Quantcast

പേരറിവാളനായി ഒരു സങ്കടഹരജി

അറസ്റ്റിലാകുമ്പോള്‍ 19 കാരനായിരുന്ന, ഇപ്പോള്‍ 50 പിന്നിട്ട പേരറിവാളന്‍ വൃക്കരോഗിയാണ്.

MediaOne Logo
പേരറിവാളനായി ഒരു സങ്കടഹരജി
X

1991 ജൂണ്‍ 11നാണ് അറിവ് എന്ന എ.ജി പേരറിവാളനെ സി.ബി.ഐ കസ്റ്റഡിയിലെടുക്കുന്നത്. മൂന്ന് ദശകത്തിലേറെയായി അറിവ് കസ്റ്റഡിയില്‍ത്തന്നെയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസില്‍ പങ്കാരോപിക്കപ്പെട്ട് 18ാം പ്രതിയായി ശിക്ഷിക്കപ്പെട്ടയാളാണ്, വധശിക്ഷ കാത്തിരിക്കുന്നയാളാണ്, അറിവ്. മൂന്ന് ദശകമായി പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍ മകന്റെ മോചനത്തിനായി കിണഞ്ഞ് പരിശ്രമിക്കയാണ്. അറസ്റ്റിലാകുമ്പോള്‍ 19 കാരനായിരുന്ന, ഇപ്പോള്‍ 50 പിന്നിട്ട പേരറിവാളന്‍ വൃക്കരോഗിയാണ്. കടുത്ത ജാമ്യവ്യവസ്ഥയില്‍ ആരെയും കാണാനോ വീട്ടില്‍ നിന്നു പുറത്തിറങ്ങുവാനോ കഴിയാതെ വീട്ടുതടങ്കലിലെന്ന പോലെ കഴിയുകയാണയാള്‍. വൃക്കരോഗത്തിന് ചികിത്സ തേടുന്ന അറിവിനെ വിവാഹം കഴിപ്പിക്കണമെന്ന കലശലായ ആഗ്രഹമുണ്ട് അമ്മ അര്‍പ്പുതാമ്മാളിന്.

1991 മെയ് 21ന് രാജീവ്ഗാന്ധി കൊല്ലപ്പെട്ടു. പേരറിവാളനെന്ന ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ യുവാവിനെ ചെന്നൈയില്‍ ജോലിസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തു. ബെല്‍റ്റ് ബോംബില്‍ ഘടിപ്പിക്കാനായി രണ്ടു സാധാരണ, ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ ചെന്നൈയിലെ ഒരു കടയില്‍ നിന്നു വാങ്ങി ശിവരശന് നല്‍കിയെന്ന് പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു. തെളിവായി അന്വേഷണസംഘം അതിന്റെ ബില്ലും ഹാജരാക്കി! മൊഴി രേഖപ്പെടുത്തിയത് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എസ്.പിയായിരുന്ന വി ത്യാഗരാജന്‍. തമിഴ്നാട്ടില്‍ ഇദംപ്രഥമമായി ടാഡ ചുമത്തിയ കുറ്റകൃത്യമാണ് രാജീവ് വധക്കേസ്. ടാഡാ നിയമപ്രകാരം, കോടതിയില്‍ ഹാജരാക്കാതെ തന്നെ 60 ദിവസം വരെ ആരെയും കസ്റ്റഡിയില്‍ വയ്ക്കാം. പൊലിസ് കസ്റ്റഡിയില്‍ സൂപ്രണ്ട് മുതല്‍ മുകളിലേക്കുള്ള ഏതു പൊലിസുദ്യോഗസ്ഥനു മുമ്പാകെയും പ്രതികള്‍ നല്‍കുന്ന കുറ്റസമ്മതമൊഴി കോടതിയില്‍ തെളിവായി സ്വീകരിക്കും. പേരറിവാളന് വിനയായതും അതേ വ്യവസ്ഥയാണ്.

