Quantcast

സിനിമയുടെ കാഴ്ചകളുടെ സൗന്ദര്യത്തെ അട്ടിമറിക്കുന്ന പെണ്ണും പൊറാട്ടും

ഒരു ഫോക്ക്/ഫാന്റസി തുടങ്ങിയ എലമെന്റുകളിലൂടെ നിർമ്മിക്കപ്പെടുന്ന ഒരു വിഷ്വൽ ആയി രൂപപ്പെടുമ്പോൾ 'പെണ്ണും പൊറാട്ടും' മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു മൈക്രോ കൾച്ചറിന്റെ ഫ്രഷ്‌നെസ് നമുക്ക് തരുന്നു. ഒരു സാംസ്കാരികതയെ കുറിച്ചുള്ള അറിവില്ലായ്മ ഒരുപക്ഷേ ആ സാംസ്കാരികതയെ തിരിച്ചറിയുമ്പോൾ കൂടുതൽ ആഹ്ലാദം ഉണ്ടാക്കും എന്ന ഒരു രീതിയിലാണ് പെണ്ണും പൊറാട്ടും എന്ന സിനിമയിലെ ദൃശ്യതകൾ ആ സിനിമയുടെ ക്രിയേറ്റേഴ്സ് സൃഷ്ടിച്ചിരിക്കുന്നത്

MediaOne Logo
സിനിമയുടെ കാഴ്ചകളുടെ സൗന്ദര്യത്തെ അട്ടിമറിക്കുന്ന പെണ്ണും പൊറാട്ടും
X

മലയാള സിനിമയിൽ ഇന്നുവരെ വ്യത്യസ്തങ്ങളായ അനേകം കൾച്ചറൽ വിഷ്വലൈസേഷനുകൾ സംഭവിച്ചിട്ടുണ്ട്. പല തരത്തിലുള്ള സാംസ്കാരികതകളുടെ സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമ വ്യവസായത്തിന് മദ്രാസിൽ നിന്ന് കൊച്ചിയിലേക്കും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ജ്യോഗ്രഫിക്കൽ ആയ ഡിസ്പ്ലേസ്മെന്റുകൾ ഉണ്ടായിട്ടുണ്ട്. വടക്കൻ മലബാറിലെ കാഞ്ഞങ്ങാട് പോലുള്ള സ്ഥലങ്ങളിൽ ഒക്കെ ഫിലിം പ്രൊഡക്ഷനുകൾ ഇപ്പോൾ ധാരാളമായി സംഭവിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ വിഷ്വലുകളിലെ സാംസ്കാരികതയിൽ തീമുകളിൽ പ്ലോട്ടുകളിൽ ഇത്തരം ജ്യോഗ്രഫിക്കൽ ഡിസ്പ്ലേസ്മെന്റുകൾ ഉണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നും കാസറഗോഡ് നിന്നും ഉള്ള സിനിമകൾ നമ്മൾ കണ്ടു തുടങ്ങിയിരിക്കുന്നു. പ്രകമ്പനം എന്ന സിനിമ കാണുമ്പോൾ അസീസ് എന്ന നടൻ സിനിമയിലെ റിയാലിറ്റിക്ക് വേണ്ടി കണ്ണൂർ ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ടുന്നതൊക്കെ ഇത്തരം സാംസ്കാരിക അട്ടിമറിയുടെ ഭാഗം കൂടെയാണ്. കണ്ണൂരിനെ ആക്സസ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് നമുക്ക് മനസ്സിലാകുന്നു. സിനിമ എന്ന വലിയ മാധ്യമം അതിന്റെ തന്നെ ഘടകങ്ങൾ എന്ന രീതിയിൽ അപനിർമ്മിക്കപ്പെട്ട ഷോർട്ട് വീഡിയോകൾ, റീൽസ്, യൂട്യൂബ് വീഡിയോകൾ, വ്ലോഗിങ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പല തരത്തിലുള്ള ജ്യോഗ്രഫിക്കൽ ലൊക്കേഷനുകളിലേക്കും മൈക്രോ കൾച്ചറുകളിലേക്കും ഡയലക്ടുകളിലേക്കും അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അത്തരം അപരങ്ങളായ അനേകം വിഷ്വലുകൾ ഇന്ന് അനേകമായി ഉയിർക്കുന്നുമുണ്ട്.

