അനീതിയുടെ അഞ്ച് വർഷങ്ങൾ; ഷർജീൽ തടവറയിൽ തുടരുമ്പോൾ
എല്ലാതരത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ക്കിടയിലും, ഷര്‍ജീലുമാര്‍ നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തില്‍ പോലും പരാമര്‍ശിക്കപ്പെടുന്നില്ലെന്നത് നമ്മളെ കീഴടക്കുന്ന ഭൂരിപക്ഷവാദ പൊതുബോധത്തിന്റെ ഉദാഹരണമാണ്

- Updated:
2025-01-29 05:50:21.0

ഷാർജീൽ ഇമാം
'ഷഹീന്‍ബാഗില്‍ പങ്കെടുത്തത് മുതല്‍ ജയില്‍വാസം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. അതിനായി മാനസികമായി തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ ഭീകരവാദ കുറ്റം ചുമത്തപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും എന്റെ അറസ്റ്റിന് ഒരു മാസത്തിന് ശേഷം നടന്ന കലാപം കാരണം. വിയോജിപ്പുകളെ അടിച്ചമര്‍ത്താനും എന്നെപ്പോലുള്ളവരെ ജയിലില്‍ തന്നെ നിര്‍ത്താനും ഈ ഭരണകൂടം എത്രദൂരം സഞ്ചരിക്കുമെന്ന് ഇവിടെ കാണാം'
ഐഐടി ബിരുദധാരിയും പിഎച്ച്ഡി സ്‌കോളറുമായ ഷര്‍ജീല്‍ ഇമാം ഒന്നര വര്‍ഷം മുന്‍പ് ജയിലില്‍ നിന്ന് കുറിച്ച വാക്കുകളാണിവ. രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ചതിന് ജയിലില്‍ അടക്കപ്പെട്ട ഷര്‍ജീല്‍ നീതി കാത്ത് കഴിയാന്‍ തുടങ്ങിയിട്ട് ഇന്നത്തേക്ക് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 2020 മുതല്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ് ഷര്‍ജീല്‍.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തപ്പെട്ട ഷര്‍ജീലിന്റെ ജാമ്യാപേക്ഷ രണ്ട് വര്‍ഷവും ഒമ്പത് മാസവുമായി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഷര്‍ജീലിന്റെ ജാമ്യാപേക്ഷയില്‍ 70 തവണ കോടതി വാദം കേള്‍ക്കുകയുണ്ടായി. ഏഴ് വ്യത്യസ്ത ബെഞ്ചുകള്‍ ഹര്‍ജികളില്‍ വാദം കേട്ടു. മൂന്ന് ജഡ്ജിമാര്‍ കേസില്‍ നിന്ന് പിന്മാറി.
ജാമ്യാപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിരവധി തവണ സുപ്രീം കോടതി ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുകയും, യുഎപിഎ കേസുകളില്‍ പോലും ജാമ്യം നല്‍കലാണ് നീതിയെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഷര്‍ജീല്‍ അഞ്ച് വര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്. ജാമ്യം അനുവദിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെങ്കില്‍, കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്.
എന്നിട്ടും ഷര്‍ജീല്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാര്‍ ജാമ്യം പോലുമില്ലാതെ തടവറകളില്‍ കഴിയുകയാണ്. ജാമ്യത്തിന് വേണ്ടി മാത്രം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ നടത്തേണ്ടി വരികയാണ്. കോടതികള്‍ മാറി മാറി കയറിയിറങ്ങിയിട്ടും നീതിയുടെ ഒരിറ്റു വെളിച്ചം പോലും ഷര്‍ജീലിനു നേരെ നീട്ടാന്‍ ഒരു നിയമസംവിധാനത്തിനും സാധിച്ചിട്ടില്ല. ജയില്‍വാസക്കാലത്ത് നടന്ന ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചന കുറ്റം പോലും ഷര്‍ജീലിന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. ഇതൊരു നീതി നിഷേധമാണെന്ന തരത്തില്‍ ഒരു ചര്‍ച്ച പോലും പൊതു സ്ഥലത്ത് ഉണ്ടായിട്ടില്ല. നീതി നിഷേധത്തിനെതിരെ നടത്തിയ അഭിപ്രായ പ്രകടനമാണ്, അല്ലാതെ രക്ത രൂക്ഷിത പ്രതിഷേധം പോലുമല്ല ഈ ചെറുപ്പക്കാരനെ തടവറയിലാക്കിയത്. നിസ്സംഗതയാണ് ഇതിനോട് പൊതുസമൂഹത്തിന്റെ പ്രതികരണം.
2024 മെയ് 29 ന് ഡല്‍ഹി ഹൈക്കോടതി ഒരു കേസില്‍ ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകള്‍ മൂലം ജയില്‍ മോചിതനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള യാതൊരു വിമര്‍ശനവും വെച്ചുപൊറുപ്പിക്കില്ല എന്ന കൃത്യവും വ്യക്തവുമായ സന്ദേശമാണ് ഷര്‍ജീലിന്റെ ജയില്‍ വാസം അടവരയിടുന്നത് എന്നാണ്, 2020 ജൂൺ 26-ന് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട നിരവധി വിദഗ്ദർ ഷാർജീൽ അടക്കമുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പറഞ്ഞത്.
