Quantcast

മഖാമാത്ത്: ഭാഷാസൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ

​അറബി സാഹിത്യലോകത്തെ ഏറ്റവും മനോഹരവും സങ്കീർണ്ണവുമായ ഗദ്യരൂപമാണ് അൽ-മഖാമാത്ത് (Assemblies). കേവലമായ കഥാഖ്യാനത്തിനപ്പുറം, വാക്ചാതുരിയുടെയും (Eloquence) അലങ്കാരസമൃദ്ധമായ ഗദ്യത്തിന്റെയും (Rhymed Prose/Saj') സങ്കരരൂപമാണിത്. അബ്ബാസിയ കാലത്ത് അഥവാ ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിൽ പിറവിയെടുത്ത ഈ കലാരൂപം, കാലാതിവർത്തിയായ അതിന്റെ സൗന്ദര്യം കൊണ്ടും പ്രമേയപരമായ വൈവിധ്യം കൊണ്ടും ഇന്നും സാഹിത്യലോകത്ത് സജീവമായി നിലകൊള്ളുന്നു.

MediaOne Logo
മഖാമാത്ത്: ഭാഷാസൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ
X

​അറബി സാഹിത്യലോകത്തെ ഏറ്റവും മനോഹരവും സങ്കീർണ്ണവുമായ ഗദ്യരൂപമാണ് അൽ-മഖാമാത്ത് (Assemblies). കേവലമായ കഥാഖ്യാനത്തിനപ്പുറം, വാക്ചാതുരിയുടെയും (Eloquence) അലങ്കാരസമൃദ്ധമായ ഗദ്യത്തിന്റെയും (Rhymed Prose/Saj') സങ്കരരൂപമാണിത്. അബ്ബാസിയ കാലത്ത് അഥവാ ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിൽ പിറവിയെടുത്ത ഈ കലാരൂപം, കാലാതിവർത്തിയായ അതിന്റെ സൗന്ദര്യം കൊണ്ടും പ്രമേയപരമായ വൈവിധ്യം കൊണ്ടും ഇന്നും സാഹിത്യലോകത്ത് സജീവമായി നിലകൊള്ളുന്നു. ബദീഉസ്സമാൻ അൽ-ഹമദാനിയിൽ തുടങ്ങി ഡോ. ആഇദുൽ ഖറനിയിലൂടെ വിമോചനത്തിന്റെയും രാഷ്ട്രീയ ബോധവൽക്കരണത്തിന്റെയും പുതിയ ശൈലികൾ തേടുകയാണ് മഖാമാത്തുകൾ എന്നാണ് മനസ്സിലാവുന്നത്.

​ക്ലാസിക്കൽ മഖാമാത്തുകളുടെ സുവർണ്ണകാലം

​മഖാമാത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ രണ്ട് അതികായന്മാരാണ് ഇതിന്റെ ശില്പികളായി നിലകൊള്ളുന്നത്. ഹിജ്റ നാലാം നൂറ്റാണ്ടിൽ (പത്താം നൂറ്റാണ്ട് CE) ഇതിന് ഒരു നിശ്ചിത ഘടന നൽകിയത് ബദീഉസ്സമാൻ അൽ-ഹമദാനിയാണ്. 'ഈസാ ഇബ്നു ഹിശാം' എന്ന സ്ഥിരം കഥയിതാവും 'അബുൽ ഫത്ഹ് അൽ-ഇസ്‌കന്ദരി' എന്ന സാങ്കല്പിക നായകനും തമ്മിലുള്ള സമാഗമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രചനകൾ വികസിക്കുന്നത്. സാമൂഹിക തിന്മകളെ പരിഹസിക്കാ (ട്രോളാ )നും സ്വയം നിർമ്മിത വാക്കുകൾ ഉപയോഗിച്ച് സാമൂഹികമായ പ്രമേയങ്ങൾ അവതരിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ഹമദാനിയുടെ ഭാഷയ്ക്ക് കൂടുതൽ സത്യസന്ധതയും ലാളിത്യവും ഉണ്ടായിരുന്നു. തുടർന്ന് ഹിജ്റ ​അഞ്ചാം നൂറ്റാണ്ടിൽ അൽ-ഹരീരി ഈ കലയെ അതിന്റെ പൂർണ്ണതയിലെത്തിച്ചു. ഹരീരിയുടെ 50 മഖാമാത്തുകൾ ഭാഷാപരമായ എല്ലാ വ്യവഹാരങ്ങളുടെയും പര്യായമായി മാറി. 'ഹാരിഥ് ഇബ്നു ഹമ്മാമും' 'അബൂ സൈദ് അസ്സറൂജിയും' തമ്മിലുള്ള ബന്ധത്തിലൂടെ ഹരീരി അവതരിപ്പിച്ചത് അറബി ഭാഷയുടെ അതിരുകളില്ലാത്ത വാഗ്മയവിസ്മയങ്ങളെയാണ്. അദ്ദേഹത്തിന്റെ രചനകൾ അറബി പദസമ്പത്ത് കൊണ്ടും വ്യാകരണ വൈദഗ്ദ്ധ്യം കൊണ്ടും അനുപമമാണ്. പിൽക്കാലത്ത് ലോകമെമ്പാടുമുള്ള വിജ്ഞാന കേന്ദ്രങ്ങളിൽ അറബി ഭാഷാ പഠനത്തിന് മഖാമാത്തുൽ ഹരീരി ആധികാരിക പാഠപുസ്തകമായി മാറി.