പാലക്കാട് എന്ന ലൊക്കേഷനിൽ തന്നെ മലയാള സിനിമ പുതിയ തരത്തിലുള്ള ഒരു സാംസ്കാരിക സംഘർഷങ്ങൾ രൂപപ്പെടുത്തി ആ ജ്യോഗ്രഫിയുടെ ദൃശ്യതയെ തന്നെ വലിയ രീതിയിൽ മാറ്റം സംഭവിപ്പിച്ചിട്ടുണ്ട്. 'മട്ടാഞ്ചേരി മാഫിയ' എന്നൊക്കെ പേരിട്ട് വിളിച്ച ഒരു സംഘം സിനിമാക്കാരുടെ ഗ്രൂപ്പുകൾ കൊച്ചിയിലെ പല തരത്തിലുള്ള ലോക്കൽ കൾച്ചറുകളിലേക്കും സിനിമയെ ചലിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നും വഴിമാറി മൈക്രോ കൾച്ചറിലേക്ക് കൊച്ചിയെ ദൃശ്യതപ്പെടുത്തിയ അപര/അപാര ജീവിതങ്ങളെ കാണിച്ച് തന്ന ഒരു വെബ് സീരീസ് ആയിരുന്നു ‘ഒതളങ്ങ തുരുത്ത്’. അത് വലിയ കയ്യടി നേടുകയും ചെയ്തു. പാലക്കാട് എന്ന ഒരു ദൃശ്യതയിൽ മലയാളം സിനിമ ഒരു കാലത്ത് നില നിന്നിരുന്ന ഒറ്റപ്പാലം നായർ വിഷ്വലൈസേഷനെ ആകെ തകർത്തുകൊണ്ട് മലയാളം സിനിമ മുന്നേറുന്നുമുണ്ട്. ഓർഡിനറി എന്ന സിനിമയിലെ ബിജു മേനോന്റെ ഡയലക്ട് പാലക്കാട് എന്ന ഭൂമിയിലെ അന്ന് വരെ പ്രേക്ഷകർ കാണാത്ത ഒരു ഡയലക്ടിനെ വെളിച്ചത്ത് കൊണ്ടുവന്നു.

പെണ്ണും പൊറാട്ടും എന്ന സിനിമ ഒരു ഫോക്ക്/ഫാന്റസി തുടങ്ങിയ എലമെന്റുകളിലൂടെ അത്തരം ഗ്രാമറുകളിലൂടെ നിർമ്മിക്കപ്പെടുന്ന ഒരു വിഷ്വൽ ആയി രൂപപ്പെടുമ്പോൾ അത് മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു മൈക്രോ കൾച്ചറിന്റെ ഫ്രഷ്‌നെസ് പട്ടട എന്ന ദേശത്തിലൂടെ നമുക്ക് തരുന്നു. മുമ്പ് പെരുമാനി എന്ന സിനിമയിൽ ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ മുസ്ലിം കൾച്ചറുകൾ പല തരത്തിൽ കാരിക്കേച്ചറുകളായി നമുക്ക് കാണുവാൻ കഴിഞ്ഞത് കൊണ്ട് അത് വ്യത്യസ്തമായിരുന്നെങ്കിലും ആ സാംസ്കാരികതയെ കുറിച്ച് ചിലത് നമുക്ക് അറിയാവുന്നതുകൊണ്ടും അത് അത്ര വലിയ അട്ടിമറികളായി അനുഭവപ്പെട്ടില്ല. ഒരു സാംസ്കാരികതയെ കുറിച്ചുള്ള അറിവില്ലായ്മ ഒരുപക്ഷേ ആ സാംസ്കാരികതയെ തിരിച്ചറിയുമ്പോൾ കൂടുതൽ ആഹ്ലാദം ഉണ്ടാക്കും എന്ന ഒരു രീതിയിലാണ് പെണ്ണും പൊറാട്ടും എന്ന സിനിമയിലെ ദൃശ്യതകൾ ആ സിനിമയുടെ ക്രിയേറ്റേഴ്സ് സൃഷ്ടിച്ചിരിക്കുന്നത്. ഫോക്/ഫാന്റസി/ഫിക്ഷൻ എന്നീ രീതികളിൽ കേരളത്തിന്റെ പൊതു ബോധത്തിൽ ഇന്നുവരെ ദൃശ്യപ്പെട്ടിട്ടില്ലാത്ത ഒരു മൈക്രോ കൾച്ചറിനെ പോപ്പുലർ കൾച്ചറിന്റെ സ്‌ക്രീനിൽ അവതരിപ്പിച്ചു എന്നതിനാണ് ഈ സിനിമക്ക് കയ്യടി. കേരളത്തിലെ മലയാള സിനിമയുടെ സൗന്ദര്യശാസ്ത്രം ഇങ്ങനെ അടിമുടി അട്ടിമറിച്ച ഒരു സിനിമയാണ് പെണ്ണും പൊറാട്ടും.

പോപ്പുലർ സിനിമയിലെ താര/അഭിനയ ശരീരങ്ങൾ പലപ്പോഴും രൂപപ്പെടുന്നത് ആ സമൂഹത്തിന്റെ മൊറാലിറ്റി/കൾച്ചറൽ പവർ/പൊളിറ്റിക്കൽ അഫർമേഷൻ തുടങ്ങിയവയിലൂടെ രൂപപ്പെടുന്ന സമൂഹ മനസ്സാക്ഷിയിലൂടെയായിരിക്കും. കേരളീയതയിലാണെങ്കിൽ ഇത്തരം അഭിനയ ശരീരങ്ങൾ രൂപപ്പെടുന്നതിൽ ഒരു പ്രധാന ഘടകം ജാതീയത കൂടിയാണ്. പക്ഷേ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ വിനായകൻ മുതൽ പല നടീ നടന്മാരും ചെറുതും വലുതുമായ ഇത്തരം താര/അഭിനയ സൗന്ദര്യ മനഃശാസ്ത്രത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. പെണ്ണും പൊറാട്ടും എന്ന സിനിമ മലയാള സാംസ്കാരികതയിൽ നടത്തുന്ന അട്ടിമറി എന്ന് പറയുന്നത് പൊളിറ്റിക്കൽ മൊറാലിറ്റി/കറക്ട്നസ് എന്നിവ ഒക്കെ മാറ്റി വെച്ച് ആലോചിച്ചാൽ ഈ സിനിമ രൂപപ്പെടുത്തുന്ന സബാൾട്ടൻ ശരീരങ്ങളുടെ സ്‌ക്രീനുകളിലെ ആഘോഷങ്ങളാണ്. ശരീരങ്ങൾ മാത്രമല്ല, ഈ ശരീരങ്ങൾ ഇടപഴകുന്ന വീടുകൾ, അവയുടെ ചുവരുകൾ, മൃഗങ്ങൾ, ഭൂമി എന്നിവ ഒക്കെ ചേർന്നുള്ള ഒത്തു പോകുകയും സംഘർഷപ്പെടുകയും ചെയ്യുന്ന ഒരു സൗന്ദര്യശാസ്ത്രത്തിലൂടെ വൻ പൊളിയാണ് പൊളിക്കുന്നത്. കടും നിറമുള്ള ചുമരുകളുള്ള സബാൾട്ടൻ വീടുകൾ, അവയിൽ ഇടപെടുന്ന കറുത്ത ശരീരങ്ങൾ, അവർ പെരുമാറുന്ന കിണറുകൾ, മൃഗങ്ങൾ, വാഹനങ്ങൾ, പാലങ്ങൾ തുടങ്ങിയവയിലൂടെ ആണ് ഈ സൗന്ദര്യം രൂപപ്പെടുന്നത്. ഈ ശരീരങ്ങൾ തങ്ങളുടെ പരിസരങ്ങളുമായി ചേർന്ന് കൊണ്ടാണ് ജൈവികമായ ‘ആഘോഷങ്ങൾ’ രൂപപ്പെടുന്നത്. ഒരു കല്യാണ നിശ്ചയത്തിൽ പരസ്പരം കൈമാറുന്ന വധുവിന്റെയും വരന്റെയും രൂപങ്ങൾ, ഡാൻസ് കളിക്കുന്ന കറുത്ത നിറമുള്ള ചെറുപ്പക്കാരന്റെ വസ്ത്രം, കണ്ണട, അവിടെ കൂടിയിരിക്കുന്ന സകലമാന മനുഷ്യരുടെയും വേഷങ്ങൾ, നിറങ്ങൾ, ചുവരുകൾ എന്നിവ ഒക്കെ ചേർന്ന് കൊണ്ടുള്ള ജൈവികമായ ഒരു എക്സ്ട്രീം സൗന്ദര്യം ഈ സിനിമ രൂപപ്പെടുത്തുന്നു. നമ്മൾ കാണുന്ന വളരെ വയലന്റ് ആയ ബ്രസീലിയൻ സിനിമകളിലെ ഗ്രാമങ്ങളിലെ ദൃശ്യത പോലെ തോന്നിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഭാഷ പോലും ഈ സിനിമക്കുണ്ട്. അത് കേരളത്തിലെ ഒരു മൈക്രോ കൾച്ചറിലേക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് സൃഷ്ടിക്കുന്നത്.

കേരളത്തിലെ പരിസ്ഥിതിക അവബോധം എന്നത് ചില റൊമാന്റിക് ബുദ്ധിജീവികൾ രൂപപ്പെടുത്തിയ മൃഗങ്ങളും മനുഷ്യരും കൂടി ചേർന്നുള്ള ജൈവികമായ ഒരു പ്രകൃതി എന്ന രീതിയിലൊക്കെ വായിച്ചുകൊണ്ടായിരുന്നു. പക്ഷേ ഈ സിനിമയിൽ ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന രീതിയിൽ മനുഷ്യരും മൃഗങ്ങളും ഒക്കെ അടങ്ങുന്ന ഒരു പരിസ്ഥിതിക ജീവിതത്തിൽ വ്യത്യസ്തത ആകുന്നത് മനുഷ്യരും മൃഗങ്ങളും തമ്മിൽ രൂപപ്പെടുന്ന ഫാന്റസിയിലൂടെ ഉള്ള സംഘർഷങ്ങളാണ്. പട്ടിയെ മോശമായി ട്രീറ്റ് ചെയ്യുന്ന മനുഷ്യനും, പട്ടി ‘മനുഷ്യന്റെ മോനെ’ എന്ന് തെറി വിളിക്കുന്നതും, പട്ടി മനുഷ്യരെയും പൊലീസുകാരെയും കടിച്ചു കീറുന്നതും അടക്കം അനേകം സംഘർഷങ്ങൾ രൂപപ്പെടുന്നു. പട്ടിയുടെ ചങ്ങല, ചങ്ങലയാകുന്നതോടുകൂടിയാണ് അതിന് ഭ്രാന്ത് അനുഭവിക്കേണ്ടി വരുന്നത്. ഈ സിനിമയിലെ പട്ടിയോടുള്ള ചരുവിന്റെ സ്നേഹം പോലും ഒരു ചങ്ങലയാണെന്ന് മനസ്സിലാക്കി