ദിവസവും സമയവും മുന്‍കൂട്ടി തീരുമാനിച്ച് നിയമാനുസൃതം നടത്തുന്ന കൊലപാതകത്തില്‍ കുറഞ്ഞൊന്നുമല്ല വധശിക്ഷയെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞിട്ടുണ്ട്. രാജീവ്ഗാന്ധി വധക്കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മൂന്നു പ്രതികളുടെ-മുരുകന്‍, ശാന്തന്‍, പേരറിവാളന്‍-ദയാഹരജികള്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തള്ളിക്കളഞ്ഞത് 2011 ജൂലൈയിലാണ്. പ്രത്യേക കോടതിയും സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചും ദേശരാഷ്ട്രത്തിന്റെ ഉന്നതാധിപയും എല്‍.ടി.ടി.ഇയുടെ പ്രതികാരപരമായ നടപടിയെ ഒരു കൊലപാതകക്കേസിന്റെ തെളിവുനിയമം അടിസ്ഥാനമാക്കി നിരൂപിക്കേണ്ടതിനു പകരം ഇന്ത്യന്‍ ദേശാഭിമാനപരതയുടെ അതിവൈകാരികതയില്‍ വിധിച്ചു.

മൂന്നുപേരുടെയും വധശിക്ഷയ്ക്കു നാള്‍ കുറിച്ചു-2011 സപ്തംബര്‍ ഒമ്പത്. ഇതില്‍ മനംനൊന്ത് 2011 ആഗസ്ത് 29 ന് കാഞ്ചീപുരത്ത് ജില്ലാ കലക്ടറുടെ ഓഫിസിനു മുന്നില്‍ ഇരുപതുകാരിയായ സെങ്കൊടി എന്ന പെണ്‍കൊടി ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മാഹുതി ചെയ്തു. തമിഴ് ദേശീയവാദത്തിന്റെ പേരിലുള്ള അതിവൈകാരികതയെന്ന് എഴുതിത്തള്ളിയ ആ ആത്മാഹുതി നീതിരാഹിത്യത്തോടുള്ള ഒരു ജനതയുടെ രണ്ടു ദശകത്തെ സഹജപ്രതികരണങ്ങളെ പ്രതീകവല്‍ക്കരിച്ചു. പല സാങ്കേതികതകളിലും പെട്ട് വധശിക്ഷ നീണ്ടുപോയി.



സി.ബി.ഐ. കൊച്ചി യൂനിറ്റിന്റെ മേധാവിയായിരിക്കെ, അഭയാ കേസ് എഴുതിത്തള്ളണമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസിനെ നിര്‍ബന്ധിച്ചയാളാണു വി ത്യാഗരാജന്‍. അതിന്റെ പേരില്‍ വര്‍ഗീസ് പി തോമസ് സര്‍വീസില്‍നിന്നു രാജിവച്ച് അഭിഭാഷകവൃത്തി തുടങ്ങി. ത്യാഗരാജന്‍ തന്നെ ഭീകരമായി മര്‍ദടിച്ചാണ് മൊഴിയെടുത്തതെന്ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പേരറിവാളന്‍ എഴുതിയ, 'കൊലക്കയറിനു മുന്നില്‍നിന്നൊരു നിവേദനം' എന്ന പുസ്തകത്തില്‍ പറയുന്നു.

'രാജീവ് ഗാന്ധി വധം: ഒരു കുറ്റാന്വേഷണം' എന്ന പുസ്തകത്തില്‍ പ്രത്യേക അന്വേഷണസംഘം മേധാവി ഡി.ആര്‍ കാര്‍ത്തികേയനും സഹഗ്രന്ഥകാരനും ഡി.ഐ.ജിയുമായിരുന്ന രാധാ വിനോദ് രാജുവും തയ്യാറാക്കിയ എല്‍.ടി.ടി.ഇ പ്രവര്‍ത്തന ചാര്‍ട്ട് പ്രകാരം, ഏറ്റവും ഒടുവിലായി ആറാമത്തെ ശ്രേണിയിലാണ് എല്‍.ടി.ടി.ഇ സഹായിയെന്നു പറയുന്ന പേരറിവാളനെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പൂനമല്ലി പ്രത്യേക ടാഡാ കോടതി ജഡ്ജി ആര്‍ നവനീതം 26 പ്രതികള്‍ക്കും വധശിക്ഷയാണു വിധിച്ചത്. പിന്നീട് സുപ്രിംകോടതിയാണ് നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവച്ചതും റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചതും മറ്റുള്ളവര്‍ക്കു തടവില്‍ക്കിടന്ന കാലം ശിക്ഷ നല്‍കി വിട്ടയച്ചതും. റിവ്യൂ ഹരജിയില്‍ നളിനിക്കും ജീവപര്യന്തമായി ശിക്ഷ കുറച്ചുകിട്ടി.

