, 75, 78, 79, 299, 302, 3(5)) പ്രകാരമാണ് കേസുകള്‍ എടുത്തിരിക്കുന്നത്. ഈ എഫ്.ഐ.ആറുകള്‍ പരിശോധിക്കുമ്പോള്‍ ജോലിസ്ഥലത്ത് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടന്നതായാണ് സൂചിപ്പിക്കുന്നത്. എങ്കിലും, ഈ ആരോപണങ്ങളിലെ സത്യസന്ധതയും തെളിവുകളും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

പ്രതികളുടെയും കേസിന്റെയും നിലവിലെ സ്ഥിതി

ലഭ്യമായ വിവരങ്ങള്‍ പ്രകാരം, വിവിധ എഫ്.ഐ.ആറുകളിലായി ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരെ പ്രതികളായി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തിനിടയില്‍ ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വസ്തുതാന്വേഷണ സംഘത്തിന്റെ സന്ദര്‍ശനവേളയിലും നാസിക് ജില്ലാ സെഷന്‍സ് കോടതിയിലെ നടപടികളിലും വ്യക്തമായത്, ചില പ്രതികള്‍ പോലീസ് കസ്റ്റഡിയിലും മറ്റുള്ളവര്‍ മജിസ്റ്റീരിയല്‍ കസ്റ്റഡിയിലുമാണെന്നാണ്.

പ്രതികളില്‍ ഒരാളായ നിദ ഖാനെ ഇതുവരെ പിടികൂടാനായിട്ടില്ല. അവര്‍ ഒളിവിലാണെന്നാണ് അന്വേഷണ ഏജന്‍സി കണക്കാക്കുന്നത്. അവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം (SIT) ശ്രമങ്ങള്‍ നടത്തിവരുന്നു. ഇതിനിടയില്‍, നിദ ഖാന് വേണ്ടി നാസിക് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ സാഹചര്യങ്ങളും കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന വാദവുമാണ് ഈ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന്മേല്‍ കോടതി വരാനിരിക്കുന്ന ദിവസങ്ങളില്‍ തീരുമാനമെടുക്കും.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിദ ഖാനെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അവരുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അവരുടെ ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിക്കുന്നതിനായാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.

മാധ്യമങ്ങളും പൊതുബോധവും

ഈ സംഭവത്തിന് പത്രങ്ങളിലും ചാനലുകളിലും ഡിജിറ്റല്‍ മാധ്യമങ്ങളിലും വലിയ പ്രാധാന്യം ലഭിച്ചു. പോലീസ് റിപ്പോര്‍ട്ടുകള്‍, ഔദ്യോഗിക വിവരങ്ങള്‍, പരാതിക്കാരുടെയും കമ്പനിയുടെയും പ്രസ്താവനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.

എന്നാല്‍, സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വരുന്ന ചര്‍ച്ചകള്‍ ഔദ്യോഗിക രേഖകളിലെ വിവരങ്ങള്‍ക്കും അപ്പുറമാണ്. രാഷ്ട്രീയ നേതാക്കളും മറ്റും ഇതിനെ ഒരു സംഘടിത മതപരിവര്‍ത്തന നീക്കമായി ചിത്രീകരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പരിശോധിച്ച എഫ്.ഐ.ആറുകളിലോ മറ്റ് രേഖകളിലോ ഇത്തരം സംഘടിത നീക്കങ്ങളെക്കുറിച്ച് സൂചനകളില്ല. മറിച്ച്, ഇവ പ്രധാനമായും പൊതുജന സംസാരങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ 'കോര്‍പ്പറേറ്റ് ജിഹാദ്' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഈ സംഭവത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു സംഘടിത ഗൂഢാലോചനയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെങ്കിലും, ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചില വലതുപക്ഷ ഗ്രൂപ്പുകളും ഇന്‍ഫ്‌ലുവന്‍സേഴ്‌സും ഇത് ഹിന്ദു ജീവനക്കാര്‍ക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്ന് ആരോപിക്കുന്നു. ഇതിനിടയില്‍, ടി.സി.എസ് അഭിമുഖങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോകളും (റീലുകള്‍) സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇത്തരം കാര്യങ്ങളില്‍ ധൃതിപിടിച്ച് നിഗമനങ്ങളില്‍ എത്തരുതെന്ന് വസ്തുതാന്വേഷണ പ്ലാറ്റ്ഫോമുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എഫ്.ഐ.ആറുകളില്‍ പീഡനത്തെക്കുറിച്ചും മതപരമായ വിഷയങ്ങളെക്കുറിച്ചും ആരോപണങ്ങള്‍ ഉണ്ടെങ്കിലും, ഒരു വലിയ സംഘടിത നീക്കം നടന്നതായി തെളിയിക്കുന്ന രേഖകള്‍ നിലവിലില്ല. കേസ് അന്വേഷണ ഘട്ടത്തിലാണ്.

പല പ്രമുഖ മാധ്യമങ്ങളും ബിസിനസ് വാര്‍ത്താധിഷ്ഠിത മാധ്യമങ്ങളും ഈ സംഭവത്തെ കമ്പനിക്കുള്ളിലെ ലൈംഗിക പീഡന വിരുദ്ധ നിയമങ്ങളുടെ (Prevention of Sexual Harassmetn-POSH) വലിയ പരാജയമായാണ് കാണുന്നത്. വര്‍ഷങ്ങളായി ലഭിച്ച പരാതികള്‍ എച്ച്.ആര്‍ വിഭാഗം അവഗണിച്ചുവെന്നും, 40 ദിവസം നീണ്ട പോലീസിന്റെ രഹസ്യ അന്വേഷണത്തിലൂടെയാണ് സത്യം പുറത്തുവന്നതെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊരു വലിയ ക്രിമിനല്‍ സംഘമാണെന്ന വസ്തുത മറച്ചുവെക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ചുരുക്കത്തില്‍, വസ്തുതാപരമായ വാര്‍ത്തകളും അതിശയോക്തി കലര്‍ന്ന പ്രചരണങ്ങളും ചേര്‍ന്ന നിലയിലാണ് മാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങള്‍ പോലീസിന്റെയും കമ്പനിയുടെയും വിശദീകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പലപ്പോഴും തെളിവുകളില്ലാത്ത കാര്യങ്ങളിലേക്കും നീളുന്നു.