ആണ് ‘തനിക്ക് ഇടം ഇല്ലാത്ത ലോകത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ഭൂമി ഇത്രയും വിശാലമായത്’ എന്ന ലോകത്തിന്റെ തന്നെ അതിമനോഹരമായ ഫിലോസഫിയിലേക്ക് ആ മൃഗം പോകുന്നു. പട്ടിയെ പോലെ തന്നെ ഒരു പൊറാട്ട് മേശയ്ക്കു മുന്നിൽ കാഷ്ഠിക്കുന്ന കോഴി, ചാണകം തുടച്ചു വൃത്തിയാക്കുന്ന താറാവ്, വീട്ടിനകത്ത് ചാണകമിടുന്ന പശു, കയറു പൊട്ടിച്ച് മനുഷ്യരെ വീഴ്‌ത്തുന്ന പശു, ഈ മൃഗങ്ങളുടെയും പശുക്കളുടെയും ഇടയിൽ നടക്കുന്ന പൊറാട്ട് — ഇത്തരം വിഷ്വാലിറ്റിയിലൂടെ സംവിധായകൻ ഒരു പുതിയ ജൈവിക ലോകം ഈ സിനിമയിലൂടെ തുറന്നു വിടുകയാണ്.

കേരളത്തിൽ ഇന്നുവരെ ആഘോഷിക്കപ്പെട്ട ഗ്രാമീണ സിനിമകൾ മിക്കവാറും മനുഷ്യരെ കേന്ദ്രീകരിച്ചതും (അതിൽ മുക്കാൽ പങ്കും സവർണരും) അവരുടെ കഥകളും അവരുടെ സൈഡ് ഫാക്റ്ററുകളായി അവരുടെ ജീവിത മാർഗം, കൃഷി എന്നിവയൊക്കെ രൂപപ്പെട്ടു നിൽക്കുന്ന സാംസ്കാരികതയിലുള്ള മൃഗങ്ങളുടെ ദൃശ്യതകളുമായിരുന്നു. മനുഷ്യരുടെ കഥകളായിരുന്നു ഗ്രാമീണ സിനിമകൾ പറഞ്ഞത്. പക്ഷേ പെണ്ണും പൊറാട്ടും ഗ്രാമീണത, മനുഷ്യരുടെ ദേശ സങ്കൽപം എന്ന തലം തന്നെ അട്ടിമറിച്ച് കൊണ്ട് മനുഷ്യർ, പട്ടികൾ, പശുക്കൾ, താറാവുകൾ ഒക്കെ ചേരുന്ന ഭൂമിയുടെ അവകാശികൾ എന്ന ബഷീറിയൻ കോൺസെപ്റ്റിലേക്ക് ഇത് വികസിക്കുന്നു. നന്മയുള്ള നാട്ടിൻപുറം എന്ന സങ്കൽപങ്ങളൊക്കെ എടുത്ത് കുഴിയിൽ തള്ളി വിശാലമായ ഒരു മനുഷ്യരും മൃഗങ്ങളും ഒക്കെ ഉള്ള ലോകത്തിലേക്ക് കൊണ്ടുപോകുന്നു. അവസാനം മൃഗങ്ങളുടെ ഒരു താഴ്വരയിൽ ബേസിൽ ജോസഫും ടോവിനോയും ഒക്കെ ലോകത്തെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അത് വിശാലമായ ഈ ലോകത്തെ കവിതയായി മാറുന്നു. ലോകത്തിലെ മനുഷ്യർക്കു പുറത്തുള്ള വയലൻസും സംഘർഷവും മനുഷ്യരുമായുള്ള സംഘർഷങ്ങളും ഈ സിനിമ രൂപപ്പെടുത്തുന്നത് അപാരമായ സൗന്ദര്യത്തിലൂടെയാണ്.