​ചരിത്രപരമായ പരിണാമങ്ങൾ

​ക്ലാസിക്കൽ യുഗത്തിനുശേഷം, മഖാമാത്ത് അതിന്റെ ലക്ഷ്യത്തിലും രൂപത്തിലും മാറ്റങ്ങൾ വരുത്തി. മദ്ധ്യകാലഘട്ടത്തിൽ ഇബ്നുൽ ജൗസിയെപ്പോലുള്ളവർ മഖാമാത്തിനെ ആത്മീയതയുടെയും പരിവ്രാജകത്വത്തിന്റെയും (സുഹ്ദ്) വഴിയിലേക്ക് തിരിച്ചുവിട്ടു. ആധുനിക അറബി നവോത്ഥാന കാലത്ത് ശൈഖ് നാസിഫ് അൽ-യാസിജിയും മുഹമ്മദ് അൽ-മുവൈലഹിയും ഈ രൂപത്തെ രാഷ്ട്രീയ വിമർശനത്തിനുള്ള ആയുധമാക്കി മാറ്റി. ഈ ഘട്ടത്തിലാണ് മഖാമാത്ത് കേവലം ഭാഷാപ്രകടനത്തിൽ നിന്ന് മാറി ആധുനിക കഥാകഥനത്തിലേക്കും രാഷ്ട്രീയ ലേഖനങ്ങളിലേക്കുമുള്ള പാലമായി പരിണമിക്കുന്നത്.

​ആധുനിക മഖാമാത്ത്: ഡോ. ആഇദുൽ ഖറനിയുടെ വിമോചന ശബ്ദം

​മഖാമാത്ത് എന്നത് കേവലം അക്ഷരക്കസർത്തല്ലെന്ന് ആധുനിക കാലത്ത് തെളിയിച്ച പണ്ഡിതനാണ് ഡോ. ആഇദുൽ ഖറനി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'അൽ-മഖാമഃ അൽ-ഫലസ്തീനിയ്യ' (ഫലസ്തീൻ മഖാമ) ഈ കലാരൂപത്തിൽ പുതിയ ചരിത്രം കുറിച്ചു. ക്ലാസിക്കൽ മഖാമാത്തുകൾ വ്യക്തിഗതമായ തന്ത്രങ്ങളിലും ഭാഷാപരമായ അഭ്യാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഡോ. ഖറനി അതിനെ ഒരു ജനതയുടെ അതിജീവനത്തിന്റെ ശബ്ദമാക്കി മാറ്റി. ഫലസ്തീനിലെ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും വികാരം മഖാമാത്തിന്റെ ശൈലിയിൽ അദ്ദേഹം കോർത്തിണക്കി. അധിനിവേശത്തെയും അന്യായത്തെയും ചോദ്യം ചെയ്യുന്ന കരുത്തുറ്റ സാഹിത്യരൂപമായി മഖാമയെ അദ്ദേഹം പുനർനിർവചിച്ചു.

​ഈ മഖാമയിലെ ഹൃദയസ്പർശിയായ ഒരു ഭാഗം ഇങ്ങനെ സംഗ്രഹിക്കാം:

​"അതിഥിയായ് വന്നു ഫലസ്തീൻ പുത്രൻ, മണ്ണിലിരുന്നു മനംനൊന്ത മർത്യൻ. ഖുദ്‌സ് വിലങ്ങാൽ ബന്ധിതയാകവേ, പട്ടുമെത്തയിലെനിക്കെങ്ങനെ ഉറങ്ങാൻ? നീതിക്കായ് പൊരുതിയ പഴയ തലമുറകൾ എങ്ങുപോയ് മറഞ്ഞു? സിംഹങ്ങളായിരുന്നവർ - ലോകം പേടിച്ചവർ, ഇന്നോ നിഴലിനെപ്പോലും ഭയക്കുന്നവർ! നീതിയിലേക്ക് നിങ്ങൾ മടങ്ങുന്ന നാളിൽ നിശ്ചയം വരും ഞങ്ങൾ, വിജയഗാഥയുമായ്."