നിദ ഖാനെക്കുറിച്ചുള്ള മാധ്യമ നിരീക്ഷണങ്ങള്‍

ചില മാധ്യമങ്ങളും പൊതുജന സംസാരങ്ങളും ഈ സംഭവങ്ങളില്‍ നിദ ഖാന് വലിയ പങ്കുണ്ടെന്നും അവരാണ് ഇതിന്റെ മുഖ്യ സൂത്രധാരയെന്നും (Mastermind) ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍, വസ്തുതാന്വേഷണ സംഘം പരിശോധിച്ച എഫ്.ഐ.ആറുകളില്‍ (FIR) ഇത്തരമൊരു നിഗമനമില്ല. ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്, അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ട കണ്ടെത്തലല്ല.

നിദ ഖാന്‍ ടി.സി.എസിലെ എച്ച്.ആര്‍ (HR) മാനേജര്‍ ആയിരുന്നു എന്ന് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, അവര്‍ക്ക് കമ്പനിയില്‍ നിയമന കാര്യങ്ങളിലോ നേതൃസ്ഥാനത്തോ ചുമതലകള്‍ ഒന്നുമില്ലായിരുന്നുവെന്നും അവര്‍ ഒരു 'പ്രോസസ് അസോസിയേറ്റ്' (Process Associate) മാത്രമായിരുന്നുവെന്നും കമ്പനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

ജീവനക്കാര്‍ നല്‍കിയ പരാതികളില്‍ നിദ ഖാനും മറ്റ് സഹപ്രതികളും നടപടി എടുത്തില്ലെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിലോ (POSH) എത്തിക്‌സ് ചാനലുകളിലോ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

നിദ ഖാന്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവര്‍ നിയമപരമായ അവകാശം ഉപയോഗിച്ച് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയില്‍ കോടതിയാണ് വസ്തുതകള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ടത്.

ചുരുക്കത്തില്‍, നിലവില്‍ ലഭ്യമായ ഔദ്യോഗിക രേഖകളുമായി പൂര്‍ണ്ണമായി ഒത്തുപോകാത്ത കാര്യങ്ങളാണ് പല മാധ്യമങ്ങകളിലും വരുന്നത്. ഔദ്യോഗികമായ ആരോപണങ്ങളും പ്രചരിക്കുന്ന വാര്‍ത്തകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ജാഗ്രത അനിവാര്യമാണ്.

ഇരകളുടെ മൊഴികള്‍

നിയമപരമായ സുരക്ഷയുള്ളതിനാല്‍ ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ നിരവധി ഇരകളുടെ മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ടി.വി (NDTV) നല്‍കിയ അഭിമുഖത്തില്‍, ആറ് വര്‍ഷമായി ടി.സി.എസില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ജീവനക്കാരി അവിടത്തെ മോശം സാഹചര്യത്തെക്കുറിച്ച് വിവരിച്ചു. നാസിക് യൂണിറ്റിലേക്ക് മാറിയ ശേഷം, സഹപ്രതികളില്‍ നിന്ന് മാറി തന്നെ റൂഫ് ടോപ്പിലെ മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി ജോലി ചെയ്യിപ്പിച്ചുവെന്നും ഇടവേളകള്‍ക്ക് പോകുമ്പോള്‍ ഫോണും മറ്റ് സാധനങ്ങളും വാങ്ങി വെച്ചിരുന്നതായും അവര്‍ പറഞ്ഞു.

20 മുതല്‍ 25 വയസ്സുവരെയുള്ള യുവതികളെയാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ എച്ച്.ആറിനെ സമീപിക്കൂ എന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ഇവിടെ എച്ച്.ആര്‍ വിഭാഗം പോലും ഭയത്തിലായിരുന്നു എന്ന് അവര്‍ പറഞ്ഞു. സഹപ്രതികള്‍ പുതിയ ജീവനക്കാരെ സ്വാധീനിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു 'മോശം സംസ്‌കാരം' അവിടെ നിലനിന്നിരുന്നതായും അവര്‍ ആരോപിച്ചു. ഞാന്‍ രക്ഷപ്പെട്ടു ദൈവത്തിന് നന്ദി, അല്ലെങ്കില്‍ എന്റെയും അവസ്ഥ ഇതൊക്കെ ആകുമായിരുന്നു.

മറ്റൊരു സാക്ഷിയായ കരാര്‍ ജീവനക്കാരി എന്‍.ഡി.ടി.വിയോട് പറഞ്ഞത്, 'ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കാനും വിവാഹം കഴിക്കാനും മതം മാറ്റാനും' പ്രതികള്‍ പുരുഷ ജീവനക്കാരെ പ്രേരിപ്പിക്കുകയും ഇതിനായി പണം നല്‍കുകയും ചെയ്തിരുന്നു എന്നാണ്. 2021 മുതല്‍ ഇത് നടക്കുന്നുണ്ടെന്നും ഇതിനായി എച്ച്.ആര്‍ മാഡത്തിന് പണം ലഭിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു.

ഈ വ്യക്തിഗത മൊഴികള്‍ എഫ്.ഐ.ആറിലെ പീഡനത്തെയും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളെയും കുറിച്ചുള്ള ആരോപണങ്ങളെ ശരിവെക്കുന്നവയാണ്. ടീം ലീഡര്‍മാര്‍ക്കും ട്രെയിനര്‍മാര്‍ക്കും ആഭ്യന്തരമായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് തങ്ങള്‍ പോലീസിനെ സമീപിച്ചതെന്ന് ഇരകള്‍ പറയുന്നു.