ടാഡയുടെ മൂന്ന്, നാല് വകുപ്പുകള്‍പ്രകാരമുള്ള ഭീകരകൃത്യമോ വിഘടനപ്രവര്‍ത്തനമോ ആയി രാജീവ് വധത്തെ കാണാനാവില്ലെന്നാണു മൂന്നംഗ സുപ്രിംകോടതി ബെഞ്ച് അപ്പീല്‍ വിധിയില്‍ നിരീക്ഷിച്ചത്. അന്നത്തെ ഒരു ബെഞ്ചംഗമായ ജസ്റ്റിസ് കെ ടി തോമസ്, ഇത്രയും വര്‍ഷത്തിനുശേഷം ഇനിയും തൂക്കിക്കൊലയെന്നു പറയുന്നത് ഇരട്ടശിക്ഷയെന്ന തെറ്റായ വഴക്കമാണെന്ന് പറയുന്നു.

രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം മൂന്നുമാസം തികയാറായ 1991 ആഗസ്ത് 18ന് രാത്രി ബാംഗ്ലൂരിലെ കൊനാനക്കുണ്ടേയില്‍ മുഖ്യപ്രതികളായ ശിവരശന്‍, ശുഭ എന്നിവരടക്കം ഏഴുപേരുടെ ഒളിത്താവളം വളഞ്ഞ പ്രത്യേക അന്വേഷണസംഘം കരിമ്പൂച്ച കമാന്‍ഡോകളോടൊപ്പം രണ്ടു രാത്രിയും ഒരു പകലും ഡല്‍ഹിയില്‍നിന്നു വരേണ്ട സി.ബി.ഐ. ഡയറക്ടര്‍ വിജയ് കരണിനായി അവിടെ കാത്തുകിടന്നു. നിരവധി പൊലിസ് വാഹനങ്ങളും ദൂരദര്‍ശന്‍ കാമറാ ടീമും തിങ്ങിക്കൂടിയ ജനങ്ങളും ബഹളവുമായി തിന്നും കുടിച്ചും പ്രത്യേകാന്വേഷണ സംഘം സമയം പോക്കി. രാജീവ്ഗാന്ധിയുടെ ജന്മദിനമായ 20 ന് വെളുപ്പിന് ആറുമണിക്ക് കരിമ്പൂച്ച കമാന്‍ഡോകള്‍ ഇരച്ചുകയറിയപ്പോഴേക്കും ഏഴുപേരും ജഡങ്ങളായിക്കഴിഞ്ഞിരുന്നു. മനഃപൂര്‍വമായ ഈ 'അബദ്ധം' ഇന്നോളം യുക്തിഭദ്രമായി വിശദീകരിക്കപ്പെട്ടിട്ടില്ല. പ്രത്യേക അന്വേഷണസംഘം മേധാവി ഡി ആര്‍ കാര്‍ത്തികേയന്‍ ട്രാക്കിങ് ടീം മേധാവി രാധാവിനോദ് രാജുവുമായി ചേര്‍ന്ന് എഴുതിയ പുസ്തകത്തില്‍ പറഞ്ഞു: 'ഞങ്ങളുടെ തീരുമാനത്തിനു വിട്ടിരുന്നുവെങ്കില്‍ 18 ാം തിയ്യതി തന്നെ ഞങ്ങള്‍ ഇരച്ചുകയറുമായിരുന്നു'. ദുരൂഹമായ തീരുമാനം ഡല്‍ഹിയുടേതായിരുന്നു.

