Quantcast

മുഅല്ലഖാത്: പ്രാചീന അറബി സാഹിത്യത്തിന്റെ ഉദാത്ത സ്മാരകങ്ങൾ

അറബി സാഹിത്യചരിത്രത്തിലെ സുവർണ അധ്യായമാണ് മുഅല്ലഖാത്തുകൾ. ഇസ്‌ലാമിനു മുൻപുള്ള ജാഹിലിയ്യാ കാലഘട്ടത്തിലെ (Pre-Islamic Era) ഗ്രാമീണ ജീവിതത്തിന്റെ ആത്മാവും, അറബി ഭാഷയുടെ അവാച്യമായ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ഈ ദീർഘകവിതകൾ ഇന്നും സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തുന്നു. 'തൂക്കിയവ' എന്നർത്ഥം വരുന്ന മുഅല്ലഖാത് എന്ന പേര്, ഈ കവിതകൾ കഅ്ബയുടെ മതിലുകളിൽ സ്വർണലിപികളിൽ തൂക്കിയിട്ടിരുന്നു എന്ന ഐതിഹ്യത്തിൽ നിന്നാണ് ഉത്ഭവിച്ചത്

MediaOne Logo
മുഅല്ലഖാത്: പ്രാചീന അറബി സാഹിത്യത്തിന്റെ ഉദാത്ത സ്മാരകങ്ങൾ
X

അറബി സാഹിത്യചരിത്രത്തിലെ സുവർണ അധ്യായമാണ് മുഅല്ലഖാത്തുകൾ. ഇസ്‌ലാമിനു മുൻപുള്ള ജാഹിലിയ്യാ കാലഘട്ടത്തിലെ (Pre-Islamic Era) ഗ്രാമീണ ജീവിതത്തിന്റെ ആത്മാവും, അറബി ഭാഷയുടെ അവാച്യമായ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ഈ ദീർഘകവിതകൾ ഇന്നും സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തുന്നു. 'തൂക്കിയവ' എന്നർത്ഥം വരുന്ന മുഅല്ലഖാത് എന്ന പേര്, ഈ കവിതകൾ കഅ്ബയുടെ മതിലുകളിൽ സ്വർണലിപികളിൽ തൂക്കിയിട്ടിരുന്നു എന്ന ഐതിഹ്യത്തിൽ നിന്നാണ് ഉത്ഭവിച്ചത്. എന്നാൽ, ഈ കവിതകളുടെ കാവ്യഗുണവും ഭാഷാപരമായ കരുത്തുമാണ് അവയെ ചരിത്രത്തിന്റെ സ്മൃതിപഥത്തിൽ ഇത്രയേറെ കാലം നിലനിർത്തിയത്. സാധാരണയായി ഏഴ് കവിതകളെയാണ് മുഅല്ലഖാത് സമാഹാരമായി കണക്കാക്കാറുള്ളതെങ്കിലും, ചില ചരിത്ര പണ്ഡിതന്മാർ ഈ പട്ടിക വികസിപ്പിച്ച് പത്ത് കവികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കവിതകളെല്ലാം വെറും വരികളല്ല; മറിച്ച് അക്കാലത്തെ സാമൂഹിക-സാംസ്കാരിക - വൈജ്ഞാനിക ജീവിതത്തിന്റെ ദർപ്പണമാണ്.

