Quantcast

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം; പുസ്തകോത്സവം നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ

ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

  • Updated:

    2023-11-04 08:51:41.0

Published:

1 Nov 2023 1:30 AM GMT

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം; പുസ്തകോത്സവം നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ
X

വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന് (KLIBF-2) ഇന്ന് തുടക്കം. രാവിലെ ഒമ്പതിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വൈക്കം ക്ഷേത്ര കലാപീഠം ഒരുക്കുന്ന പഞ്ചാരിമേളം അരങ്ങേറും. നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയാണ് നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം നടക്കുക.

പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (02/11) നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാര്‍ഡ്' മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖര്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമാകും. നൊബേല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രഭാഷണമാണ് ആദ്യദിനത്തിലെ (01/11) മുഖ്യാകര്‍ഷണം. വേദി ഒന്നില്‍ നടക്കുന്ന കെഎല്‍ഐബിഎഫ് ടോക്‌സില്‍ ( KLIBF Talks) ആണ് അദ്ദേഹം എത്തുന്നത്.

ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും മറ്റ് മൂന്ന് വേദികളിലുമായിട്ടാണ് പ്രത്യേക പരിപാടികള്‍ അരങ്ങേറുന്ന പുസ്തകോത്സവത്തില്‍ 160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണുള്ളത്. 240 പുസ്തക പ്രകാശനങ്ങള്‍, 30 പുസ്തക ചര്‍ച്ചകള്‍, മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള 'മീറ്റ് ദി ഓതര്‍', 'എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം' തുടങ്ങിയവയും പുസ്തകോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. സ്മൃതി സന്ധ്യ, കെഎല്‍ഐബിഎഫ് ടോക്സ്, കവിയരങ്ങ്, കവിയും ജീവിതവും, കെഎല്‍ഐബിഎഫ് ഡയലോഗ്സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പ്രത്യേക പരിപാടികളും അനുവാചകര്‍ക്ക് വേറിട്ട അനുവഭമാകും.

പെരുമാള്‍ മുരുകന്‍, ഷബ്‌നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, എം. മുകുന്ദന്‍, ആനന്ദ് നീലകണ്ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിത നായര്‍. പ്രഭാവര്‍മ, കെ.ആര്‍. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, പറക്കാല പ്രഭാകര്‍, സുനില്‍ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാല്‍, ഡോ. മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍. ഇ. സുധീര്‍, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണന്‍ തുടങ്ങി 125-ഓളം പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസുകളും പുസ്തകോത്സവത്തിന്റെ ഭാഗമാണ്.

പുസ്തകോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിയമസഭാ മ്യൂസിയം, അസംബ്ലി ഹാള്‍, ശാസ്ത്ര സാങ്കേതിക മ്യൂസിയം നേപ്പിയര്‍ മ്യൂസിയം മൃഗശാല, താളിയോല മ്യൂസിയം എന്നിവ ഉള്‍പ്പെട്ട സൗജന്യ വിസിറ്റ് പാക്കേജ്, കെ.എസ്ആര്‍.ടിസി. ഡബിള്‍ ഡക്കര്‍ ബസില്‍ സിറ്റി റൈഡ് എന്നിവയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവം ഏറ്റവും മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര ദൃശ്യ - റേഡിയോ - ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പത്ര - ദൃശ്യം ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ക്യാമറാമാന്‍ എന്നീ വ്യക്തിഗത അവാര്‍ഡുകളും നല്‍കും. പുസ്തകോത്സവത്തിനെ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

TAGS :

Next Story