​ഈ വൈകാരിക വരികൾ മഖാമാത്ത് എന്ന കലാരൂപം എങ്ങനെയാണ് ഇക്കാലത്ത് മുറിവേറ്റവരുടെ ശബ്ദമായി മാറുന്നത് എന്ന് നമുക്ക് കാണിച്ചുതരുന്നു.

കുറിപ്പുകാരൻ്റെ മഖാമകൾ

മഖാമാത്തിനെ ജനാധിപത്യ രാഷ്ട്രീയത്തിലേക്കും സമകാലിക സംവാദങ്ങളിലേക്കും മനോഹരമായി പറിച്ചുനടാൻ ഈയുള്ളവനും ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അത്തരം മഖാമാത്തുകൾ ദേശീയ - കേരളീയ അറബി സാഹിത്യ മണ്ഡലത്തിൽ പുതുമയുള്ളവയായിരുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'മഖാമ ഇൻതിഖാബിയ്യ' (തിരഞ്ഞെടുപ്പ് മഖാമ).

​തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുറമ്പോക്കുകളെയും അന്തർനാടകങ്ങളെയും സാഹിത്യപരമായി വിചാരണ ചെയ്യുന്ന കൃതിയാണിത്. സ്ഥാനാർത്ഥികളുടെ മോഹനവാഗ്ദാനങ്ങൾ, തിരഞ്ഞെടുപ്പ് കാലത്തെ പണക്കൊഴുപ്പ്, വോട്ടർമാരുടെ മാനസികാവസ്ഥ എന്നിവയെ സജ്ഇ ( പ്രാസത്തി) ന്റെ താളക്രമത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. അധികാരം നേടിയെടുക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന തന്ത്രങ്ങളെയും അതിനിടയിൽ ബലികഴിക്കപ്പെടുന്ന രാഷ്ട്രീയ നൈതികതയെയും വിമർശനാത്മകമായി സമീപിക്കുന്നു എന്ന് അനുവാചകർ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസിക്കൽ അറബി ശൈലി ഉപയോഗിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അദ്ദേഹം മഖാമയിലേക്ക് കൊണ്ടുവരുന്നു എന്നത് ഈ രചനയെ വേറിട്ടുനിർത്തുന്നു എന്നാണ് മഖാമകളെ കുറിച്ച് കൂടുതൽ പഠനം നടത്തിയ CKM ബഷീർ ആനക്കയം അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് മഖാമ മലയാളത്തിൽ ഏതാണ്ടിങ്ങനെ വായിക്കാം .....

ഇന്നലെ വരെ ഞാനവരെ തേടിപ്പോയി - എനിക്കായി,

അന്നവർക്ക് ചിരിക്കാൻ പോലും നേരമില്ലായിരുന്നു!

എന്നാൽ ഇന്ന് വോട്ടെടുപ്പിൻ തലേന്ന് അവരെന്റെ മുറ്റത്തെത്തി,

കൃത്രിമമായ പൊട്ടിച്ചിരികളാൽ അവർ മുഖം മിനുക്കുന്നു!

​പുഞ്ചിരി അവരിലൊരു മുഖംമൂടിയായി മാറിയിരിക്കുന്നു,

പാലിൽ മായം കലർത്തിയതുപോലൊരു ചിരി അവർ തൂകുന്നു.

'നിങ്ങളുടെ സമ്മതിദാനം പാഴാക്കരുതേ' എന്ന് അവർ യാചിക്കുന്നു,

കൂട്ടിലിട്ട തത്തകളെപ്പോലെ അവർ ഒരേ മന്ത്രം ഉരുവിടുന്നു.

​നീതി എന്നത് അവർക്ക് പ്രിയപ്പെട്ടവർക്ക് മാത്രമുള്ളതാണ്,

വിദ്വേഷത്തിന്റെ കറപുരണ്ട് അതിന്റെ അർത്ഥം തന്നെ മാറിയിരിക്കുന്നു.