ഈ ശരികേടിനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും അതിന്റെ നിയമസംവിധാനങ്ങളും എങ്ങനെയാണ് ന്യായീകരിക്കുക? ഏത് നീതിന്യായ വ്യവസ്ഥകളാണ് ഈ കടുത്ത അനീതിക്ക് മറുപടി പറയുക? ഷര്‍ജീലിനായി ഉയര്‍ത്തപ്പെടേണ്ട ശബ്ദങ്ങള്‍ എവിടെയാണ്? എങ്ങനെയാണ് ഷര്‍ജീല്‍ അടക്കമുള്ള നിരവധി രാഷ്ട്രീയ തടവുകാര്‍ മുഖ്യധാരാ മാധ്യമങ്ങളുടെയും സമൂഹത്തിന്റെ മറവിയിലേക്ക് തെന്നിനീങ്ങിയത്? ഹിന്ദുത്വ പൊതുബോധത്തിന്റെ ഇരകളായി പൊതുസമൂഹം മാറ്റപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങളാണോ ഇതില്‍ തെളിയുന്നത്?
ഐഐടി ബിരുദധാരി, മോഡണ്‍ ഹിസ്റ്ററിയില്‍ എംഎ, മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ എംഫില്‍, മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ പിഎച്ച്ഡി എന്നിവയാണ് ബീഹാർ സ്വദേശിയായ ഷര്‍ജീലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍. പൗരത്വ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളാണ് ഷര്‍ജീലിനെ ബിജെപി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കുന്നത്. 2020 ജനുവരി 16ന് അലിഗഡ് മുസ്‍ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗമാണ് ഇതില്‍ പ്രധാനം. ജനുവരി 20 നാണ് ഈ പ്രസംഗം യുട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. 2020 ജനുവരി 26-ഓടെ ഉത്തര്‍പ്രദേശ്, ഡല്‍ഹി, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഷര്‍ജീലിനെതിരെ അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ ഷര്‍ജീലിനെതിരെ വിദ്വേഷപ്രചാരങ്ങളും നടക്കുന്നുണ്ടായിരുന്നു. 2020 ജനുവരി 28 ന് ഡല്‍ഹി പോലീസിന് കീഴടങ്ങാന്‍ പോകുമ്പോഴാണ് ഷര്‍ജീല്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിന് ആഴ്ചകള്‍ക്ക് ശേഷം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപക്കേസില്‍ ഉമര്‍ ഖാലിദിനൊപ്പം ഷര്‍ജീലും പ്രതിയായി. കലാപത്തിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.
ഉമർ ഖാലിദ്
ഷര്‍ജീലിന് മുഖ്യധാരകളില്‍ നിന്ന് പലപ്പോഴും പിന്തുണ ലഭിച്ചില്ല. ഒരു മുസ്‍ലിം വിദ്യാര്‍ത്ഥി നേതാവെന്ന പ്രതിച്ഛായ പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ഷര്‍ജീലിനെ മാറ്റിനിര്‍ത്താറുണ്ട്. പൗരത്വ ഭേദഗതിക്കെതിരായ പ്രസംഗങ്ങളിലെ ഷര്‍ജീലിന്റെ പല പരാമര്‍ശങ്ങള്‍ക്കും ഇല്ലാത്ത മാനം നല്‍കുന്നത് മതേതരസമൂഹത്തിന്റെ വക്താക്കള്‍ എന്ന് പറയുന്നവര്‍ തന്നെയാണ് എന്നതാണ് വസ്തുത.
പതുക്കെ പതുക്കെ അധീശത്വ ആശയങ്ങളോട് വിധേയപ്പെടുന്ന ഒരു സമൂഹമാണ് ഫാസിസത്തിന്റെ ഏറ്റവും നല്ല ലക്ഷണങ്ങളിലൊന്ന്. മുസ്‍ലിം സ്വത്വത്തെ അപരവൽക്കരിച്ച്, പിന്നീട് ക്രിമിനില്‍വൽക്കരിച്ച് അതിനെ നേരിടുന്ന ഒരു പ്രവണത ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് ഷര്‍ജീലിന്റെ കാര്യത്തിലാണ്. 2022 ലെ നാഷണല്‍ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 4,34,302 വിചാരണ തടവുകാര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ട്. ജാമ്യമാണ് നീതി, ജയില്‍ ഒരു അപവാദം ആകണമെന്ന് പറഞ്ഞ നിയമ സംവിധാനം ഉള്ള നാട്ടില്‍ ആണിതെന്ന് ഓർക്കണം!. എല്ലാതരത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ക്കിടയിലും, ഷര്‍ജീലുമാര്‍ നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തില്‍ പോലും പരാമര്‍ശിക്കപ്പെടുന്നില്ലെന്നത് നമ്മളെ കീഴടക്കുന്ന ഭൂരിപക്ഷവാദ പൊതുബോധത്തിന്റെ ഉദാഹരണമാണ്.
Adjust Story Font
16