മുഅല്ലഖാതിന്റെ തുടക്കവും ഭാവപ്രപഞ്ചവും

മുഅല്ലഖാതിലെ ഓരോ കവിതയും തുടങ്ങുന്നത് വായനക്കാരനെ വിസ്മയത്തിന്റെയോ വിനഷ്ട പ്രണയത്തിൻ്റെയോ ലോകത്തേക്ക് നയിച്ചുകൊണ്ടാണ്. പ്രിയപ്പെട്ടവരുടെ ഓർമയിൽ വിങ്ങിപ്പൊട്ടുന്ന കാമുകന്റെ ഹൃദയനൊമ്പരങ്ങളിലൂടെയും ഉപേക്ഷിക്കപ്പെട്ട താവളങ്ങളിലെ (അത്‌ലാൽ) നിഴലുകളിൽ കാലം മായ്ക്കാത്ത പ്രണയത്തിന്റെ മുദ്രകൾ തേടുന്ന കാഴ്ചകളിലൂടെയുമാണ് അവ ആരംഭിക്കുന്നത്. കാവ്യലോകത്തെ ആ മഹാശില്പികളെയും അവരുടെ സൃഷ്ടികളെയും മനസ്സിലാക്കാൻ IZTLAAH (ഇംറുൽ ഖൈസ്, സുഹൈർ, ത്വറഫ, ലബീദ്, അംറ്, അന്തറ, ഹാരിസ്) എന്ന നിമോണിക്സ് പ്രയോജനപ്പെടുത്താം. ഇവർക്ക് പുറമെ അക്കാലത്തെ മറ്റ് പ്രധാന കവികളെ ANU (അഅ്ശാ, നാബിഗ, ഉബൈദ്) എന്നതിലൂടെയും ഓർമിക്കാം.

സപ്ത മുഅല്ലഖാതുകളുടെ ആമുഖ ഈരടികൾ

പ്രശസ്തമായ ഏഴ് മുഅല്ലഖാത്തുകളുടെയും ഹൃദയസ്പർശിയായ തുടക്കം താഴെ പറയുന്നവയാണ്:

1. ഇംറുൽ ഖൈസിന്റെ മുഅല്ലഖ

പ്രാക്-ഇസ്‌ലാമിക കവിതയുടെ രാജാവായി അറിയപ്പെടുന്ന ഇംറുൽ ഖൈസ്, മുഅല്ലഖാത് പാരമ്പര്യത്തിന്റെ അമരക്കാരനാണ്. പ്രണയത്തിന്റെ തീക്ഷ്ണതയും വിരഹത്തിന്റെ നൊമ്പരവും തന്റെ വരികളിൽ ഇത്രമേൽ ഭംഗിയായി ആവിഷ്കരിച്ച മറ്റൊരു കവിയില്ല. അദ്ദേഹത്തിന്റെ കവിതയുടെ തുടക്കം ഇങ്ങനെയാണ്:

'കാമുകിയുടെ ഓർമയിൽ കണ്ണ് തുളുമ്പൂ,

കാൽവെയ്‌ക്കൂ നാം ആ പാഴ്മണ്ണിൽ ചെന്ന്;

ദുഖൂലിനും ഹൗമലിനും ഇടയിലെ

സിഖ്തുലിവതൻ തിട്ടയിൽ കണ്ണിറങ്ങുന്നു!'

2. ത്വറഫ ബിൻ അൽ-അബ്ദ്

യുവത്വത്തിന്റെ ആവേശവും ജീവിതത്തിന്റെ അനിവാര്യമായ മരണത്തെക്കുറിച്ചുള്ള ദാർശനികമായ തിരിച്ചറിവും സമന്വയിപ്പിച്ച കവിയാണ് ത്വറഫ. ലളിതമായ ഭാഷയിൽ ഗൗരവമേറിയ ജീവിതസത്യങ്ങൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ കാവ്യത്തിന്റെ തുടക്കം:

'ഥംദിന്റെ മണ്ണിൽ ഖൗലതൻ വീടുകൾ,

കഷ്ടമതാകെത്തന്നെ മാഞ്ഞുപോയ്!

കൈപ്പുറത്തെത്തന്നെ പച്ചക്കുത്തുപോൽ

തെളിഞ്ഞു കാണുന്നു പാഴാമിടങ്ങൾ!'

3. സുഹൈർ ഇബ്നു അബീ സുൽമാ

സമാധാനത്തിന്റെ വക്താവായി അറിയപ്പെടുന്ന സുഹൈർ, വിവേകത്തിന്റെയും നൈതികതയുടെയും കവിയാണ്. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ഓർമിപ്പിക്കാനും രഞ്ജിപ്പിന്റെ പാതയിലേക്ക് ഗോത്രങ്ങളെ നയിക്കാനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ കവിതയുടെ തുടക്കം:

'മിണ്ടാതെയാകെത്തന്നെ നിൽക്കുന്നതാരോ,

ഉമ്മു ഔഫയുടെ പാഴ്നിലമല്ലയോ?

ദർറാജിൻ കോണിലും മുതഥല്ലമിലും

മായാതെ നിൽക്കുന്ന കാട്ടുതുണ്ടങ്ങളോ!'

4. ലബീദ് ഇബ്ന് റബീഅ

കാലത്തിന്റെ മാറ്റങ്ങളെയും ലോകത്തിന്റെ നശ്വരതയെയും ലബീദിനെപ്പോലെ മനോഹരമായി മറ്റാരും വർണ്ണിച്ചിട്ടില്ല. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചുള്ള ധ്യാനമാണ് അദ്ദേഹത്തിന്റെ കവിതകളുടെ കരുത്ത്. അദ്ദേഹത്തിന്റെ കവിതയുടെ തുടക്കം:

'ആൾപ്പാർപ്പില്ലാതെ വീടുകൾ മാഞ്ഞുപോയ്, കാടുകയറി

ജീർണ്ണിച്ചതുപോലെ;

മിനായും ഖൗലയും റിജാമും മാറി

വിജനമായിട്ടതാ ഇന്നെല്ലാം കിടപ്പതു!'

5. അന്തറ ഇബ്ന് ശദ്ദാദ്

വീരതയുടെയും പ്രണയത്തിന്റെയും പ്രതീകമാണ് അന്തറ. അടിമത്തത്തിൽ നിന്ന് വീരനായകനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്ര തന്നെ ഒരു കവിതയാണ്. തന്റെ പ്രിയതമയായ അബ്‌ലയോടുള്ള പ്രണയവും ഗോത്രത്തോടുള്ള കൂറും ആത്മാഭിമാനവും നിറഞ്ഞ അദ്ദേഹത്തിന്റെ കവിതയുടെ തുടക്കം:

'പാടിത്തീർത്തീലയോ കവികളെന്നെങ്കിലുമൊരു വരി?

പാഴ്‌നിലം കണ്ടു നീ വീണ്ടുമോർത്തോ പഴയൊരു പുര?

​അബ്‌ലയുടെ ഇല്ലമേ, ജിവായിൽ നിന്നു നീ സംസാരിക്കൂ!

അബ്‌ലയുടെ വാസമേ, നിത്യവും വാഴ്‌ക നീ നിർമ്മലയായി!'

6. അംറ് ഇബ്ന് കുൽഥൂം

ഗോത്രാഭിമാനത്തിന്റെ സിംഹഗർജനമാണ് അംറിന്റെ കവിതകൾ. നേതൃത്വബോധവും ഗോത്രമഹത്വവും അദ്ദേഹം തന്റെ വരികളിൽ സധൈര്യം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കവിതയുടെ ആമുഖം വായനക്കാരനിൽ ആവേശം നിറയ്ക്കുന്നതാണ്.

'പാനപാത്രവുമേന്തി നീ വേഗം വരേണം,

പ്രഭാത ലഹരിയാൽ ദാഹം ശമിപ്പിക്കാൻ;

അന്ദരീൻ വീഞ്ഞുകൾ ഒട്ടും കളയാതെ ആഹ്ലാദമായിട്ടെന്നെ ഉണർത്തീടണം!'

7. ഹാരിസ് ഇബ്ന് ഹില്ലിസ

ഗോത്രങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ നീതിക്കും പ്രതിരോധത്തിനും വേണ്ടി വാദിച്ച കവിയാണ് ഹാരിസ്. കവിതയെ ഒരു വാദപ്രതിവാദ വേദിയായി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. അദ്ദേഹത്തിന്റെ കവിതയുടെ തുടക്കം ഇങ്ങനെയാണ്:

'യാത്രയായ് നമ്മോടു ചൊല്ലിപ്പിരിഞ്ഞുപോയ്,

അസ്മായുമെങ്ങോട്ടോ യാത്രയായി;

കൂട്ടിരിക്കൽപോലും വെറുപ്പായി മാറുന്ന

കൂരിരുൾ കാലങ്ങൾ മാറിമറിഞ്ഞുപോയ്!'