പ്രതികളുടെ ബന്ധുക്കളുടെ മൊഴികള്‍

എഫ്.ഐ.ആറുകളിലെ ആരോപണങ്ങള്‍ക്ക് പുറമെ, ചില പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ മൊഴികളും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരുടെ വാദങ്ങളില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് പ്രതികളുടെ ബന്ധുക്കള്‍ പറയുന്നത്. നിദ ഖാനെ മാധ്യമങ്ങള്‍ 'സൂത്രധാര' (Mastermind) എന്ന് വിളിക്കുമ്പോള്‍, അവര്‍ സ്വന്തം വീട്ടിലുണ്ടെന്നും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അവരുടെ ബന്ധുക്കള്‍ പറയുന്നു. മാധ്യമങ്ങള്‍ അവരെ തെറ്റായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. നിദ ഖാന്‍ എച്ച്.ആര്‍ വിഭാഗത്തിലോ മറ്റ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലോ അല്ല ജോലി ചെയ്തിരുന്നതെന്ന കുടുംബത്തിന്റെ വാദം കമ്പനിയുടെ വിശദീകരണവുമായി ഒത്തുപോകുന്നതാണ്.

വസ്തുതാന്വേഷണ സംഘം പ്രതിയായ ഡാനിഷ് ഷെയ്ഖിന്റെ അമ്മയോടും ഭാര്യയോടും സംസാരിച്ചു. ഡാനിഷിനെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും യാതൊരു കാരണവുമില്ലാതെയാണ് അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

മറ്റൊരു പ്രതിയായ റാസ മേമന്റെ ബന്ധുക്കളുമായും സംഘം സംസാരിച്ചു. റാസക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹത്തെ തെറ്റായി പ്രതിചേര്‍ത്തതാണെന്നും അവര്‍ പറഞ്ഞു. റാസ 10 വര്‍ഷത്തിലേറെയായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണെന്നും, ഇതിനുമുമ്പ് അദ്ദേഹത്തിനെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. കമ്പനിയില്‍ നിന്ന് 'ടോപ്പ് പെര്‍ഫോര്‍മര്‍' അവാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള താന്‍ ഒരു പ്രമുഖ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നും റാസയുടെ ഭാര്യ സംഘത്തെ അറിയിച്ചു.

പ്രതികളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഈ വിവരങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാദങ്ങളിലെ സത്യസന്ധത നിയമപരമായ അന്വേഷണത്തിലൂടെയും കോടതി നടപടികളിലൂടെയും മാത്രമേ വ്യക്തമാകൂ.

പ്രാദേശിക സാഹചര്യങ്ങളും മറ്റ് സംഭവങ്ങളും

നാസിക് സന്ദര്‍ശനത്തിനിടയില്‍ വസ്തുതാന്വേഷണ സംഘം പ്രദേശവാസികളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സംസാരിച്ചു. നാസിക്കില്‍ അടുത്തിടെ നടന്ന മറ്റ് ചില പ്രധാന സംഭവങ്ങളെക്കുറിച്ചും ജനങ്ങള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിലവിലെ ടി.സി.എസ് വിഷയത്തിന് പുറമെ സാമൂഹിക പ്രാധാന്യമുള്ള മറ്റ് പല വിഷയങ്ങളും ഇതോടൊപ്പം അവിടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് സംഘത്തിന് മനസ്സിലായി.

ഇതില്‍ ഒന്നാമത്തേത് 'ക്യാപ്റ്റന്‍ ബാബ' എന്ന് വിളിക്കപ്പെടുന്ന അശോക് ഖരാട്ട് എന്ന ആള്‍ദൈവവുമായി ബന്ധപ്പെട്ട ഈ പ്രദേശത്തെ കേസാണ്്. ചൂഷണവും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഒരു പ്രത്യേക അന്വേഷണ സംഘം (SIT) ഈ കേസുകള്‍ അന്വേഷിച്ചു വരികയാണ്. ക്യാപ്റ്റന്‍ ബാബക്ക് രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസിന്റെ രീതിയും വ്യാപ്തിയും കാരണത്താല്‍ ടി.സി.എസ് കേസ് ജന ശ്രദ്ധയിലേക്ക് വരുന്നതിന് മുമ്പ് അശോക് ഖരാട്ടിന്റെ കേസിന് പ്രദേശത്ത് വലിയ പ്രാധാന്യമായിരുന്നു നല്‍കപ്പെട്ടിരുന്നത്.

രണ്ടാത്തേത്, സിംഹസ്ഥ കുംഭമേളയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജനരോഷം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച നിയമനടപടികള്‍ കോടതിയില്‍ നടക്കുന്നുണ്ട്.

അതുപോലെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള (EWS) ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ ക്രമക്കേട് ആരോപിക്കപ്പെടുന്ന 'മഹാഡ സ്‌കാം' (MHADA Scam) നെക്കുറിച്ചും ജനങ്ങള്‍ സംഘത്തെ ധരിപ്പിച്ചു. പ്രസ്തുത അഴിമതിക്കേസില്‍ 49 ഓളം പ്രോജക്റ്റുകള്‍ക്കെതിരെയും ബില്‍ഡര്‍മാര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് കിട്ടിയ വിവരം.

'ക്യാപ്റ്റന്‍ ബാബ' ഉള്‍പ്പെട്ട വലിയ വിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണോ ടി.സി.എസ് വിഷയം ഇത്രയധികം വലുതാക്കി കാണിക്കുന്നത് എന്നാണ് പ്രദേശവാസികളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രമുഖര്‍ ബന്ധപ്പെട്ട ആ കേസിനെ അപേക്ഷിച്ച് ടി.സി.എസ് സംഭവത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു.