പൂനമല്ലിയിലെ പ്രത്യേക കോടതിയില്‍ 67 ദിവസം സാക്ഷിക്കൂട്ടില്‍ നിന്ന മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ കെ രഘൂത്തമന്‍ എഴുതിയ 'രാജീവ് വധക്കേസിലെ ഗൂഢാലോചന' എന്ന പുസ്തകത്തില്‍, ബെല്‍റ്റ് ബോംബ് സംയോജിപ്പിച്ച കൃത്യം കുരുക്കഴിക്കാനാവാത്ത പ്രശ്നമായാണ് ഏറ്റുപറയുന്നത്. സംഭവസ്ഥലത്തു നിന്നെടുത്ത വീഡിയോ ഫൂട്ടേജുകള്‍ അന്നത്തെ ദേശീയ സുരക്ഷാവിഭാഗം തലവനായ എം.കെ നാരായണന്‍ കൈക്കലാക്കി ഒളിപ്പിച്ചതായി രഘൂത്തമന്‍ ആരോപണമുന്നയിച്ചിരുന്നു. ജസ്റ്റിസ് ജെ.എസ് വര്‍മ 1992ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷാസംവിധാനം അലങ്കോലമാക്കിയെന്ന് ആരോപിച്ചു. ജസ്റ്റിസ് എം.സി ജെയിന്‍ കമീഷന്‍ കുപ്രസിദ്ധനായ ചന്ദ്രസ്വാമിയെ സംശയത്തില്‍ നിര്‍ത്തി. രാജീവ്ഗാന്ധി വധക്കേസില്‍ തുടര്‍ന്നു രൂപീകരിച്ച ബഹുതല നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. സോണിയാഗാന്ധി പോലും രാജീവ് വധക്കേസിലെ പ്രതികളെ തൂക്കിലേറ്റരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ചു.

പിന്നീട് പുറത്തുവന്ന ഒരു ഡോക്യുമെന്ററിയില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എസ്.പിയായിരുന്ന വി ത്യാഗരാജന്‍ നടത്തിയ, ബാറ്ററി നല്‍കിയത് ബെല്‍റ്റ് ബോംബില്‍ ഘടിപ്പിക്കാനായിരുന്നുവെന്ന് പേരറിവാളന്‍ പറഞ്ഞിരുന്നില്ലെന്നും മൊഴിയില്‍ താന്‍ എഴുതിച്ചേര്‍ത്തതായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ബാറ്ററി നല്‍കിയെന്നു മാത്രം മൊഴി രേഖപ്പെടുത്തിയാല്‍ പ്രത്യേക ടാഡാ കോടതിയില്‍ കേസ് തകര്‍ന്നുപോവാന്‍ സാധ്യതയുള്ളതിനാലായിരുന്നു മൊഴി മാറ്റിയതെന്നും ത്യാഗരാജന്‍ പശ്ചാത്തപിക്കുന്നുണ്ട്. പോലിസുദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ കഴിയുന്ന വിധേയ പ്രതികളില്‍ നിന്നു ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന മൊഴികള്‍ സ്വീകാര്യമാവുന്ന കരിനിയമങ്ങളുടെ ഭീകരതയും അത്തരം തെളിവുമൂല്യങ്ങളുടെ പൊള്ളത്തരവുമാണ് ത്യാഗരാജന്റെ വൈകിയ വെളിപ്പെടുത്തലിലൂടെ തെളിയുന്നത്.

