ഒരു വിഷാദരോഗിയുടെ ജീവിതവ്യവഹാരം
മനുഷ്യനെ ജീവനോടെ തുണ്ടുതുണ്ടമാക്കാന്‍ കെല്‍പ്പുള്ള മാനസിക വിഭ്രാന്തിയുടെ മറ്റൊരുപേരാണ് വിഷാദരോഗം എന്നുവേണമെങ്കില്‍ പറയാം. ജീവനോടെ മരിച്ചുപോകുന്ന വിചിത്രാവസ്ഥ. ശവത്തിനകത്ത് ജീവിച്ചുപോകുന്ന മനുഷ്യാവസ്ഥ. ദൈനംദിന ജീവിതത്തിന്റെ രീതികളേയും ചിട്ടകളേയും മറന്നുകളയേണ്ടിവരുന്ന മറ്റൊരു അപരിചിത ലോകത്തേക്ക് കാലെടുത്തുവെപ്പിക്കുന്ന അവസ്ഥ. - വിഷാദത്തിന്റെ അനുഭവ സാക്ഷ്യം.
ആമുഖമായി പറയട്ടെ, ഇത് ആധികാരികമായി വിഷാദത്തെകുറിച്ച് എഴുതാനോ പറയാനോ അര്‍ഹതയുള്ള ഒരു സൈക്യാട്രിസ്റ്റിന്റേയോ സൈക്കോളജിസ്റ്റിന്റേയോ കുറിപ്പല്ല. എട്ടുവര്‍ഷത്തോളമായി അതിന്റെ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിയുടെ അനുഭവവും ജീവിതവുമാണ്. മറ്റേത് രോഗവും സമൂഹത്തിനു മുന്‍പില്‍ വെളിപ്പെടുത്താന്‍ മടിക്കാത്ത നമ്മള്‍ ഏറ്റവും സാമൂഹിക സപ്പോര്‍ട്ട് ആവശ്യമായ വിഷാദരോഗത്തെ രഹസ്യമാക്കി കൊണ്ടുപോകുന്നത് എന്തിനെന്നതാണ് എന്നും എന്നെ കുഴക്കുന്ന ചോദ്യം. ഇതിലും മാരകമായ പ്രമേഹമൊക്കെ ഉണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്ന പലരും താന്‍ മാനസിക വിഭ്രാന്തിയിലൂടെ കടന്നു പോകുന്നു, എനിക്ക് സഹായം വേണമെന്ന് പറയാന്‍ മടിക്കുന്നു. ഇത് പല വലിയ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. അസഹ്യമായ സങ്കടങ്ങളുടെ ഭാരം താങ്ങാനൊക്കാതെ ചിലര്‍ മരണത്തിനൊപ്പം പോയേക്കാം. അഥവാ, തുറന്നു പറയുന്ന ചിലര്‍ക്ക് കുടുംബത്തിന്റേയോ കൂട്ടുകാരുടേയോ സപ്പോര്‍ട്ട് കിട്ടിയില്ലെന്നു വരാം. പാട്ടുകേള്‍ക്കാനും യാത്രപോവാനും സിനിമ കാണാനുമൊക്കെയുള്ള ഉപദേശം കൊണ്ട് വന്നേക്കാം. നമുക്ക് പനി ബാധിച്ചാല്‍ ഇങ്ങനെയൊക്കെ ചികിത്സിച്ചാല്‍ മാറാത്തപോലെ ഡിപ്രഷനും മാറില്ലെന്ന ഏറ്റവും ലളിതമായ ബോധവത്കരണം സമൂഹം കുറഞ്ഞപക്ഷം നേടിയെടുക്കേണ്ടതുണ്ട്.