ഇതെല്ലാം ജനങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.

പോലീസ് അന്വേഷണം

നാസിക് സിറ്റി പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഒരു പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ആദ്യത്തെ പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ആരോപണങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുമായി പോലീസ് ഉദ്യോഗസ്ഥരെ ജോലിസ്ഥലത്ത് രഹസ്യമായി നിയോഗിച്ചിരുന്നു. ഇത്തരമൊരു നീക്കത്തിലൂടെയാണ് കൂടുതല്‍ പരാതിക്കാര്‍ മുന്നോട്ട് വരാനും കൂടുതല്‍ കേസുകള്‍ എടുക്കാനും സാധിച്ചതെന്നും പറയപ്പെടുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ആകെ ഒന്‍പത് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പല പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുക, ജോലിസ്ഥലത്തെ പെരുമാറ്റങ്ങള്‍ പരിശോധിക്കുക, ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുക തുടങ്ങിയ നടപടികള്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (BNS 2023) വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഓരോ പരാതിയിലെയും പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റ് നിയമവകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ പരാതിയിലും വ്യത്യസ്തമായ ആരോപണങ്ങളാണ് ഉള്ളതെന്നും അതിനാല്‍ ധൃതിപിടിച്ച് പൊതുവായ നിഗമനങ്ങളില്‍ എത്തരുതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഓരോ പരാതിയും അതിന്റെ വസ്തുതകള്‍ അനുസരിച്ച് നിയമപരമായി തന്നെയാണ് അന്വേഷിക്കുന്നത്.

സംഘടിതമായ 'ലവ് ജിഹാദ്' അല്ലെങ്കില്‍ മതപരിവര്‍ത്തന ഗൂഢാലോചന നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ എ.ടി.എസ് , എന്‍.ഐ.എ എന്നീ ഏജന്‍സികളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ലഭിക്കുന്ന തെളിവുകളുടെയും ഫോറന്‍സിക് പരിശോധനകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

പ്രതിഭാഗം വക്കീലുമാരുടെ മൊഴി

വസ്തുതാന്വേഷണത്തിന്റെ ഭാഗമായി, ചില പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന വക്കീലന്മാരുമായി സംഘം സംസാരിക്കുകയും കോടതി നടപടികളിലെ അവരുടെ വാദങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അഡ്വ. രാഹുല്‍ ജെ. കാസ്ലിവാള്‍, അഡ്വ. ബാബ സയ്യിദ് തുടങ്ങിയവര്‍ പ്രതികള്‍ക്കായി ഹാജരാകുകയും മുന്‍കൂര്‍ ജാമ്യത്തിനും സ്ഥിരം ജാമ്യത്തിനുമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ഉമേഷ് വാല്‍സാദെ ഈ ആരോപണങ്ങളെ പരസ്യമായി നിഷേധിച്ചു. വസ്തുതകളേക്കാള്‍ വലിയ രീതിയിലുള്ള കഥകളാണ് ഈ കേസിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു.

വ്യക്തിപരമായ ബന്ധങ്ങളും ഇടപഴകലുകളും പിന്നീട് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണ് പല ആരോപണങ്ങള്‍ക്കും കാരണമെന്ന് പ്രതിഭാഗം വക്കീലന്മാര്‍ അവകാശപ്പെടുന്നു. മാധ്യമ വാര്‍ത്തകളെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു; എഫ്.ഐ.ആറുകളില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രതികളുടെ അവകാശങ്ങളെ ബാധിക്കുമെന്നും അന്വേഷണത്തിന്റെ നിഷ്പക്ഷതയെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളില്‍ എത്തരുതെന്നും വക്കീലന്മാര്‍ ഊന്നിപ്പറഞ്ഞു.

സംഘടിതമായോ ആസൂത്രിതമായോ ഉള്ള ഒരു നീക്കവും നടന്നതായി തെളിയിക്കുന്ന രേഖകള്‍ നിലവിലില്ലെന്നും, ഓരോ ആരോപണവും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെടുന്നു.

അഡ്വ. രാഹുല്‍ കാസ്ലിവാളിന്റെ പ്രസ്താവന

ഈ വിഷയം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഒരു പ്രമുഖ അന്താരാഷ്ട്ട്ര കമ്പനി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഇത് ചില വ്യക്തികളുടെ പ്രവൃത്തികളുമായി മാത്രം ബന്ധപ്പെട്ട കേസാണെന്നും കമ്പനിയുടെ ബിസിനസ് ഇടപാടുകളുമായി ഇതിന് ബന്ധമില്ലെന്നും ഞാന്‍ വ്യക്തമാക്കുന്നു. ആരോപണവിധേയരായ ജീവനക്കാരെ കമ്പനി ഇതിനകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ കമ്പനിയെക്കുറിച്ച് ഞാന്‍ പരാമര്‍ശിക്കുന്നില്ല.

പരാതിക്കാര്‍ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടവരും പ്രതികളില്‍ ചിലര്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുമാണ്. ഈ ഒരു കാരണം കൊണ്ട് മാത്രം ഇതിനെ മതപരമായ കാഴ്ചപ്പാടിലൂടെ കാണാനും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന രീതിയില്‍ ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ഇവര്‍ എല്ലാ മതസ്ഥരുടെയും ആഘോഷങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചിരുന്ന സൗഹൃദപരമായ ഒരു സംഘമായിരുന്നു. മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും എന്റെ മുന്നിലില്ല.

