Quantcast

'വെറും വാക്ക് പോരാ, തെളിവു വേണം...' കരാർ പുതുക്കാൻ മെസിയുടെ വ്യവസ്ഥകൾ

ചർച്ചക്കിരിക്കുമ്പോൾ മുന്നോട്ടുവെക്കാൻ വ്യക്തമായ പദ്ധതിയാണ് മെസിയുടെ കൈവശമുള്ളത്. അവ നടപ്പിലാക്കുമെന്ന് തെളിവു സഹിതം ഉറപ്പു നൽകിയാൽ മാത്രമേ കരാർ പുതുക്കുന്നതിനെപ്പറ്റി താരം ആലോചിക്കുകയുള്ളൂ...

MediaOne Logo

  • Published:

    13 March 2021 1:55 PM IST

വെറും വാക്ക് പോരാ, തെളിവു വേണം... കരാർ പുതുക്കാൻ മെസിയുടെ വ്യവസ്ഥകൾ
X

2020-21 സീസൺ അന്ത്യത്തോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കെ, ക്ലബ്ബുമായുള്ള ചർച്ചകളിൽ കരുതലോടെ മെസി. മെസിയെ നിലനിർത്തുമെന്ന വാഗ്ദാനവുമായ ചുമതലയേറ്റ പുതിയ പ്രസിഡണ്ട് ജോൺ ലാപോർട്ട, കരാർ സംബന്ധിച്ച് അർജന്റീനാ താരവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. എന്നാൽ ചർച്ചക്കിരിക്കുമ്പോൾ മുന്നോട്ടുവെക്കാൻ വ്യക്തമായ പദ്ധതിയാണ് മെസിയുടെ കൈവശമുള്ളതെന്നും അവ നടപ്പിലാക്കുമെന്ന് ലാപോർട്ട തെളിവു സഹിതം ഉറപ്പു നൽകിയാൽ മാത്രമേ കരാർ പുതുക്കുന്നതിനെപ്പറ്റി താരം ആലോചിക്കുകയുള്ളൂവെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സ വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി തുടങ്ങിയ വൻകിട ക്ലബ്ബുകൾ രംഗത്തുണ്ട്.

ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വലിയ ട്രോഫികൾ നേടാൻ കഴിയുന്ന വിധത്തിൽ ടീമിനെ അഴിച്ചുപണിയണം എന്നതാണ് മെസി ക്ലബ്ബിനോട് ആവശ്യപ്പെടുന്ന പ്രധാന കാര്യം. ടീം ദുർബലമായ വിഭാഗങ്ങളിലേക്ക് നിലവാരമുള്ള കളിക്കാരെ വാങ്ങണം. എന്നാൽ, കടബാധ്യതകളിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡണ്ടിന് അക്കാര്യത്തിൽ ഉറപ്പുനൽകാൻ കഴിയുമോ എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്.

ലൂയിസ് സുവാരസിനെ അത്‌ലറ്റികോ മാഡ്രിഡിലേക്കു വിറ്റതിനു ശേഷം ഉചിതമായ പകരക്കാരനെ കണ്ടെത്താൻ ബാഴ്‌സയ്ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനക്കാരൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോയെ ടീമിലെത്തിക്കാനായി ബാഴ്‌സ ശ്രമം തുടങ്ങിയിട്ടുണ്ട്. സുഹൃത്തായ അഗ്വേറോയെ എത്തിച്ചാൽ മെസ്സിയെ ക്ലബ്ബിൽ തുടരാൻ പ്രേരിപ്പിക്കുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. എന്നാൽ, അഗ്വേറോയെ വാങ്ങുന്നതിന് സിറ്റി ആവശ്യപ്പെടുന്ന തുക നൽകാൻ ബാഴ്‌സക്ക് കഴിയില്ലെന്നാണ് ട്രാൻസ്ഫർ വിപണിയിൽ പൊതുവെയുള്ള വിലയിരുത്തൽ.

മെസി ക്ലബ്ബ് വിട്ടാൽ ഭീമമായ വരുമാന നഷ്ടമാണ് ക്ലബ്ബിനുണ്ടാവുക എന്ന തിരിച്ചറിവിലാണ് താരത്തെ എങ്ങനെയും നിലനിർത്താൻ ലാപോർട്ടയുടെ കീഴിലുള്ള മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതേസമയം, മെസിയെ ആകർഷിക്കാനുള്ള കൂടുതൽ മികച്ച സ്‌പോർട്ടിങ് പ്രൊജക്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കൈവശമുള്ളത്. ഒരു മാസത്തിനുള്ളിൽ മെസിയും പിതാവ് ജോർജുമായി ലാപോർട്ട ചർച്ച നടത്തുമെന്നാണറിയുന്നത്.

TAGS :

Next Story