പ്രധാന ഒഴിയാബാധ നമ്മെ നിരന്തരം വേട്ടയാടുന്ന, മുമ്പ് നടന്ന വേദനാകരമായ ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളാണ്. മറക്കാനോ വിട്ടുകളയാനോ ആകാതെ ചിന്തകള്‍ക്കൊപ്പം സദാ സഞ്ചരിച്ച് നരകയാതന സമ്മാനിക്കുന്ന ഈ ഭീദിത ഓര്‍മകള്‍ ഒരാളെ ഒരു ദിവസം എത്രയോ തവണ ഭയാനകമായ മരണത്തിനു മുന്നില്‍ അഭിമുഖമായി നിര്‍ത്തി പ്രാണനെടുപ്പിക്കുന്നുണ്ട്. അപ്പോഴനുഭവിക്കുന്ന സങ്കടവും വേദനയും ഭീതിയും അതനുഭവിക്കാത്തൊരാളുടെ മനസ്സിലൂടെ കടത്തിവിടുക എന്നതും ഇത്തരം രോഗികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ്.
മനുഷ്യനെ ജീവനോടെ തുണ്ടുതുണ്ടമാക്കാന്‍ കെല്‍പ്പുള്ള മാനസിക വിഭ്രാന്തിയുടെ മറ്റൊരുപേരാണ് വിഷാദരോഗം എന്നുവേണമെങ്കില്‍ പറയാം. ജീവനോടെ മരിച്ചുപോകുന്ന വിചിത്രാവസ്ഥ. ശവത്തിനകത്ത് ജീവിച്ചുപോകുന്ന മനുഷ്യാവസ്ഥ. ദൈനംദിന ജീവിതത്തിന്റെ രീതികളേയും ചിട്ടകളേയും മറന്നുകളയേണ്ടിവരുന്ന മറ്റൊരു അപരിചിത ലോകത്തേക്ക് കാലെടുത്തുവെപ്പിക്കുന്ന അവസ്ഥ. തൊടുന്നതും കാണുന്നതും കേള്‍ക്കുന്നതും ഓര്‍മകളോ ഭൂതകാലമോ എന്നുപോലും ഓര്‍ക്കാനാകാതെ ചുട്ടുപൊള്ളിച്ച് വേദനിപ്പിച്ച് ജീവിത്തെ തന്നെ നരക താണ്ഡവമാടിപ്പിക്കുന്ന ഭീകരലോകം. പുറത്തുകടക്കാനുള്ള വഴിക്കായി ഭ്രാന്തമായി ഓരോ വാതിലുകളും പ്രതീക്ഷയോടെ തട്ടിവിളിക്കുമ്പോള്‍ തുറക്കപ്പെടാതെ ചുട്ടുപൊള്ളുന്ന വിഭ്രാന്തിയില്‍ പഴുത്ത് പുകഞ്ഞ് പുകഞ്ഞ് ഇല്ലാതായിപ്പോകുന്ന പാവം മനുഷ്യര്‍.