ഇന്ത്യയില്‍ വിവിധ മതസ്ഥര്‍ തമ്മിലുള്ള പ്രണയബന്ധങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇന്ന് അത്തരം ബന്ധങ്ങളെ 'ലവ് ജിഹാദ്' എന്നൊക്കെ വിളിച്ച് രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഈ പദപ്രയോഗത്തിന് നിയമപരമായ നിര്‍വ്വചനമോ നിലനില്‍പ്പോ ഇല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല,

മറ്റ് ചില സംസ്ഥാനങ്ങളിലുള്ളതുപോലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ മഹാരാഷ്ട്രയില്‍ നിലവിലില്ല. എന്നാല്‍ ഈ കേസില്‍ അത്തരം ഗൂഢാലോചനകള്‍ക്ക് തെളിവില്ല.

നിയമപരമായി നോക്കിയാല്‍, എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ പൊതുവായ സ്വഭാവമുള്ളവയാണ്. ഐ.പി.സി, ബി.എന്‍.എസ് സെക്ഷന്‍ 299 പ്രകാരം മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷത്തില്‍ താഴെ മാത്രമേ ശിക്ഷയുള്ളൂ. ഇത്തരം കേസുകളില്‍ പെട്ടെന്നുള്ള അറസ്റ്റ് പാടില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. രണ്ട് മൂന്ന് വര്‍ഷം മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളില്‍, പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് നടന്നത് ആശ്ചര്യകരമാണ്. അന്വേഷണം നടത്തേണ്ടത് പോലീസിന്റെ ചുമതലയാണെങ്കിലും സാധാരണ ജോലി സാഹചര്യങ്ങളില്‍ കഴിയുന്ന വിദ്യാസമ്പന്നരായ ജീവനക്കാരായ ഈ പ്രതികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്.

ഒരേ കമ്പനിയില്‍ ഒരേ കാലയളവില്‍ നടന്ന സംഭവങ്ങളില്‍ എട്ട് വ്യത്യസ്ത എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത് നിയമപരമായി ശരിയല്ല. ഇവയെല്ലാം ഒരു പരാതിയായി പരിഗണിക്കാവുന്നതായിരുന്നു. പല കേസുകള്‍ എടുക്കുന്നത് നിയമത്തിന്റെ അനാവശ്യമായ ഉപയോഗമാണ്.

ഒരു എഫ്.ഐ.ആറിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് പറയുന്നില്ല. മതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ സ്വാഭാവികമാണ്, അത് കുറ്റകരമല്ല.

ഈ വിഷയം അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിലും മതപരമായ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നതിലും എനിക്ക് ആശങ്കയുണ്ട്. കോടതിയും നിയമവും ഇത്തരം കാര്യങ്ങളെ മതേതരമായ കാഴ്ചപ്പാടിലൂടെ മാത്രമേ കാണാവൂ. തല്‍പര കക്ഷികളുടെ ലാഭത്തിന് വേണ്ടിയുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Interview: https://youtu.be/ce-qHh8I3P4?si=qOhninb1sR8QlAaw

അഡ്വ. ബാബ സയ്യിദിന്റെ പ്രസ്താവന

നാസിക് ടി.സി.എസ് കേസിലെ പ്രതിയായ നിദ ഖാന് വേണ്ടിയാണ് ഞാന്‍ ഹാജരാകുന്നത്. ആരോപണങ്ങളെക്കുറിച്ച് പറയുന്നതിന് മുമ്പ് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-നിദയെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 'ഡല്‍ഹി ബന്ധം' ഉള്‍പ്പെടെയുള്ള ഒരു കാര്യത്തിനും ഔദ്യോഗിക രേഖകള്‍ പ്രകാരം ഒരു അടിസ്ഥാനവുമില്ല. ഇത്തരം കാര്യങ്ങളൊന്നും കോടതിക്ക് മുന്നില്‍ വന്നിട്ടില്ല. എന്റെ കക്ഷിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്.

അവരുടെ നിയമപരമായ വസ്തുതകള്‍ ഇതാണ്: ആകെ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഒരേയൊരു എഫ്.ഐ.ആറില്‍ (ദേവ്ലാലി ക്യാമ്പ് പോലീസ് സ്റ്റേഷന്‍ - CR No. 156) മാത്രമാണ് നിദയെ പ്രതിയായി ചേര്‍ത്തിട്ടുള്ളത്. മുംബൈ നാക്ക പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് എട്ട് കേസുകളിലും അവര്‍ പ്രതിയല്ല. അവര്‍ക്കെതിരെയുള്ള ഏക ആരോപണം മതവികാരം വ്രണപ്പെടുത്തി (സെക്ഷന്‍ 299) എന്നതാണ്. ബലാത്സംഗം, ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളൊന്നും അവര്‍ക്കെതിരെയില്ല. അത്തരം വകുപ്പുകളെല്ലാം പ്രധാന പ്രതിയായ ഡാനിഷിനെതിരെയാണ് ചുമത്തിയിരിക്കുന്നത്.

മറ്റൊരു തെറ്റായ വിവരം തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇരകളുടെ പരാതികള്‍ അവഗണിച്ച എച്ച്.ആര്‍ ഉദ്യോഗസ്ഥയാണ് നിദ എന്നാണ് പ്രചരിക്കുന്നത്. ഇത് തികച്ചും തെറ്റാണ്. അവര്‍ ഒരിക്കലും എച്ച്.ആര്‍ ആയിരുന്നില്ല. അവര്‍ ഒരു ജൂനിയര്‍ തസ്തികയായ 'പ്രോസസ് അസോസിയേറ്റ്' ആയിരുന്നു. പരാതികള്‍ സ്വീകരിക്കാനോ നടപടിയെടുക്കാനോ ഉള്ള യാതൊരു അധികാരവും അവര്‍ക്കില്ലായിരുന്നു. കമ്പനി നല്‍കിയ സസ്പെന്‍ഷന്‍ കത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എച്ച്.ആര്‍ ഉദ്യോഗസ്ഥയാണ് നിദ എന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച നുണയാണ്.