ഈ സിനിമയിലെ സബാൾട്ടൻ മനുഷ്യരുടെ സൗന്ദര്യം എന്നതിനപ്പുറം ഈ സിനിമയിലെ ദൃശ്യത രൂപപ്പെടുത്തുന്ന പലവിധ ടൂളുകളും ഉണ്ട്. ആ പരദൂഷണം മൂപ്പിച്ച് കൊടുക്കുന്ന പെൺകുറ്റിയൊക്കെ കഥാപാത്രങ്ങൾ മലയാള സിനിമയിലെ ശരീരങ്ങളുടെ സൗന്ദര്യശാസ്ത്രം അട്ടിമറിക്കുന്ന അപാരമായ ഫെമിനിറ്റിയാണ്. കേരളത്തിലെ ദേശ/ഗ്രാമീണ സിനിമകളിലെ വീടുകളിലെ ആർക്കിടെക്ചറുകൾ, ആരാധന ഉപകരണങ്ങൾ (നിലവിളക്ക് തുടങ്ങിയവ), ആരാധനാ രീതികൾ, പ്രാർത്ഥനകൾ, വീടിന്റെ ആർക്കിടെക്ചർ തുടങ്ങിയവ ഒക്കെ ഒരുപക്ഷേ നമ്മൾ കണ്ടു മടുത്തതാണ്. പലപ്പോഴും പഴയ സംവിധായകർ അത് ആവർത്തിക്കാറുമുണ്ട്. ഈ പഴമയെ പുതിയ ഒരു നഗരകേന്ദ്രീകൃത ഇടത്തേക്ക് കൊണ്ടുവന്ന് ആഘോഷിച്ച് ചളമാക്കുന്ന സിനിമയാണ് ‘ആശകൾ ആയിരം’ പോലുള്ളവ. അതിനെ വിന്റേജ് എന്നൊക്കെ വിളിച്ചു ആഘോഷിക്കുന്ന മലയാളികളും ഇപ്പോഴുണ്ട് എന്നത് ദാരിദ്ര്യവുമാണ്. പക്ഷേ പെണ്ണും പൊറാട്ടും എന്ന സിനിമയിലെ ഫാന്റസിയിലൂടെ രൂപപ്പെടുന്ന ഒരു ദേശത്തിന്റെ സ്ട്രക്ചർ രൂപപ്പെടുത്തുന്ന ഉപകരണങ്ങൾ തന്നെ നമ്മുടെ കാഴ്ചയുടെ വിഷ്വൽ ഗ്രാമറിനെ അട്ടിമറിക്കുന്നതാണ്. ഒരു എലി ഓടിക്കുന്ന ‘ഫാനിന്റെ’ സീൻ തന്നെ അപാരമായ ഒരു ജൈവികതയാണ്. ജൈവിക ജീവിതവും ടെക്‌നോളജിയും മനുഷ്യ സംസ്കാരവും ഒക്കെ ചേർന്നുള്ള ഒരു ആൾട്ടർ ലാംഗ്വേജ് അത് രൂപപ്പെടുത്തുന്നുണ്ട്. സയൻസും ടെക്‌നോളജിയും, ക്ഷുദ്രജീവികളും ജൈവികതയും ഒക്കെ ചേർന്നുള്ള ഒരു റിഥം. ചരുവിനു മെസേജ് അയക്കുന്ന കുമാരൻ ഇരിക്കുന്ന കക്കൂസ്, അത് മരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ആർക്കിടെക്ചർ, ഈർക്കിലി കൊണ്ട് കളിക്കുന്ന ക്ലബ്ബിലെ യുവാക്കൾ, പശുവിനെ കെട്ടുന്ന കയർ, ചാണകം, കറുത്ത നിറമുള്ള മനുഷ്യർ, കടും നിറമുള്ള ചുമരുകൾ, മഞ്ഞ നിറമുള്ള കാർ, കാറിൽ കൊണ്ടുപോകുന്ന ടൂളുകൾ, പട്ടിയെ വേട്ടയാടുന്ന ഉപകരണങ്ങൾ, പടക്കങ്ങൾ എന്നിവ ഒക്കെ ചേർന്ന് കേരളത്തിൽ ഒരു പുതിയ ഫാന്റസി ഫെയറി ലാൻഡ് ഉണ്ടാക്കി രാജേഷ് മാധവൻ നമ്മുടെ മുന്നിലേക്ക് വിടുന്നു. ആലീസ് ഇൻ വണ്ടർലാൻഡ് പോലെ സിനിമ സ്‌ക്രീനിലൂടെ മറ്റൊരു ലോകത്ത് പോയി കണ്ടിരിക്കാനുള്ള, വണ്ടറടിക്കാനുള്ള ഒരു തലം കൂടി ഈ സിനിമ സൃഷ്ടിക്കുന്നു.