ചില പ്രത്യേക സാഹചര്യ പ്രേരിതത്താല്‍ ബാധിക്കുന്ന-കുറച്ചു കാലത്തേക്ക് വന്ന് മറയുന്ന ഡിപ്രഷനും, ക്രോണിക്കായ ഇടയ്ക്കിടെ വന്ന് മറഞ്ഞുപോകുന്ന-ജീവിതത്തിന്റെ താളം തെറ്റിച്ച് ഭ്രാന്തോളം നമ്മെ എത്തിക്കുന്ന ഡിപ്രഷനും വളരെ വ്യത്യസ്തമാണ്. രണ്ടിലും ലക്ഷണങ്ങളും ബാധിക്കുന്ന രീതികളും ഒരുപോലെയാണെങ്കിലും, ഒന്ന് പൂര്‍ണ്ണമായി മാറാന്‍ സാധ്യതയുള്ളപ്പോള്‍ മറ്റേത് ചിരകാല രോഗമായി നമ്മോടൊപ്പം എന്നും കാണും. ക്രോണിക് ഡിപ്രഷന്‍ ബാധിക്കുന്നൊരാള്‍ക്ക് നമ്മള്‍ പൊതുവില്‍ പറയപ്പെടുന്ന 'സാധാരണ ജീവിതം' അസാധ്യമായേക്കാം. അത് ബാധിച്ച് റുട്ടീനുകളില്‍ വരുന്ന മാറ്റങ്ങളാല്‍ തന്റെ ജോലിയാണെന്ന് താന്‍ കരുതിപ്പോരുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാതെ വരും. അത്തരമൊരു അവസ്ഥയില്‍ നിരന്തരം തന്നെ ബാധിക്കുന്ന കുറ്റബോധങ്ങളില്‍ നിന്നും ഉറഞ്ഞുപൊന്തുന്ന മാറാത്ത സങ്കടങ്ങള്‍ നമ്മെ വരിഞ്ഞു മുറുക്കുക എന്നതാണ് ഈ രോഗത്തിന്റെ പിടിയിലാവരെ ആദ്യം വലക്കുന്ന വലിയ വേവലാതിയും സങ്കടവും. മറ്റൊരു പ്രധാന ഒഴിയാബാധ നമ്മെ നിരന്തരം വേട്ടയാടുന്ന, മുമ്പ് നടന്ന വേദനാകരമായ ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളാണ്. മറക്കാനോ വിട്ടുകളയാനോ ആകാതെ ചിന്തകള്‍ക്കൊപ്പം സദാ സഞ്ചരിച്ച് നരകയാതന സമ്മാനിക്കുന്ന ഈ ഭീദിത ഓര്‍മകള്‍ ഒരാളെ ഒരു ദിവസം എത്രയോ തവണ ഭയാനകമായ മരണത്തിനു മുന്നില്‍ അഭിമുഖമായി നിര്‍ത്തി പ്രാണനെടുപ്പിക്കുന്നുണ്ട്. അപ്പോഴനുഭവിക്കുന്ന സങ്കടവും വേദനയും ഭീതിയും അതനുഭവിക്കാത്തൊരാളുടെ മനസ്സിലൂടെ കടത്തിവിടുക എന്നതും ഇത്തരം രോഗികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ്.
ഡിപ്രഷന്‍ ബാധിച്ച് ഉലയുന്നവരെ, പ്രത്യേകിച്ചും മരുന്നിന്റെ സഹായമില്ലാതെ ജീവിക്കുക അസാധ്യമായവരെ സാധാരണ ബാധിക്കുന്ന വിഷാദരോഗത്തില്‍ നിന്നും വേറിട്ടു കാണുന്ന ഒരു ദയയെങ്കിലും ആ രോഗികളോട് കാണിക്കാനുള്ള സുമനസ്സ് സമൂഹം നിര്‍ബന്ധമായും വളര്‍ത്തിയെടുക്കേണ്ട ഗുണമാണ്.