ഇതിനകം മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള രാജീവ് വധക്കേസിലെ പ്രതികള്‍ ആറുപേര്‍ വിചാരണത്തടവും ശിക്ഷയുമായി 30 വര്‍ഷത്തിലേറെയാണു ജയിലില്‍ക്കഴിഞ്ഞത്. രാജീവ്ഗാന്ധി വധക്കേസില്‍ ആകെ പ്രതികള്‍ 41. മനുഷ്യബോംബ് തനുവും എല്‍.ടി.ടി.ഇ ഫോട്ടോഗ്രാഫര്‍ ഹരിബാബുവും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് ശ്രീലങ്കയില്‍ കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ തലവന്‍ പ്രഭാകരന്‍, ഇന്റജിലന്‍സ് വിഭാഗം തലവന്‍ പൊട്ടുഅമ്മന്‍, വനിതാ ഇന്റജിലന്‍സ് വിഭാഗം ഡപ്യൂട്ടി മേധാവി അഖില എന്നീ മൂന്നുപേര്‍ അന്നു പിടികിട്ടാപ്പുള്ളികളായി ശ്രീലങ്കയില്‍. പത്തുപേര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തിരച്ചിലിനിടെ സയനൈഡ് ഗുളികകള്‍ തിന്ന് ആത്മഹത്യ ചെയ്തു. അരശന്‍, കുളത്തന്‍ തുടങ്ങിയ ചെറുപ്പക്കാരടക്കം പ്രതികളല്ലാത്ത വേറെ ഒന്നരഡസന്‍ ആളുകളും ട്രാക്കിങ് ടീമിന്റെ കാടിളക്കിയ തിരച്ചിലില്‍ സയനൈഡ് ഗുളികകള്‍ ഭക്ഷിച്ചു മരിച്ചു. തമിഴ്നാട് പൊലിസില്‍ കീഴടങ്ങിയ പ്രതിയല്ലാത്ത ഒരാള്‍ - ഷണ്മുഖം - പ്രത്യേകാന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണു മരിച്ചത്. ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ കുറ്റാന്വേഷണസംഘത്തിന്റെ പിടിയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഷണ്മുഖം മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചെന്നാണു പൊലിസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസ്, 'ആത്മഹത്യയോ കസ്റ്റഡിമരണമോ' എന്ന റിപ്പോര്‍ട്ടില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിശിതമായി വിമര്‍ശിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രത്യേക അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി.



പേരറിവാളനെന്ന ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ 19 കാരന്‍ യുവാവിനെ അയാള്‍ ജോലിനോക്കുന്ന സ്ഥാപനത്തില്‍ വച്ചു മാതാപിതാക്കളാണ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. ചോദ്യം ചെയ്തു പിറ്റേന്ന് വിട്ടയക്കാമെന്നാണു പറഞ്ഞിരുന്നത്. വി ത്യാഗരാജനാണ് പ്രത്യേക അന്വേഷണസംഘത്തിലെ അന്നത്തെ എസ്.പിമാരിലൊരാള്‍. ത്യാഗരാജന്‍ തന്നെ ഭീകരമായി മര്‍ദിച്ചാണ് മൊഴിയെടുത്തതെന്ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അറിവെഴുതുന്നു. ട്രാക്കിങ് ടീം മേധാവി ഡി.ഐ.ജി മലയാളിയായ രാധാവിനോദ് രാജുവിനെതിരേയും അറിവ് ആരോപണം ഉന്നയിക്കുന്നുണ്ട്. മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി കെ രഘൂത്തമനും പ്രത്യേകാന്വേഷണ സംഘത്തിലെ പല ഉദ്യോഗസ്ഥരും 'മല്ലിഗൈ' എന്ന അവരുടെ ഓഫിസും പീഡനത്തിന് കുപ്രസിദ്ധമായിരുന്നെന്നാണ് അറിവ് പറയുന്നത്.

സംഭവം നടന്ന സമയം, 1991 മെയ് 21ന് രാത്രി 10.20ന് പേരറിവാളന്‍ ചെന്നൈയില്‍ ഒരു തിയേറ്ററില്‍ സിനിമ കാണുകയായിരുവെന്ന് പൊലിസ് തന്നെ പറയുന്നു. പേരറിവാളനെ കൊലക്കയറിനു പാകമായ കഴുത്തുള്ള പ്രതിസ്ഥാനത്തവരോധിച്ചത് അയാളുടെ വിദ്യാഭ്യാസ പശ്ചാത്തലമായിരുന്നു. ടോഗ്ള്‍ സ്വിച്ചുകളും ഡിറ്റൊണേറ്ററും ബാറ്ററിയും ബെല്‍റ്റില്‍ ഇണക്കിച്ചേര്‍ത്തത് അയാളാണെന്ന് പ്രത്യേകാന്വേഷണ സംഘം നിരൂപിച്ചത് അതാദ്യമേ അങ്ങനെ തീരുമാനിച്ചിരുന്നതു കൊണ്ടാണെന്ന് പേരറിവാളന്‍ പറയുന്നു. അറസ്റ്റ് ചെയ്ത് 'മല്ലിഗൈ'യില്‍ കൊണ്ടുവന്നപ്പോള്‍ത്തന്നെ പേരും വിദ്യാഭ്യാസയോഗ്യതയും ചോദിച്ച ഡി.ഐ.ജി രാധാ വിനോദ് രാജുവിനോട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയയാളാണ് താനെന്നു പറഞ്ഞപ്പോള്‍, 'നീയാണല്ലേ ബോംബുണ്ടാക്കിയതെന്ന്' അയാള്‍ ചോദിച്ചത്രെ. ബാറ്ററി വാങ്ങി നല്‍കിയെന്നത് സമ്മതിച്ചാല്‍പ്പോലും അതീവനിഗൂഢമായി നടത്തിയ രാജീവ് വധത്തിനായിട്ടാണ് അത് വാങ്ങിയതെന്ന് അറിവിനറിയാമായിരുന്നുവെന്നതിന് മൊഴിയല്ലാതെ വേറെ തെളിവില്ല. ശിവരശന്‍, ശുഭ, തനു എന്നിവരില്‍ മാത്രമൊതുങ്ങിയ രഹസ്യമായിരുന്നു രാജീവ് വധ ഗൂഢാലോചനയെന്നാണ് എല്ലാ പ്രോസിക്യൂഷന്‍ തെളിവുകളും. നളിനി പോലും സംഭവദിവസമാണ് ഗൂഢാലോചനയുടെ ഇര രാജീവ്ഗാന്ധിയാണെന്നറിയുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു.

മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. രഘൂത്തമന്‍ എഴുതിയ 'രാജീവ് വധക്കേസിലെ ഗൂഢാലോചന' എന്ന പുസ്തകത്തില്‍ പറയുന്നതാവട്ടെ, രണ്ടു കാര്യങ്ങള്‍ ഇപ്പോഴും അന്വേഷണ സംഘത്തിനറിയില്ലെന്നാണ്. ബെല്‍റ്റ് ബോംബ് കൂട്ടിയോജിപ്പിക്കുകയെന്ന നിര്‍ണായക കൃത്യം ആരാണ് ചെയ്തതെന്ന് കുരുക്കഴിച്ചെടുക്കുന്നതില്‍ പ്രത്യേകാന്വേഷണ സംഘം പരാജയപ്പെട്ടുവെന്നതാണ് ഒന്ന്. ശ്രീപെരുമ്പത്തൂരില്‍ തനു ബെല്‍റ്റ്ബോംബിലെ ഒന്നാമത്തെ ടോഗ്ള്‍ സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് ശിവരശനു മാറിപ്പോവാന്‍ ആംഗ്യം നല്‍കി ചന്ദനമാലയുമായി രാജീവ്ഗാന്ധിയെ കുനിഞ്ഞു വണങ്ങിയതിനു ശേഷം സ്ഫോടനം സൃഷ്ടിച്ചപ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപമെത്തിയ ശിവരശനും ശുഭയും പരവശരായി ഓടി ഒരു സ്ത്രീയില്‍നിന്നു വെള്ളംവാങ്ങി കുടിച്ച് നാല് ഓട്ടോറിക്ഷകള്‍ മാറിമാറിക്കയറി ചെന്നൈയിലെത്തി. മൂന്നാമതൊരാള്‍ കൂടി ആ ഓട്ടോയാത്രകളിലുണ്ടായിരുന്നുവത്രെ. നളിനിയായിരുന്നു അതെന്നത് ഒരു നിഗമനം മാത്രമാണ്. അത് തെളിയിക്കാന്‍ പോലിസിനു കഴിഞ്ഞിട്ടില്ലെന്നതാണ് രണ്ടാമത്തെ കാര്യം.



രാജീവ് വധക്കേസില്‍ നിര്‍ണായക തെളിവുകളെന്നു പറയുന്നത് ശ്രീലങ്കയ്ക്കും ഇന്ത്യക്കുമിടയില്‍ എല്‍.ടി.ടി.ഇ ഹാം റേഡിയോ തരംഗങ്ങളില്‍ നടത്തിയ ആല്‍ഫാ ന്യൂമറിക് വയര്‍ലെസ് സന്ദേശങ്ങളായിരുന്നു. അത് ഡീകോഡ് ചെയ്താണ് തെളിവുകള്‍ കണ്ടെത്തിയത്. നിരവധി കോഡ്ഷീറ്റുകളുള്ള സന്ദേശങ്ങളിലൊന്നും അറിവിനെ പരാമര്‍ശിക്കുന്നില്ല. ഉന്നതര്‍ക്കു പോലുമറിയാത്ത പരമരഹസ്യമെന്നാണ് വയര്‍ലസ് സന്ദേശങ്ങളില്‍ രാജീവ്വധ ഗൂഢാലോചന പരാമര്‍ശിക്കപ്പെടുന്നത്. ശുഭ, തനു, ശിവരശന്‍ എന്നിവര്‍ക്ക് മാത്രമറിയാവുന്ന രഹസ്യമെന്നാണ് 1991 മെയ് ഏഴിന് എല്‍.ടി.ടി.ഇ ഇന്റലിജന്‍സ് വിഭാഗം മേധാവി പൊട്ടുഅമ്മന് ശിവരശനയച്ച വയര്‍ലെസ് സന്ദേശം. ബാറ്ററി വാങ്ങിയത് അതിന് മുമ്പാണെന്നാണ് കേസ്. ഗൂഢാലോചനയില്‍ പങ്കില്ലെന്നാണതില്‍ നിന്ന് വ്യക്തമാവുന്നതെന്ന് അറിവ് പറയുന്നു. ടാഡ നിയമം പ്രതികള്‍ക്കെതിരേ നിലനില്‍ക്കത്തക്കതല്ലെന്നു സുപ്രിംകോടതി മൂന്നംഗ ബെഞ്ച് വിധിപറഞ്ഞ കേസില്‍ അതേ നിയമമനുസരിച്ച് പൊലിസിനു മുമ്പാകെ നല്‍കിയ മൊഴി അടിസ്ഥാനമാക്കി വധശിക്ഷ വിധിക്കുകയായിരുന്നുവെന്ന വൈരുധ്യം ഈ കേസിലുണ്ട്.

തമിഴ്നാട് നിയമസഭ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നു പ്രമേയം പാസാക്കിയിരുന്നു. ചെന്നൈ ഹൈക്കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. ഇതൊന്നും തൂക്കിക്കൊല ഒഴിവാക്കാന്‍ പര്യാപ്തമല്ല. തന്റെ യുവത്വം മുഴുവന്‍ തടവറയില്‍ ഹോമിച്ച നീതിസംവിധാനത്തെ താന്‍ സംശയിക്കുന്നുവെന്നാണ് 19 ാം വയസ്സില്‍ ജയിലില്‍പോയ, ഇന്നിപ്പോള്‍ 50കാരനായ അറിവ് എ എ.ജി. പേരറിവാളന്‍ ജയിലില്‍ നിന്നു നല്‍കിയ ഒരഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞത്. ബാറ്ററി വാങ്ങിയതിനു വധശിക്ഷ വിധിക്കു നീതിയെ താന്‍ അവിശ്വസിക്കുന്നുവെന്നും പേരറിവാളന്‍ പറയുന്നു. രാജീവ്ഗാന്ധി വധക്കേസില്‍ 18 ാം പ്രതിയായിരുന്ന, തമിഴ്നാട് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 13906 ാം നമ്പര്‍ തടവുകാരന്‍, ഇപ്പോള്‍ കടുത്ത ജാമ്യവ്യവസ്ഥയാലും വൃക്കരോഗത്താലും അവശനായ പേരറിവാളന്‍ ഇന്ത്യന്‍ നീതിസംവിധാനത്തിന്റെ ചിഹ്നവിജ്ഞാനീയത്തിലൊരു പ്രതീകമായി ഉരുവപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുഖ്യപ്രതികളല്ലാത്ത, 30 വര്‍ഷത്തിലേറെ തടവനുഭവിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ തൂക്കിലേറ്റുന്നതിലൂടെ ഇനിയെന്തു നീതിയാണ് നിവര്‍ത്തിക്കപ്പെടുക എന്ന സംഗതമായ ചോദ്യമാണ് സമൂഹമനസ്സാക്ഷി ഉന്നയിക്കേണ്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ മാത്രം നല്‍കേണ്ട വധശിക്ഷ മുഖ്യപ്രതികളല്ലാത്ത മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് നല്‍കുമ്പോള്‍ നിയമം തന്നെയാണ് തൂക്കിലേറ്റപ്പെടുക.

TAGS :

Next Story