സമൂഹം എന്ന നിർമ്മിതി എത്ര വയലന്റ് ആയ ഒരു സ്ഥാപനം കൂടിയാണ് എന്ന് ഒരു പട്ടിയുടെ പെർസ്പെക്റ്റീവിലൂടെ കാണിക്കുന്ന ഫിലോസഫിക്കൽ ആയ മാനവും ഈ സിനിമക്കുണ്ട്. നിലനിൽക്കുന്ന സാമൂഹികതയ്ക്ക് പുറത്തുനിന്നുകൊണ്ട് ലൈംഗികത എന്ന ആഹ്ലാദത്തെ ആഘോഷിക്കാൻ തയ്യാറാകുന്ന ഒരു കുട്ടപ്പായിയെ കല്യാണം എന്ന ‘പൊറാട്ടി’ലേക്കും സാമൂഹിക സ്ഥാപനത്തിലേക്കും ചുരുക്കിക്കെട്ടുന്ന, അല്ലെങ്കിൽ അത്തരം ലൂപ്പുകളിലേക്ക് വീഴ്ത്തുന്ന സാമൂഹിക സ്ഥാപനം/അധികാരങ്ങൾ/കൂട്ടം എന്നിവയെ വായിക്കുക കൂടിയാണ് ഈ സിനിമ ചെയ്യുന്നത്. സ്വതന്ത്രമാകാൻ ശ്രമിച്ചു ഓടുന്ന പട്ടിയുടെ പിന്നിൽ ഓടുന്ന വേട്ടക്കാരായ മനുഷ്യർ തന്നെ ക്രൂരമായ അധികാരത്തിന്റെ ചിഹ്നങ്ങൾ കൂടെ ആണ്. ഭക്ഷണം, സുരക്ഷിതത്വം, കൂട്, ചങ്ങല, സ്നേഹം തുടങ്ങി സമൂഹം വെച്ച് നീട്ടുന്ന ചൂണ്ടയിൽ കൊത്താതെ, അതിൽ നിന്നുമൊഴിഞ്ഞ് ചിതറിത്തെറിച്ചു ഒരു പട്ടി തന്റെ ലോകത്തേക്കും തന്റെ പാട്ടിലേക്കും പോകുമ്പോൾ, ഇതിലെ സമൂഹത്തിന്റെ പലവിധ സ്ഥാപനങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും ചിതറിത്തെറിക്കുന്ന മനുഷ്യർ ഇതേ സമൂഹത്തിന്റെ സ്ഥാപനങ്ങളിലേക്കും ആചാരങ്ങളിലേക്കും കൂപ്പുകുത്തുന്ന പാരഡോക്സിക്കൽ ആയ കാഴ്ചകൾ കൂടി ഈ സിനിമയിൽ രൂപപ്പെടുന്നു. സമൂഹത്തിലെ മതങ്ങൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, ആക്ടിവിസങ്ങൾ, അറിവുകൾ രാഷ്ട്രീയ പ്രതികാരങ്ങൾ ഒക്കെ ഒരു തരത്തിൽ ‘സ്ഥാപനങ്ങളായി’ മാറുന്നുണ്ട്. പക്ഷേ സമൂഹം എന്ന ആത്യന്തിക സ്ഥാപനം — അത് തന്നെ രൂപപ്പെടുന്ന അനേകങ്ങളായ മറ്റു സ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയങ്ങളിൽ നിന്നും വിഘടിച്ച് സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് പോകുന്ന ഇതിലെ പട്ടി — ഒരു