തന്റെ അനുഭവത്തിന്റെ ചെറിയ തോതിലുള്ള വിവരണത്തിനുള്ള മറുപടിയായി ഒരുപക്ഷെ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത്, എല്ലാവരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണെന്നും നിങ്ങള്‍ മരുന്നുകഴിക്കുന്നു, ഞങ്ങള്‍ കഴിക്കുന്നില്ല എന്നുമാവും. അതു കേള്‍ക്കുമ്പോള്‍ അരിച്ചുകേറുന്ന ഒരു വേദനയോ ഞെട്ടലോ ഉണ്ട്. വിഷാദം ഏറ്റവും മുറുകെ നമ്മെ പിടികൂടുന്ന ദിവസം, പറ്റാവുന്ന എല്ലാ മരുന്നിന്റെയും സഹായത്തില്‍ നിന്നിട്ടും രക്ഷയില്ലാതെ ശ്വാസം പോലും കിട്ടാത്ത അവസ്ഥ വരും. കരഞ്ഞുകുതിര്‍ന്ന് ഒരു പിടച്ചലോടെ മരണത്തോട് നിരന്തരം പൊരുതിയിട്ടും അതിനെ കീഴടക്കാനും അടങ്ങാതിരിക്കാനും കഴിയാതിരിക്കുമ്പോള്‍, ഇതു തീര്‍ത്തു തരാന്‍ എളുപ്പവഴിയെന്നോണം മരണം വീണ്ടും മാടിവിളിക്കും. മരണവുമായുള്ള ദ്വന്ദയുദ്ധത്തിനു ശേഷം നേരിയ വിജയം കൈവരിച്ച് നില്‍ക്കുമ്പോള്‍ ചിന്തയില്‍ എപ്പോഴും തന്റെ മരണത്തിന്റെ പ്ലാന്‍ വരച്ചും മായിച്ചും ജീവിക്കേണ്ടി വരുന്നൊരാള്‍ക്ക് കേള്‍ക്കാന്‍ പറ്റുന്നതില്‍ ഏറ്റവും ക്രൂരമായ ആശ്വാസവാക്കുകളാണ് മേല്‍പറഞ്ഞ, 'എല്ലാവരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്' എന്നതൊക്കെ.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നൊരാള്‍ക്ക് മാത്രമേ വിഷാദങ്ങളുടെ പല അവസ്ഥാന്തരങ്ങളും മനസ്സിലാവുകയുള്ളൂ. മരുന്നിന്റെ ബലത്തിലല്ലാതെ ഒരു ദിവസം പോലും ജീവിക്കാന്‍ പറ്റാത്തൊരാളും മരുന്ന് കഴിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കാന്‍ കഴിയുന്ന ഡിപ്രഷനും ഒരുപോലെയല്ല; ഒരിക്കലുമല്ല. ഡിപ്രഷന്‍ ബാധിച്ച് ഉലയുന്നവരെ, പ്രത്യേകിച്ചും മരുന്നിന്റെ സഹായമില്ലാതെ ജീവിക്കുക അസാധ്യമായവരെ സാധാരണ ബാധിക്കുന്ന വിഷാദരോഗത്തില്‍ നിന്നും വേറിട്ടു കാണുന്ന ഒരു ദയയെങ്കിലും ആ രോഗികളോട് കാണിക്കാനുള്ള സുമനസ്സ് സമൂഹം നിര്‍ബന്ധമായും വളര്‍ത്തിയെടുക്കേണ്ട ഗുണമാണ്.
ഡിപ്രഷന്‍ പലതരത്തിലുണ്ട്, പലവിധത്തിലും പലരേയും ബാധിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ തരമാകുന്ന, സാമാന്യവത്കരിക്കാന്‍ ഒക്കാത്തത്. എത്ര രോഗികള്‍ ഡിപ്രഷനാല്‍ ബുദ്ധിമുട്ടുന്നുവോ അത്രയും തരത്തില്‍ ഒരോരുത്തരേയും ബാധിക്കുന്ന വിവിധങ്ങളായ ഡിപ്രഷന്‍ എന്ന രോഗത്തിന്റെ രീതികളും തരങ്ങളും വ്യത്യസ്തമാകുന്നു. എല്ലാ തരം ഡിപ്രഷനും സമാനമായ ലക്ഷണങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാവും. പക്ഷെ, ഒരോരുത്തരിലേയും അനുഭവതീവ്രത ഒരിക്കലും ഒരുപോലെയല്ല എന്നത് തീര്‍ച്ച. അതുകൊണ്ടുകൂടിയാണ് ഒരേ അളവുകോല്‍ വെച്ച് ഇത്തരം രോഗികളെ അളക്കാനോ ഒരേ മരുന്നും രീതികളും എല്ലാ രോഗികളില്‍ ഫലിക്കുന്നതായി പറയാനോ ഒരു സൈക്യാട്രിസ്റ്റിനും ആവാത്തത്. മറ്റു രോഗികള്‍ക്ക് കൊടുക്കുന്ന പോലെ ഒരേ മരുന്ന്, ഒരേ രോഗത്തിനെന്ന ചികിത്സാരീതി ഇവിടെ പലപ്പോഴും ഫലിക്കാറില്ല. ഒരു വീട്ടില്‍ മൂന്നു രോഗികളുണ്ടെങ്കില്‍ മൂന്നു തരം മരുന്നുകൊണ്ടുള്ള പരീക്ഷണം. ഓരോ വിഷാദരോഗിയും പല മരുന്നുകളുടെ പരീക്ഷണശാലയാണ്. മരുന്നിന്റെ ഏതു പരിക്ഷണ ഘട്ടത്തിലാണ് രോഗിക്കിണങ്ങുന്ന മരുന്ന് കണ്ടിപിടിക്കുക എന്നത് ചികിത്സിക്കുന്ന ആള്‍ക്കോ കഴിക്കുന്ന ആള്‍ക്കോ ഉറപ്പില്ലാത്തൊരു സന്ദിഗ്ധാവസ്ഥയിലൂടെ ഈ രോഗം കടന്നുചെല്ലുന്നത് പതിവാണ്. അതിന്റെ ഇരകളാവുക എന്നത് ഇത്തരം രോഗികളുടെ ഒരേയൊരു വഴിയും.
Depression can lead to suicide - ഇതാണ് ഈ രോഗത്തിന്റെ ഏറ്റവും അപകടാവസ്ഥ. ജീവിതത്തിന് മുന്നോട്ടുള്ള വഴിയില്‍ ഇരുളടഞ്ഞുപോകുന്ന അവസ്ഥ. ജീവിക്കാന്‍ തുറന്നൊരു വഴി - അങ്ങനെയൊന്ന് കാണാതെ വരുമ്പോള്‍ അവരുടെ ബോധം ഉണരുകയോ പ്രവര്‍ത്തിയെ നിയന്ത്രിക്കുകയോ ചെയ്യാന്‍ കഴിയാത്ത ഭയാനകമായ അവസ്ഥയിലാവൂം അവരെത്തിച്ചേരുക. സാഹചര്യം അനുകൂലമായാല്‍ ചിലപ്പോഴവരത് ചെയ്തുപോയെന്നു വന്നേക്കാം. അത് മനഃപൂര്‍വ്വമല്ല, വാശിയല്ല ജീവിതത്തില്‍ പകര്‍ന്നാടിയ ഇരുട്ടിന്റെ ഇരകളായിപ്പോവുക മാത്രമാണ്. അവരെ കുറ്റപ്പെടുത്തരുത്, പുച്ഛിക്കരുത്. നിങ്ങളോളം ചിന്തിക്കാന്‍ ശേഷി നഷ്ടപ്പെട്ട ഭ്രാന്തമായ വിഷാദത്തിന്റെ സ്വഭാവിക ഇരകളാണവര്‍. അവര്‍ക്കതിനു മുന്‍പ് സഹായഹസ്തങ്ങള്‍ നീണ്ടിരുന്നെങ്കില്‍, ദയാവായ്‌പ്പോടെ തലോടിയിരുന്നെങ്കില്‍, ആവശ്യത്തിന് ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവരുടെ ആയുസ്സിന്റെ ചെറിയ ഭാഗം നിങ്ങളുടെ കൈകളില്‍ ഭദ്രമായേനേ. വൈകിപ്പോയതില്‍ ഖേദമാവാം. രോഗിയെ കുറ്റക്കാരനാക്കാതിരിക്കാനെങ്കിലും ദയകാട്ടുക. അവര്‍ ഭീരുവല്ല. താങ്ങിത്തളര്‍ന്ന കൊടും ഭാരം അവര്‍ക്കറിയാവുന്ന വഴിയില്‍ ഇറക്കിവെക്കുക മാത്രമാണവര്‍ ചെയ്തിരിക്കുക. അവരോട് പൊറുക്കുക. അതേ അവസ്ഥയിലുള്ള കുറേപേരെ കണ്ടെത്തി ഒരു കൈതാങ്ങാവുക. എങ്കില്‍ ആയിരങ്ങളെ രക്ഷിക്കാന്‍ നമുക്കൊരുപക്ഷെ ആയേക്കാം. മാറാരോഗം പോലെ ധനസഹായമല്ല കൈസഹായം.
