SIR, കർണാടകയിൽ നിങ്ങൾ വോട്ടര്‍പട്ടികക്ക് തീയിട്ടു
തെരഞ്ഞെടുപ്പു കമ്മീഷന്‍ ജനങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ജനാധപത്യവിരുദ്ധ പരിപാടിക്ക് നേതൃത്വം നല്കന്ന കാഴ്ച നേരത്തേ പശ്ചിമബംഗാളില്‍ തന്നെ കണ്ടതാണ്

എസ് ഐ ആര്‍ രാജ്യത്തെ ജനകോടികളുടെ പൗരനിലനില്‍പ് ഇല്ലാതാക്കുകയാണ്. ഇന്ത്യയൊട്ടുക്ക് ഇതിനെതിരേ ഉയിര്‍ത്തെണീക്കുമ്പോഴും ആ മാരകശക്തിയുള്ള അറക്കവാള്‍ പ്രയോഗം തുടരുകയാണ്. കര്‍ണാടകയും യു.പിയും ഡല്‍ഹിയും പറയുന്ന കഥ കേള്‍ക്കൂ.
ആദ്യം നമുക്ക് കര്‍ണാടകയെടുക്കാം. അവിടെ എസ് ഐ ആര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 5 കോടി 54 ലക്ഷം വോട്ടര്‍മാര്‍ ഉണ്ടായിരുന്ന കര്‍ണാടകയില്‍ അത് 4 കോടി 55 ലക്ഷമായി ചുരുങ്ങി. അതായത് ഏതാണ്ട് 99 ലക്ഷത്തി 32,000 പേരെ വെട്ടി. വോട്ടര്‍ പട്ടികയിലെ 18 ശതമാനത്തോളം പേര്‍. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവരാണ് ഇവര്‍.224 നിയമസഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. അവയിലെല്ലാം കൂടി പ്രായപൂര്‍ത്തി വോട്ടവകാശമുള്ള എത്ര മനുഷ്യര്‍ ഉണ്ട് എന്നതിന്‍റെ കണക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഒരു ഏജന്‍സി നല്‍കുന്നുണ്ട്. ടെക്നിക്കല്‍ ഗ്രൂപ്പ് ഓണ്‍ പോപ്പുലേഷന്‍ പ്രൊജക്ഷന്‍സ് എന്ന ഈ ഏജന്‍സിയുടെ കണക്കു പ്രകാരം 5 കോടി 13 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം വേണ്ടത്. അതായത്, എസ് ഐ ആര്‍ വഴി ഇവരില്‍ 65 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി. എസ് ഐ ആറിന്‍റെ കരട് വോട്ടര്‍ പട്ടിക പരിശോധിക്കുമ്പോള്‍ മറ്റൊരു വസ്തുത കൂടി മനസ്സിലാക്കാം. എന്യൂമറേഷന്‍ വഴി നീക്കിയ 1 കോടി 8 ലക്ഷം പേരില്‍ പിന്നീട് 44 ലക്ഷം പേര്‍ക്ക് പേരിലെ അക്ഷരത്തെറ്റ് പോലുള്ള ചെറിയ പിഴവുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ക്കുള്ള ഹിയറിങ് കഴിഞ്ഞപ്പോള്‍ വോട്ടവകാശം തിരിച്ചുകിട്ടിയത് 8 ലക്ഷത്തി 68,000 പേര്‍ക്കുമാത്രം. അതായത്, ചില്ലറ പിഴവുകളുടെ പേരില്‍ മാത്രം 35 ലക്ഷത്തിലധികം പേര്‍ക്ക് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയി.