ഫിലോസഫിക്കൽ രൂപമായി കൂടി മാറുന്നു. അതേസമയം, സമൂഹം, മൊറാലിറ്റി, പൊളിറ്റിക്കൽ കറക്റ്റ്‌നസ്, ആക്ടിവിസം, രാഷ്ട്രീയം, പ്രതികരണങ്ങൾ എന്നീ ലൂപ്പുകളിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യരുടെ ഐക്കൺ ആയി ഇതിലെ കുമാരൻ അടക്കമുള്ള കഥാപാത്രങ്ങൾ മാറുന്നു. മാഷ് എന്ന ഒരു കഥാപാത്രം ഒരു സാമൂഹിക സ്ഥാപനമായി മാറുന്ന വൈകൃതം എത്ര പൊളിയായിട്ടാണ് ഈ സിനിമ കാണിക്കുന്നത്.

ഒരു പോപ്പുലർ സിനിമ കാണാൻ ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോകുന്ന മനുഷ്യർ മിക്കവാറും ആഹ്ലാദമായിരിക്കും (നിർബന്ധമില്ല) ആഗ്രഹിക്കുക. അത് പലപ്പോഴും പല രീതികളിലായിരിക്കും കാണികളിൽ രൂപപ്പെടുക. അതിന് നിയതമായ ഒരു രൂപരേഖ ഒന്നും ഉണ്ടാകില്ല. പക്ഷേ പെണ്ണും പൊറാട്ടും എന്ന പടം ഒരു പുതിയ എക്സ്ട്രീം ലോകം തുറന്നിടുന്നുണ്ട്. അത് ഒരു വ്ലോഗർ അറിയപ്പെടാത്ത ദേശത്തേക്ക് പോയി ഒരു പുതിയ ദേശത്തെ അനുഭവിക്കുന്നത് പോലെ അനുഭവിക്കാം. ഇത്തരം ഒരു ലോകം കണ്ടു അയാൾ ഞെട്ടാം. അതിലെ ഫാന്റസി കണ്ടു അത്ഭുതപ്പെടാം. പുതിയ ശരീരങ്ങളെയും സുന്ദരികളെയും സുന്ദരന്മാരെയും കണ്ടു കാമനപ്പെടാം. അങ്ങനെ പല തരത്തിൽ പെണ്ണും പൊറാട്ടും എന്ന സിനിമ നമുക്ക് ആസ്വദിക്കാം. അപരിചിതത്വത്തിന്റെ ആഘോഷവും വേറൊരു ലെവൽ സൗന്ദര്യശാസ്ത്രത്തിന്റെ ആഘോഷവുമാണ് ഈ സിനിമ. കൃത്യമായി പറഞ്ഞാൽ, മലയാള സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ അട്ടിമറിക്കുന്ന ഒരു ചരിത്രമാണ് പെണ്ണും പൊറാട്ടും. ഇത് ഇത് സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലെ ഒരു ഇന്റർനാഷണൽ ലാംഗ്വേജാണ് .മലയാളത്തിൽ പണ്ട് കുമ്മാട്ടി പോലുള്ള സിനിമകൾ ഉണ്ടായത് പോലെ, വേറൊരു അപാര സൗന്ദര്യമുള്ള ദൃശ്യതയെയാണ് ഇത് അവതരിപ്പിക്കുന്നത്.

TAGS :

Next Story