വെള്ള വസ്ത്രത്തിന്റെ പരിശുദ്ധിയിൽ തങ്ങളുടെ കറുത്ത മനസ്സിനെ അവർ ഒളിപ്പിക്കുന്നു.

​നാട്ടുകാർ തമ്മിലടിക്കുമ്പോൾ അവർ ദൂരെനിന്ന് ആസ്വദിക്കുന്നു,

തിരഞ്ഞെടുപ്പിന് മുൻപ് മാത്രം അവർ നമ്മുടെ ഉറ്റവരാകുന്നു.

ജനങ്ങളുടെ കണ്ണീർ കാണാൻ അവർക്ക് കണ്ണുകളില്ല,

സ്വന്തം പെട്ടി നിറയ്ക്കാൻ അവർക്ക് ആവോളം ആവേശമുണ്ട്.

​ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ ചർച്ച ചെയ്യുന്ന 'അൽ-മഖാമ അസ്സൂമിയ്യ' (Zoom മഖാമ), രാഷ്ട്രീയ ചിന്താഗതികളെ വിശകലനം ചെയ്യുന്ന 'അൽ-മഖാമ അൽ-ശുയൂഇയ്യ' (കമ്മ്യൂണിസ്റ്റ് മഖാമ) എന്നിവയും സാഹിത്യപരമായ ആസ്വാദനത്തോടൊപ്പം സാമൂഹിക ജാഗ്രതയും മൂല്യബോധവും പകർന്നുനൽകുക എന്നതാണ് കുറിപ്പുകാരൻ്റെ മഖാമാത്തുകളുടെ പ്രാഥമിക ലക്ഷ്യം. ഇത്തരം പത്തിലധികം മഖാമകൾ പല പ്രസിദ്ധീകരണങ്ങളിലായി വന്ന് കഴിഞ്ഞു. ഡെൻമാർക്ക് കേന്ദ്രീകരിച്ചുള്ള ഹംസ, ദുബൈയിൽ നിന്ന് ഇറങ്ങുന്ന ഹിന്ദിയ്യ, ഹൈദരാബാദിൽ നിന്ന് ഇറങ്ങുന്ന അല്ലുഗ , കേരളത്തിൽ നിന്നുള്ള അറബി മാസിക നഹ്ദ എന്നിവയിലെല്ലാം ഈ മഖാമകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഖാമാത്തുകളുടെ ആധുനിക പ്രസക്തി

​ഗദ്യവും പദ്യവും ചേരുന്ന മഖാമാത്തിൻ്റെ താളക്രമം അറബി ഭാഷയുടെ ജീവൻ തുടിക്കുന്ന ശൈലിയാണ്. മഖാമാത്ത് എന്നത് കേവലം സാഹിത്യരൂപമല്ല, മറിച്ച് ഓരോ കാലഘട്ടത്തിന്റെയും ചിന്തകളെയും വേദനകളെയും ആഗ്രഹങ്ങളെയും ഉൾക്കൊള്ളാൻ ശേഷിയുള്ള കരുത്തുറ്റ ഒരു മാധ്യമമാണ്. ഹമദാനി വിതച്ച വിത്തുകൾ ഹരീരിയിലൂടെ വൻമരമായി വളർന്നു. ഡോ. ആഇദുൽ ഖറനി അതിനെ ഫലസ്തീന്റെ വിമോചന ശബ്ദമാക്കിയപ്പോൾ ഈയുള്ളവൻ ജനാധിപത്യ രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ വിചാരണ ചെയ്യാനും വിദ്യാർത്ഥികളെ ആധുനിക സാങ്കേതിക വിദ്യകൾ ഒരുക്കുന്ന കാണാചരടുകളെ കുറിച്ച് ഉൽബുദ്ധരാക്കാനും ഈ രൂപത്തെ ഉപയോഗിച്ചു.

​ചുരുക്കത്തിൽ, മഖാമാത്ത് എന്ന സാഹിത്യ സങ്കേതം കാലാകാലങ്ങളിൽ പുതിയ ഭാവങ്ങൾ സ്വീകരിക്കുന്ന ഒന്നാണ്. അതെ, മഖാമാത്ത് കഥയാണ്, കവിതയാണ്, വിമർശനമാണ്, ഒപ്പം വിജ്ഞാനത്തിന്റെയും വിമോചനത്തിന്റെയും പാതയുമാണ്. അറബി ഭാഷയുടെ സൗന്ദര്യവും ഗാംഭീര്യവും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മഖാമാത്ത് ഏതു കാലത്തും വലിയ വിരുന്നാണ് നൽകുന്നത്.

TAGS :

Next Story