Quantcast

ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ പാനല്‍ ചര്‍ച്ച

ഇന്ത്യയുടെ സ്വപ്നങ്ങളും ചിന്തകളും ഇന്ത്യയുടെ ഭരണഘടനയില്‍ ഊന്നിയുള്ളതാണെന്നും ഭരണഘടനയെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ ഭരണഘടനയുടെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്ന് മന്ത്രി കെ.രാജന്‍.

MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

  • Updated:

    2023-11-05 07:12:30.0

Published:

4 Nov 2023 3:30 PM GMT

ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ പാനല്‍ ചര്‍ച്ച
X

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഇന്ത്യയുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും സംവാദം നടന്നു. റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എന്‍. ഷംസുദീന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എം. സ്വരാജ്, കെ. ശിവദാസന്‍ നായര്‍, മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എന്‍.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്ത 'ഭരണഘടനാ മൂല്യങ്ങളുടെ പ്രസക്തിയും ഭരണഘടന നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മോഡറേറ്ററായി.

മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അടിത്തറയാണ് ഭരണഘടന. ഭരണഘടനയെ എന്നും എതിര്‍ത്തു വന്നവരാണ് മതരാഷ്ട്രത്തിന്റെ വക്താക്കള്‍. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ ലക്ഷ്യംവച്ച ശക്തികളാണ് 2014 മുതല്‍ ഭരണകൂട അധികാരം കയ്യാളുന്നത്. അധികാരം ഉപയോഗിച്ച് ഇന്ത്യയെ മതരാഷ്ട്രമായി പുനഃനിര്‍വചിക്കാനാണ് ശ്രമം നടക്കുന്നത്. ഇതാണ് ഭരണഘടനയും ഇന്ത്യയെന്ന ആധുനിക രാഷ്ട്രസങ്കല്‍പ്പവും നേരിടുന്ന പ്രശ്‌നമെന്ന് എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളല്ല ഭരിക്കുന്നതെന്നും അവിടെ ജനഹിതം അട്ടിമറിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അന്തഃസത്ത ഇല്ലാതാക്കുന്നുവെന്നും ഭരണഘടനയെ കൂട്ടുപിടിച്ചുതന്നെ ഭരണഘടനയുടെ മൗലിക സ്വഭാവങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഡോ. എന്‍. ജയരാജ് പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമവും നടക്കുന്നുണ്ട്. ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ജി.എസ്.ടി. നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങളുടെ ധനകാര്യ അധികാരങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായി. ഇതിലൂടെയുണ്ടാകുന്ന നഷ്ടപരിഹാരം നികത്താമെന്ന വാഗ്ദാനം കഴിഞ്ഞ ജൂലൈ കൊണ്ട് അവസാനിച്ചുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ സംഘടന വിഭാവനം ചെയ്യുന്നത് മതരാഷ്ട്രത്തെയാണ്. അതിനനുസൃതമായ ഭരണഘടന നിര്‍മിക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തിന്റെ അന്ത്യം കുറിക്കുന്ന തരത്തിലുള്ള സൂചനകളാണ് നിലവിലുള്ളതെന്നും ഭരണഘടനയും മൂല്യങ്ങളും തുടച്ചുനീക്കുന്നതാണ് ആര്‍.എസ്.എസ് ലക്ഷ്യമെന്നും എം. സ്വരാജ് ചര്‍ച്ചയില്‍ പറഞ്ഞു. രാജ്യം എക്കാലത്തും എങ്ങനെ നിലനില്‍ക്കണം എന്ന രാഷ്ട്രശില്പികളുടെ ദീര്‍ഘവീക്ഷണംകൊണ്ട് നിര്‍മിച്ച ഭരണഘടനയാണ് ഇത്തരം മതരാഷ്ട്ര ശക്തികളെ എതിര്‍ക്കാനുള്ള ആയുധമെന്ന് എന്‍.ഷംസുദീന്‍ എം.എല്‍.എ. പറഞ്ഞു.

ഇന്ത്യ പണ്ട് തയ്യാറാക്കിയ പോലെയുള്ള വിഷന്‍ ഡോക്യുമെന്റ് വര്‍ത്തമാനകാലത്തെ ആവശ്യകതയാണെന്നും അതില്‍ എന്താണ് ഇന്ത്യ, എന്തായിരിക്കണം ഇന്ത്യ എന്ന വ്യക്തമായ കാഴ്ചപ്പാട് വേണമെന്നും കെ.ശിവദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. പണ്ട് ഇന്ത്യ നേരിട്ട കോളനിവാഴ്ചയെക്കാള്‍ അപകടമാണ് മതത്തിലൂന്നിയ കപടദേശീയതയെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ സ്റ്റേറ്റ് ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്കും യൂണിയന്‍ ലിസ്റ്റിലേക്കും മാറ്റുന്നുണ്ടെന്നും എന്നാല്‍ ഒരു വിഷയങ്ങളും സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റുന്നില്ലെന്നും ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നും ഡോ. എന്‍. കെ.ജയകുമാര്‍ പറഞ്ഞു.


ഇന്ത്യയുടെ സ്വപ്നങ്ങളും ചിന്തകളും ഇന്ത്യയുടെ ഭരണഘടനയില്‍ ഊന്നിയുള്ളതാണെന്നും ഭരണഘടനയെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ ഭരണഘടനയുടെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.


TAGS :

Next Story