നിദ ഒളിവിലാണെന്ന വാദത്തെ ഞാന്‍ തള്ളിക്കളയുന്നു. കീഴടങ്ങുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. അവര്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് നിയമപരമായ വഴികള്‍ തേടുകയാണ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സെഷന്‍സ് കോടതി ജാമ്യം നിരസിച്ചാല്‍ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും. അതും പരാജയപ്പെട്ടാല്‍ മാത്രമേ അവര്‍ കീഴടങ്ങുകയുള്ളൂ. ഈ ഘട്ടത്തില്‍ അവരെ പിടികിട്ടാപ്പുള്ളി എന്ന് വിളിക്കുന്നത് തെറ്റാണ്.

ജാമ്യാപേക്ഷയില്‍ അവര്‍ ഗര്‍ഭിണിയാണെന്ന കാര്യം ഒരു കാരണമായി ഞങ്ങള്‍ സൂചിപ്പിച്ചേക്കാം, എന്നാല്‍ അത് മാത്രമല്ല ജാമ്യത്തിന് ആധാരം. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വളരെ കുറവാണെന്നതാണ് പ്രധാന കാര്യം. ഞാന്‍ നിദയോട് സംസാരിച്ചിരുന്നു. തനിക്ക് ആരോടും മോശം ബന്ധമില്ലായിരുന്നുവെന്നും, എന്തിനാണ് തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നുള്ള അവരും കുടുംബവും മാധ്യമ വാര്‍ത്തകള്‍ കണ്ട് മാനസികമായി തകര്‍ന്നിരിക്കുകയാണ്.

കോടതികള്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമ വാര്‍ത്തകളുടെയോ പൊതുജന അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ഔദ്യോഗിക രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. എഫ്.ഐ.ആര്‍ ശ്രദ്ധിച്ചു വായിച്ചാല്‍ നിദയുടെ പങ്ക് വളരെ നിസ്സാരമാണെന്ന് മനസ്സിലാകും. അവള്‍ക്കെതിരെയുള്ള ആ ഒരു ആരോപണത്തിന് മാത്രമായി പോലീസിന് ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നു. അതിനുപകരം, നീതീകരിക്കാനാവാത്ത വിധം ഒരു വലിയ കേസിന്റെ ഭാഗമായി അവളെക്കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്

നിദയ്ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് ധൃതിയില്‍ കീഴടങ്ങുന്നതിന് പകരം കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഞങ്ങള്‍ ഘട്ടം ഘട്ടമായുള്ള നിയമമാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോകും.

Interview: https://youtu.be/xkmKJTvxaWo?si=bAYcdZ8VcPk4xTAE

അഡ്വ. ഉമേഷ് വാല്‍സാദെയുടെ പ്രസ്താവന

നാസിക് ടി.സി.എസ് ബി.പി.ഒ കേസിലെ ആദ്യ എഫ്.ഐ.ആറിലെ പ്രതിയായ ഡാനിഷ് ഷെയ്ഖിന് വേണ്ടിയാണ് ഞാന്‍ ഹാജരാകുന്നത്. ബലാത്സംഗം, മതപരിവര്‍ത്തനം, ലൈംഗിക പീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍, പരാതിക്കാരിയും ഡാനിഷും ഒരേ കമ്പനിയിലെ സഹപ്രവര്‍ത്തകരായിരുന്നു എന്ന് കാണാം. 2022 മുതല്‍ ഇവര്‍ക്ക് പരസ്പരം പരിചയമുണ്ടെന്നും കോളേജില്‍ ഒരേ ക്ലാസില്‍ പഠിച്ചവരാണെന്നും പരാതിയില്‍ പറയുന്നു. ഡാനിഷിന്റെ സഹായത്താലാണ് പരാതിക്കാരിക്ക് ഈ ജോലി ലഭിച്ചത്. ഒരേ ഓഫീസിലാണെങ്കിലും ഇവര്‍ രണ്ട് വ്യത്യസ്ത ടീമുകളിലാണ് ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നതിനിടയില്‍ ഇവര്‍ തമ്മില്‍ അടുത്ത ബന്ധം ഉടലെടുത്തു.

ഡാനിഷ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇവരുടെ ബന്ധം മുന്നോട്ട് പോയതോടെ, പ്രായപൂര്‍ത്തിയായ ആ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അവര്‍ ഹിജാബ് ധരിക്കാനും നോമ്പ് അനുഷ്ഠിക്കാനും തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ കുടുംബമാണ് പരാതിയുമായി മുന്നോട്ട് വന്നതും ആദ്യത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും. തുടര്‍ന്ന് മറ്റ് എഫ്.ഐ.ആറുകളും ഉണ്ടായി.

പരാതി നല്‍കിയ പെണ്‍കുട്ടിയുടെ നടപടിയെ ഞാന്‍ ബഹുമാനിക്കുന്നു. എങ്കിലും അവര്‍ പ്രായപൂര്‍ത്തിയായ ഒരാളായതുകൊണ്ട് ഇതിനെ ഒരു വശത്തുനിന്നു മാത്രം കാണാന്‍ കഴിയില്ല. രണ്ട് പക്ഷവും നീതിപൂര്‍വ്വം കേള്‍ക്കേണ്ടതുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഞാന്‍ വ്യക്തിപരമായി ശക്തമായി എതിര്‍ക്കുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇസ്ലാം മതപ്രകാരം ഒരാളെ പള്ളിയില്‍ കൊണ്ടുപോയി കലിമ ചൊല്ലിക്കൊടുക്കുന്നതുള്‍പ്പെടെയുള്ള ചില നടപടിക്രമങ്ങളുണ്ട്. ഈ കേസില്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഡാനിഷ് ആ പെണ്‍കുട്ടിയെ പള്ളിയില്‍ കൊണ്ടുപോയതിനോ ഔദ്യോഗികമായി മതം മാറ്റിയതിനോ യാതൊരു തെളിവുകളുമില്ല.