മറ്റ് പ്രമുഖ കവികൾ

അൽ-അഅ്ശാ: സംഗീതാത്മകമായ ഭാഷയും ആഘോഷങ്ങളുടെയും മദ്യശാലകളുടെയും യാത്രകളുടെയും വർണ്ണനകളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.

അന്നാബിഗ അൽ-ദുബ്യാനി: മഹാകവി എന്നർത്ഥം വരുന്ന നാബിഗ, മുഅല്ലഖാത് പട്ടികയിലെ പ്രൗഢമായ ഒരു നാമമാണ്. അരമന കവിതകളിലും കൊട്ടാര- പ്രശംസാഗീതങ്ങളിലും അദ്ദേഹം അദ്വിതീയനായിരുന്നു. സാഹിത്യ പാരമ്പര്യത്തിൽ പലപ്പോഴും പരാമർശിക്കപ്പെടുന്ന നാബിഗകൾ (ഇദ്ദേഹത്തെ കൂടാതെ ജഅദി, ശൈബാനി എന്നിവരും വിവിധ കാലങ്ങളിൽ ജീവിച്ചിരുന്നവരാണ്) ഭാഷാപരമായ കൃത്യതയിലും അലങ്കാരങ്ങളിലും അതീവ ശ്രദ്ധ ചെലുത്തിയവരാണ് നാബിഗമാർ.

ഉബൈദ് ഇബ്ന് അൽ-അബ്രസ്: ലളിതമായ ശൈലിയും മരുഭൂമിജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളും ആവിഷ്കരിക്കുന്നതിൽ ഉബൈദ് ശ്രദ്ധേയനാണ്.

സാഹിത്യപരമായ വിലയിരുത്തൽ

മുഅല്ലഖാത്തുകൾ അറബി ഭാഷയുടെ അതിരുകളില്ലാത്ത വികാസത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ വശ്യത, താളബോധം, അലങ്കാരങ്ങളുടെ ഉപയോഗം എന്നിവയിൽ ഈ കവിതകൾ ഇന്നും ലോകസാഹിത്യത്തിൽ ഉന്നതമായ സ്ഥാനത്താണ്. ഗോത്രജീവിതത്തിന്റെ വായന എന്നതിലുപരി, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ പ്രണയം, വേദന, വീര്യം എന്നിവയുടെ സാർവലൗകികമായ ആവിഷ്കാരമാണ് ഇവ ഓരോന്നും. ആദ്യ ജാഹിലിയ്യ കവിയായ മുഹൽഹിൽ ബിൻ റബീഅ, ശംഫരി, ഉർവത്തുബ്നുൽ വർദ്, തഅബ്ബത്ത ശർറ എന്നീ സ്വആലീകി കവികൾ, അബൂ ദുഐബ് അൽ ഹുദ്ലി, സാഇദ ബിൻ ജുഅയ്യ തുടങ്ങി ഹുദൈൽ ഗോത്ര കവികളും ഹാതിമുത്ത്വായി, അദിയ്യ് ബിൻ സെയ്ദ് അൽ ഇബാദി, അൽ മുതലംമിസ്, ഉമയ്യ ബിൻ അബിസ്സൽത് എന്നീ കവികളും അറബി ഭാഷാചരിത്രത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മങ്ങാതെ നിൽക്കുന്ന ധ്രുവനക്ഷത്രങ്ങളാണ്. ഏതു തലമുറയ്ക്കും അറബി ഭാഷാ പഠനത്തിൽ വലിയ പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്ന ഈ അനശ്വര ഗീതങ്ങൾ, അറബി ഭാഷാ അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നു എന്ന് സധൈര്യം പറയാം.

TAGS :

Next Story