വിഷാദരോഗികളുടെ തന്റെ പ്രിയപ്പെട്ടവരോടുള്ള തുറന്നു പറച്ചിലില്‍ നമുക്കെങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കാം. അവരുടെ പ്രശ്നങ്ങളെ ചോദിച്ചറിയുക. വിഷമിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കുക. നമുക്ക് എങ്ങനെ സപ്പോര്‍ട്ട് ചെയ്യാമെന്ന് ആരാഞ്ഞ്, കൂടെ നില്‍ക്കാം. അങ്ങനെ അവര്‍ക്കൊപ്പം, അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിങ്ങളുണ്ടെന്ന തോന്നല്‍ സമ്മാനിക്കുന്നത് ഒരു ജീവന്‍ കൈക്കുള്ളില്‍ ഭദ്രമാക്കുന്നത്ര പുണ്യമാണെന്നോര്‍ക്കുക.
ദയാവായ്പ്പ്, സ്നേഹം കരുതല്‍ ഇതൊക്കെയാണ് ഇത്തരം രോഗികള്‍ക്ക് തുണയാകേണ്ടത്. നിനക്കെങ്ങനെ എന്ന ചോദ്യം പോലും അവര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതാവില്ല. ബന്ധു-സുഹൃത്താദികളുടെ കൈവിടലാണ് വിഷാദരോഗികളെ ഏറ്റവും അധികം വേദനിപ്പിക്കുക, നിസ്സഹായരാക്കുക, ആരുമില്ലെന്ന തോന്നലിന്റെ ഇരുട്ടിലേക്ക് തള്ളി നിര്‍ത്തുക. ഈഗോയെ മാറ്റി നിര്‍ത്തി മനുഷ്യരെ ഇത്തിരി പരിഗണിച്ചാല്‍ മനുഷ്യന്റെ ഏത് ദുരഭിമാനത്തിനാണ് കോട്ടമേല്‍ക്കുക? മനുഷ്യത്വത്തിനു മേല്‍ കെട്ടിപ്പൊക്കുന്ന ഏത് ഈഗോയ്ക്കും ദുരഭിമാനത്തിനും മനുഷ്യന്റെ ഏറ്റവും നീചമായ വികാരത്തിനൊപ്പൊം നില്‍ക്കാനേ യോഗ്യതയുണ്ടാവൂ എന്ന് മനസ്സിലുറപ്പിച്ച് തിരുത്തുക. മനുഷ്യനാവാനുള്ള ആദ്യ പടിയായി അതു പരിഗണിക്കപ്പെടട്ടെ. ദയയും സ്നേഹവും എത്രയുള്ളൊരാളാണെങ്കിലും പുറത്തു കാട്ടാതിരിക്കുന്നതും പ്രകടിപ്പിക്കാതിരിക്കുന്നതും, മരുഷ്യത്വരഹിതമായ ക്രൂരമായ പെരുമാറ്റവും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നും ഒന്നാണെന്നും അറിഞ്ഞുവെക്കുക. അങ്ങനൊരു ബോധവത്കരണം സമൂഹത്തില്‍ പകര്‍ന്നാടട്ടെ.