ഇനി മറ്റൊരു കണക്ക് നോക്കൂ. കര്‍ണാടകയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേരെ വെട്ടിയത്. ഈ അഞ്ച് മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയിലെ പകുതിയിലധികം പേരെയാണ് കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കിയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ. വിശ്വസിച്ചേ പറ്റൂ. എല്ലാം ബെംഗലൂരു നഗരപരിധിയില്‍ വരുന്ന മണ്ഡലങ്ങള്‍. ബൊമ്മനഹള്ളിയില്‍ 54.8 ശതമാനം പേരെയും ദസറഹള്ളിയില്‍ 52.1 ശതമാനം പേരെയും ബി.ടി.എം ലേ ഔട്ടില്‍ 1.6 ശതമാനം പേരെയും വിജയനഗറില്‍ 51.1 ശതമാനം പേരെയും സി.വി.രാമന്‍ നഗറില്‍ 51.1 ശതമാനം പേരെയുമാണ് വെട്ടിയത്. എന്യൂമറേഷന്‍ ഘട്ടത്തില്‍ ഒരു മണ്ഡലത്തിലെ പകുതിയിലധികം വോട്ടര്‍മാരെയും വെട്ടുന്നത് രാജ്യത്ത് ആദ്യമാണ്. കരട് പട്ടികയില്‍ പകുതിയിലധികം പേര്‍ ഒഴിവാക്കപ്പെട്ടത് 36 മണ്ഡലങ്ങളിലായാണ്. അതില്‍ 28 ഉം ബെംഗലൂരു നഗരത്തിലെ മണ്ഡങ്ങള്‍. ഇനി അന്തിമ പട്ടിക വന്നപ്പോള്‍ എന്തു മാറ്റം വന്നു എന്നറിയണം. ബൊമ്മനഹള്ളിയില്‍ എസ് ഐ ആറിന് മുമ്പ് ഉണ്ടായിരുന്നത് 4 ലക്ഷത്തി 85,000 വോട്ടര്‍മാര്‍. എസ് ഐ ആര്‍ കഴിഞ്ഞപ്പോള്‍ ശേഷിക്കുന്നത് 2 ലക്ഷത്തി 14,000 വോട്ടര്‍മാര്‍. അതായത് പകുതിയിലധികം പേര്‍ വെട്ടിപ്പോയി. സി.വി.രാമന്‍ നഗര്‍ മണ്ഡലത്തിലെ അവസാന കണക്ക് നോക്കുക. 2 ലക്ഷത്തി 40 വോട്ടര്‍മാര്‍ ഉണ്ടായിരുന്ന ഇവിടെ ശേഷിക്കുന്നത് 1 ലക്ഷത്തി 37, 623 പേര്‍ മാത്രം. പകുതി പേരും വെട്ടിപ്പോയ കരട് പട്ടികയില്‍ നിന്ന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ചുരുക്കം.
ബെംഗളൂരു അര്‍ബന്‍, റൂറല്‍ പ്രദേശങ്ങളില്‍ നടന്നതെന്താണ്? സംസ്ഥാനമാകെയെടുക്കുമ്പോള്‍ 18 ശതമാനം പേരെയാണ് വെട്ടിയത്. ബെംഗളൂരുവിലെ 5 മണ്ഡലങ്ങള്‍ മാത്രമെടുത്താല്‍ 50 ശതമാനവും. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍ പട്ടികയ്ക്ക് തീയിട്ടു എന്നുപറയുന്നതാണ് ശരി. കത്താതെ കുറച്ചുഭാഗം മാത്രമാണ് ശേഷിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷന്‍ ജനങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ജനാധപത്യവിരുദ്ധ പരിപാടിക്ക് നേതൃത്വം നല്കന്ന കാഴ്ച നേരത്തേ പശ്ചിമബംഗാളില്‍ തന്നെ കണ്ടതാണ്. അവിടെ വോട്ടര്‍ പട്ടികയില്‍ നീക്കം ചെയ്യപ്പെട്ട 97 ലക്ഷം പേരില്‍ 22.2 ലക്ഷം പേര്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.1 ലക്ഷം പേരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. സപ്ലിമെന്‍ററി ലിസ്റ്റില്‍ പേരുണ്ടായിരുന്ന ഇവര്‍ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതെപോയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ നടപടി മൂലമാണ്.
ഉത്തര്‍പ്രദേശിലേക്ക് വരാം. രണ്ടുകോടി അഞ്ചു ലക്ഷം പേരെയാണ് എസ് ഐ ആറിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മര്‍മപ്രധാനമായ സംസ്ഥാനത്ത് വെട്ടിയത്. 15കോടി 44 ലക്ഷം വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് 13 കോടി 39 ലക്ഷമായി കുറഞ്ഞു. ഈ മാരക കടുംവെട്ടിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനത തൊഴിലന്വേഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ കുടിയേറിയിട്ടുണ്ട്. അവര്‍ക്കൊന്നും യഥാസമയം എസ് ഐ ആറിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. പങ്കെടുത്തവര്‍ക്കു തന്നെ രേഖകള്‍ ഹാജരാക്കുകയെന്ന മിനക്കെട്ട പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ലോജിക്കല്‍ ഡിസ്ക്രിപന്‍സി എന്നു വിളിക്കുന്ന നിസ്സാര തെറ്റുകളുടെ പേരില്‍ ലക്ഷക്കണക്കിനു പേര്‍ പുറത്തായി. ഇതിനെല്ലാം പുറമേയാണ് മുസ്ലിം വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍. The Reporters' Collective പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊടുത്ത 87,127 അപേക്ഷകളില്‍ 85,854 എണ്ണത്തിലും വ്യക്തമായ കാരണം രേഖപ്പെടുത്തിയിരുന്നില്ലെന്നാണ്. ഇതില്‍ തരാബ്ഗഞ്ച്, പിലിഭിത് മണ്ഡലങ്ങളിലെ മുസ്ലിം വോട്ടര്‍മാരുടെ അനുപാതം വളരെ കൂടുതലുമായിരുന്നു.
