Quantcast

പത്മരാജന്‍ സ്മൃതികളിലൂടെ ഒരു സന്ധ്യ

ഒരിക്കലും സിനിമ ഒരു ഉപജീവനമാര്‍മാക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നതായി പത്മരാജന്‍ പറയുമായിരുന്നുവെന്ന് മകന്‍ അനന്തപത്മനാഭന്‍.

MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

  • Updated:

    2023-11-05 06:29:44.0

Published:

4 Nov 2023 12:30 PM GMT

പത്മരാജന്‍ സ്മൃതികളിലൂടെ ഒരു സന്ധ്യ
X

പത്മരാജന്റെ ഓര്‍മകളിലൂടെയാണ് പുസ്തകോത്സവത്തിലെ ഒരു സായാഹ്നം കടന്നു പോയത്. അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി പ്തമരാജന്‍, മകന്‍ അനന്തപത്മനാഭന്‍, സുഹൃത്തും സഹപ്രകര്‍ത്തകനുമായ ജോഷി മാത്യു തുടങ്ങിയവരാണ് പുസ്തകോത്സവവേദിയില്‍ പത്മരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.

കുടുംബ ജീവിതത്തില്‍ അദ്ദേഹം എഴുത്തുകാരനോ സംവിധായകനോ ആയിരുന്നില്ലെന്നും സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‍ മാത്രമായിരുന്നുവെന്നും രാധാലക്ഷ്മി പത്മരാജന്‍ പറഞ്ഞു. പിണക്കമില്ലാത്ത ഒരു ജീവിതമാണ് പത്മരാജനോടൊപ്പം പങ്കുവച്ചതെന്നും അവര്‍ ഓര്‍മിച്ചു. പത്മരാജന്റെ മരണശേഷം ഏറെ തളര്‍ന്നു പോയ തന്നെ എഴുത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നത് കെ.പി അപ്പനാണ്. പത്മരാജന്‍ തനിക്ക് എഴുതിയ എഴുത്തുകളും ഡയറിക്കുറിപ്പുകളുമാണ് ഇതിനു കൂടുതല്‍ പ്രചോദനമായതെന്നും രാധാലക്ഷ്മി പത്മരാജന്‍ പറഞ്ഞു.


മകന്റെ കുറിപ്പുകള്‍ എന്ന പുസ്തകം എഴുതുന്നതിലേക്ക് യാദൃശ്ചികമായിട്ടാണ് കടന്നുവന്നതെന്ന് അനന്തപത്മനാഭന്‍ പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി സുഭാഷ് ചന്ദ്രനാണ് ഓര്‍മ്മ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീടതൊരു പുസ്തകമായി പുറത്തിറക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചപ്പോള്‍ ഒരുപാട് സംഭവികാസങ്ങളെക്കുറിച്ച് അറിയുകയായിരുന്നു. അച്ഛന്റെ സ്‌നേഹവും കരുതലും അനുഭവിക്കാത്ത സഹപ്രവര്‍ത്തകര്‍ കുറവാണെന്ന് അനന്തപത്മനാഭവന്‍ പറഞ്ഞു.

എഴുത്ത് നല്‍കുന്ന ഒരു സ്വാതന്ത്ര്യവും ആത്മസംതൃപ്തിയും മറ്റൊന്നിനുമില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. മുഴുവനായും എഴുത്തിലേക്ക് തിരിച്ചുവരാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഒരിക്കലും സിനിമ ഒരു ഉപജീവനമാര്‍മാക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നതായും അനന്തപത്മനാഭന്‍ പറഞ്ഞു.


പത്മരാജന്റെ കൂടെയുള്ള സിനിമാ പ്രവര്‍ത്തനം ഒരു പാഠശാലയായിരുന്നുവെന്ന് ജോഷി മാത്യു ഓര്‍മ്മിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ കാലത്തിനു മുന്നേ സഞ്ചരിച്ചവയായിരുന്നുവെന്ന് ജോഷി മാത്യു പറഞ്ഞു. പറന്നു പറന്നു പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, ഞാന്‍ ഗന്ധര്‍വന്‍ എന്നീ സിനിമകളെല്ലാം ഇതിന് മികച്ച ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ പ്രതിഭയോടൊപ്പം എത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ജോഷി മാത്യു വ്യക്തമാക്കി. സ്മൃതി സന്ധ്യയില്‍ പ്രദീപ് പനങ്ങാട് മോഡറേറ്ററായി.



TAGS :

Next Story