വിഷാദരോഗത്തെ നിസാരവത്കരിക്കാതിരിക്കുക. നിങ്ങളുടെ കൂട്ടത്തിലൊരാളുടെ സ്വഭാവത്തിന്റെ വ്യതിയാനങ്ങളിലേക്ക് ശ്രദ്ധപതിക്കാന്‍ എപ്പോഴും ജാഗരൂകരാവുക. ഉള്‍വലിയുന്ന ആരേയും അവഗണിക്കാതിരിക്കുക. ചിലപ്പോള്‍ രക്ഷിക്കാനാവുക ഒരു ജീവിതമാവും. സ്വന്തം മരണത്തിന് സ്‌കെച്ചിട്ടു നടക്കുന്ന ഒരാളുടെ ചലനങ്ങളില്‍ നിന്നും നമുക്കതുവായിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടാറുണ്ട്. സൗഹൃദത്തില്‍ കരുതലിന്റെ സ്ഥാനം എല്ലാത്തിനും മേലെ നില്‍ക്കട്ടെ. വിഷാദരോഗികളുടെ തന്റെ പ്രിയപ്പെട്ടവരോടുള്ള തുറന്നു പറച്ചിലില്‍ നമുക്കെങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കാം. അവരുടെ പ്രശ്നങ്ങളെ ചോദിച്ചറിയുക. വിഷമിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കുക. നമുക്ക് എങ്ങനെ സപ്പോര്‍ട്ട് ചെയ്യാമെന്ന് ആരാഞ്ഞ്, കൂടെ നില്‍ക്കാം. അങ്ങനെ അവര്‍ക്കൊപ്പം, അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിങ്ങളുണ്ടെന്ന തോന്നല്‍ സമ്മാനിക്കുന്നത് ഒരു ജീവന്‍ കൈക്കുള്ളില്‍ ഭദ്രമാക്കുന്നത്ര പുണ്യമാണെന്നോര്‍ക്കുക.
| സുജി മീത്തല്‍
രോഗത്തിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിലൂടെ കടന്നുപോകുന്ന എന്നോട് ' better to admit ' എന്ന് ഡോക്ട്ടര്‍ നിര്‍ദേശിക്കുമ്പോള്‍ - പനി കണ്‍ട്രോള്‍ ആവാത്തൊരാളെ അഡ്മിറ്റ് ചെയ്യാന്‍ പറയുന്ന അതേ രോഗാവസ്ഥയോടെ - എല്ലാ രോഗത്തെയുംപോലെ കാണാന്‍, എന്നെ പ്രേരിപ്പിക്കാന്‍ എന്റെ തോന്നലുകള്‍ കുറിച്ചിടുന്നു ഇവിടെ എന്നുമാത്രം. രോഗത്തിന്റെ ഭീകരമായ അറ്റാക് അസഹ്യമാകുമ്പോഴും ഈ രോഗം മറച്ചുപിടിക്കേണ്ടതോ സഹായം തേടാന്‍ മടിക്കേണ്ട രഹസ്യസ്വഭാവത്തില്‍ കൊണ്ടുനടക്കേണ്ടതോ ആയ ഒന്നല്ലെന്നും, പരസ്പര സഹായം ഏറ്റവും പ്രയോജനം കിട്ടുന്ന രോഗാവസ്ഥയാണെന്നുമുള്ള ഉറപ്പുണ്ട്. അതുകെണ്ടുതന്നെ അത്തരം രോഗികള്‍ക്ക് കൂടുതല്‍ കൂടുതല്‍ സഹായം വാഗ്ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് പ്രേരണയാവട്ടെയെന്ന തോന്നല്‍ ശക്തമാവുമ്പോള്‍ തുറന്നെഴുതേണ്ടതുണ്ടെന്ന ഉറച്ച വിശ്വാസവും ഈ കുറിപ്പ് ഇവിടെ കുറിക്കുന്നതിന് പ്രേരകമാകുന്നു. അത് എനിക്കൊരാശ്വാസവും ഒരേ സമയം ബോധവത്കരണവുമാണ്.
Adjust Story Font
16