ഡല്‍ഹിയില്‍ നിന്നാണ് മറ്റൊരു കഥ കേള്‍ക്കേണ്ടത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ 28 മുസ്ലിം വോട്ടര്‍മാര്‍ക്ക് എതിരേ പ്രാദേശിക ബിജെപി നേതാവ് ഫോം 7 അപേക്ഷ കൊടുത്തിരിക്കുകയാണ്. അതായത്, വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്യാന്‍. ഇവര്‍ മരിച്ചുപോവുകയോ വീട് മാറുകയോ ചിലരെ കാണാതാവുകയോ ചെയ്തുവെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ദി ഹിന്ദുവിന്‍റെ ലേഖിക ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ഇവര്‍ മുഴുവന്‍ പേരും അതേ മേല്‍വിലാസത്തിലുള്ള വീടുകളില്‍ താമസിക്കുന്നുവെന്ന് കണ്ടെത്തി.
സമാനമായ കഥകളും റിപ്പോര്‍ട്ടുകളും പല സംസ്ഥാനങ്ങളിലും നിന്ന് വരുന്നുണ്ട്. ഇതിനെല്ലാം ഗ്യാനേഷ് കുമാറിന്‍റെ രാജികൊണ്ടുമാത്രം പരിഹാമാകുമോ എന്ന ചോദ്യം അവിടെയുണ്ട്. പക്ഷേ ആ രാജി ഉണ്ടായാലേ ഒരു തിരുത്തല്‍ പ്രക്രിയ ആരംഭിക്കാനെങ്കിലും കഴിയൂ. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും മലയിടുക്കുകളിലും താഴ്വാരങ്ങളിലും കാടുകളിലും ഏകാന്ത ദ്വീപുകളിലും വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ട് സാമഗ്രികളും പേറി ഒറ്റപ്പെട്ട മനുഷ്യനെ വരെ തേടിപ്പോകുന്ന കഥ വെറും നൊസ്റ്റാള്‍ജിയ ആയി മാറാതിരിക്കാന്‍ വേണ്ടത് കഠിനമായ തിരുത്തലാണ്.
ഈ രാജ്യം എന്നെ വെടിഞ്ഞിട്ടില്ലെന്ന് ഓരോ പൗരനും കൊടുക്കുന്ന ഉറപ്പല്ലേ സര്‍ നിങ്ങളുടെ ഇരിപ്പിടത്തിന്‍റെ ആണിക്കല്ല്? അതിനുപകരം,ഫാസിസം കഴുത്തുവെട്ടിക്കൊല്ലുമ്പോള്‍ നിങ്ങള്‍ പേരുവെട്ടിക്കൊല്ലുന്നു. വെടിപ്പാക്കിയെന്ന് നിങ്ങള്‍ കരുതുന്ന വോട്ടര്‍ പട്ടിക നാളെ ലക്ഷക്കണക്കിന് വയറുകള്‍ക്ക് അന്നം നിഷേധിക്കാനുള്ള തിട്ടൂരമാക്കി ഭരണകൂടം മാറ്റും. വോട്ടര്‍ പട്ടികയില്‍ നിന്നുമാത്രമല്ല, രാജ്യത്തു നിന്നുതന്നെ തൂത്തുമാറ്റേണ്ടവരുടെ ഗണത്തിലേക്കാണ് നിങ്ങള്‍ ആ ജനകോടികളെ തള്ളുന്നത്. അതിനാല്‍, സര്‍, ഈ എസ് ഐ ആര്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ എറിയാന്‍ തന്നെയാണ് ഡല്‍ഹി ശബ്ദിക്കുന്നത്. ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ, എല്ലാ ഭേദങ്ങളും മറന്നുള്ള ശബ്ദത്തില്‍.
Adjust Story Font
16