മതത്തെക്കുറിച്ച് സ്വകാര്യ സംഭാഷണങ്ങളില്‍ സംസാരിക്കുന്നതും പരസ്യമായി സംസാരിക്കുന്നതും നിയമപരമായി രണ്ട് കാര്യങ്ങളാണ്. ഈ രണ്ട് വകുപ്പുകളും ഇവിടെ ചുമത്തിയിട്ടുണ്ട്. കേസ് ഇപ്പോള്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്, മെയ് 2-ന് വാദം കേള്‍ക്കും. ഡാനിഷ് നിലവില്‍ ജയിലിലാണ്. കൂട്ടുപ്രതിയായ തൗസീഫിന്റെ വക്കീല്‍ ഞാനല്ല, അത്‌കൊണ്ട് തന്നെ തൗസീഫിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനാകില്ല.

ഡാനിഷ് കുറ്റക്കാരനാണെന്ന് നിയമപരമായി തെളിഞ്ഞാല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം എന്നുതന്നെയാണ് എന്റെ നിലപാട്. എന്നാല്‍, അദ്ദേഹം നിരപരാധിയാണെങ്കില്‍, വെറുമൊരു ബലിയാടാക്കി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതം നശിപ്പിക്കുന്നത് വലിയ അനീതിയാകും. ഡാനിഷിന്റെ ഭാര്യ ഇപ്പോള്‍ മാനസികമായി വലിയ വിഷമത്തിലാണ്. മതപരമായ പക്ഷപാതങ്ങളില്ലാതെ നിയമപരമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് നീതി നടപ്പിലാക്കണം.

നിര്‍ബന്ധിത മതപരിവര്‍ത്തനം അപലപനീയമാണ്, പക്ഷേ ഈ കേസില്‍ അത് നടന്നതായി നിലവില്‍ തെളിയിക്കപ്പെട്ടിട്ടില്ല.

Interview: https://youtu.be/PFIkuzcyRg0?si=KKLPHZ0GtFo0hJgz

ടി.സി.എസിന്റെ പ്രതികരണം

പീഡനങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടി.സി.എസ് വ്യക്തമാക്കി. പീഡനങ്ങള്‍ക്കെതിരെ കമ്പനിക്ക് പണ്ടുമുതലേ വിട്ടുവീഴ്ചയില്ലാത്ത നയമുണ്ടെന്ന് സി.ഇ.ഒ കെ. കൃതിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ അറിഞ്ഞ ഉടന്‍ തന്നെ കമ്പനി ഒരു സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിച്ചു. സി.ഒ.ഒ (COO) ആരതി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള ഈ സമിതിയെ Deloitte എന്ന സ്ഥാപനവും Trilegal എന്ന ലീഗല്‍ സ്ഥാപനവും സഹായിക്കുന്നുണ്ട്.

ആരോപണവിധേയരായ ഏഴ് ജീവനക്കാരെയും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്തതായി കൃതിവാസന്‍ അറിയിച്ചു. ഇതോടൊപ്പം പ്രചരിക്കുന്ന ചില തെറ്റായ വാര്‍ത്തകള്‍ കമ്പനി തിരുത്തി: നാസിക് ഓഫീസ് അടച്ചുപൂട്ടിയെന്ന വാര്‍ത്ത തെറ്റാണെന്നും അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിദ ഖാന്‍ കമ്പനിയുടെ 'എച്ച്.ആര്‍ ഹെഡ്' (HR Head) ആണെന്ന വാര്‍ത്തയും തെറ്റാണ്; അവര്‍ കമ്പനിയുടെ നേതൃപദവികളിലൊന്നും ഭാഗമല്ലാത്ത ജൂനിയര്‍ പ്രൊസസ് അസോസിയേറ്റ് ജീവനക്കാരി മാത്രമായിരുന്നുവെന്നും ടി.സി.എസ് സ്ഥിരീകരിച്ചു.

പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് ആരും കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ (POSH) രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും ടി.സി.എസ് പറഞ്ഞു. പോലീസുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും അന്വേഷണത്തിന് ശേഷം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും കമ്പനി അറിയിച്ചു. മതപരമായ കാര്യങ്ങള്‍ക്കായി ജീവനക്കാരെ നിര്‍ബന്ധിക്കുന്ന സാഹചര്യം കമ്പനിയിലില്ലെന്നും അവര്‍ വ്യക്തമാക്കി.

ദേശീയ-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍

ആരോപണങ്ങളുടെ ഗൗരവവും പൊതുജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് സംസ്ഥാന-കേന്ദ്ര അധികാരികള്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന തലത്തില്‍, നാസിക് സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിക്കുകയും കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രതലത്തില്‍, ദേശീയ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും സാഹചര്യം വിലയിരുത്താന്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, മുന്‍കരുതല്‍ എന്ന നിലയില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) ഈ വിഷയത്തില്‍ ഇടപെടുകയും മഹാരാഷ്ട്ര ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപുറമെ, ഐടി ജീവനക്കാരുടെ സംഘടനയായ 'നൈറ്റ്‌സ്' (NITES) കമ്പനിയിലെ ലൈംഗിക പീഡന വിരുദ്ധ നിയമങ്ങള്‍ (POSH) കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുമുണ്ട്.

കണ്ടെത്തലുകൾ

ലഭ്യമായ വിവരങ്ങള്‍, എഫ്.ഐ.ആറുകള്‍, കോടതി നടപടികള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രധാന നിരീക്ഷണങ്ങള്‍ താഴെ നല്‍കുന്നു:

വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പ്രകാരം, ഈ കേസിന്റെ പ്രധാന ഉള്ളടക്കം ജോലിസ്ഥലത്തെ മോശം പെരുമാറ്റവും ലൈംഗിക പീഡനവുമാണ്. ജോലിസ്ഥലത്തെ പല വ്യക്തികള്‍ ഉള്‍പ്പെട്ടതും കാലക്രമേണ നടന്നതുമായ സംഭവങ്ങളാണ് പരാതികളില്‍ ഉള്ളത്. എങ്കിലും, ഈ ആരോപണങ്ങളിലെ സത്യസന്ധതയും തെളിവുകളും അന്വേഷണത്തിലൂടെയും കോടതി നടപടികളിലൂടെയും മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ.

തങ്ങളുടെ മതവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ചില പരാതിക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇതൊരു സംഘടിതമോ ആസൂത്രിതമോ ആയ മതപരിവര്‍ത്തന നീക്കമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ല. ഓരോ പരാതിയും അതിന്റെ വസ്തുതകള്‍ അനുസരിച്ച് സ്വതന്ത്രമായാണ് പോലീസ് അന്വേഷിക്കുന്നത്.

ഔദ്യോഗിക രേഖകളിലെ ആരോപണങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വസ്തുതാപരമായ വാര്‍ത്തകള്‍ക്കപ്പുറം, ഇതൊരു വലിയ ഗൂഢാലോചനയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം തെളിവില്ലാത്ത പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.

ജോലിസ്ഥലത്തെ പീഡനങ്ങളെക്കുറിച്ചും പരാതികള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയെക്കുറിച്ചും ഇരകള്‍ പറയുന്നു. എന്നാല്‍, പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് തങ്ങള്‍ക്ക് ആഭ്യന്തരമായി അത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളും അവ പരാതിപ്പെടാനുള്ള സംവിധാനങ്ങളും തമ്മിലുളള ഈ അകലത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

പ്രതികളുടെ ബന്ധുക്കളും വക്കീലന്മാരും ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അവരുടെ വാദം. പരസ്പരവിരുദ്ധമായ ഈ രണ്ട് പക്ഷങ്ങളില്‍ ഏതാണ് ശരിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയാണ് തീരുമാനിക്കേണ്ടത്.

നിര്‍ദ്ദേശങ്ങള്‍

അന്വേഷണവും നിയമപരമായ നിര്‍ദ്ദേശങ്ങളും

തെളിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: പ്രത്യേക അന്വേഷണ സംഘം പുറത്തുള്ള പ്രചരണങ്ങളില്‍ സ്വാധീനിക്കപ്പെടാതെ, തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിഷ്പക്ഷമായ അന്വേഷണം നടത്തണം.

അതിശയോക്തിപരമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കുക: ഔദ്യോഗികമായ കുറ്റാരോപണങ്ങളെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന 'കോര്‍പ്പറേറ്റ് ജിഹാദ്' പോലുള്ള തെളിവില്ലാത്ത പദപ്രയോഗങ്ങളെയും കൃത്യമായി വേര്‍തിരിച്ചു കാണാന്‍ അധികാരികള്‍ തയ്യാറാകണം.

നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക: നീതിപൂര്‍വ്വമായ വിചാരണ ഉറപ്പാക്കുന്നതിനായി എല്ലാ കക്ഷികളുടെയും നിയമപരമായ അവകാശങ്ങള്‍ (മുന്‍കൂര്‍ ജാമ്യത്തിനുള്ള അവകാശം ഉള്‍പ്പെടെ) സംരക്ഷിക്കപ്പെടണം.

സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍

പരാതി പരിഹാര സംവിധാനം പരിശോധിക്കുക: മേലധികാരികളോട് നേരിട്ട് പറഞ്ഞ പരാതികള്‍ എന്തുകൊണ്ട് ഔദ്യോഗികമായ പരാതി പരിഹാര സെല്ലുകളില്‍ (POSH) എത്തിയില്ല എന്നതിനെക്കുറിച്ച് സ്വതന്ത്രമായ ഓഡിറ്റ് നടത്തണം.

മേലധികാരികളുടെ ഉത്തരവാദിത്തം: ജോലിസ്ഥലത്തെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ട്രെയിനര്‍മാരെയും ടീം ലീഡര്‍മാരെയും കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണം.

കൃത്യമായ വിവരങ്ങള്‍ നല്‍കുക: ജീവനക്കാരുടെ തസ്തികകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കരുത്. നിദ ഖാന്‍ ഒരു എച്ച്.ആര്‍ മാനേജര്‍ അല്ലായിരുന്നുവെന്നും അവര്‍ 'പ്രോസസ് അസോസിയേറ്റ്' ആയിരുന്നുവെന്നും മാധ്യമങ്ങളും സ്ഥാപനങ്ങളും ഉറപ്പുവരുത്തണം.

സാമൂഹിക നടപടികള്‍

വര്‍ഗീയത തടയുക: 'ഖരാട്ട് ബാബ' കേസ് പോലുള്ള മറ്റ് പ്രാദേശിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ഈ കേസിനെ മതപരമായ ഭിന്നതയുണ്ടാക്കാന്‍ ഉപയോഗിക്കുന്നില്ലെന്ന് പ്രാദേശിക നേതാക്കള്‍ ഉറപ്പാക്കണം.

POSH ഓഡിറ്റ്: ഐ.ടി ജീവനക്കാര്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഈ മേഖലയില്‍ പൊതുവായ പരിശോധന നടത്തണം.

മാധ്യമങ്ങളുടെ ഉത്തരവാദിത്തം: അന്വേഷണത്തില്‍ തെളിയുന്നതിന് മുമ്പ് തന്നെ പ്രതികളെ മുഖ്യ സൂത്രധാര Mastermind എന്ന് വിളിക്കുന്ന രീതി മാധ്യമങ്ങള്‍ ഒഴിവാക്കണം.

ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഷ്പക്ഷമായ ഒരു റിപ്പോര്‍ട്ടാണിത്. ഇതിലെ കണ്ടെത്തലുകള്‍ പ്രാഥമികമാണ്. അന്വേഷണത്തിലും കോടതി നടപടികളിലും വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാം.


TAGS :

Next Story