Quantcast

കഥപറച്ചിലില്‍ പുതുമയുണ്ട്; കൊള്ളാം ഫഹദിന്‍റെ തിരിച്ചുവരവ്

MediaOne Logo

admin

  • Published:

    20 Jun 2016 4:28 AM GMT

മണ്‍സൂണ്‍ മാംഗോസില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. പക്ഷേ പറയാന്‍ ഉദ്ദേശിച്ചത് ചെറുനര്‍മത്തില്‍ പൊതിഞ്ഞ് വലിച്ചുനീട്ടാതെ വൃത്തിയായി പറഞ്ഞിട്ടുണ്ട്. ബഹളങ്ങളില്ലാത്ത അതേസമയം സാങ്കേതികപരമായി മേന്മയുള്ള ചിത്രം. ‌‌‌‌അഭിനേതാക്കളുടെ തെരഞ്ഞെടുപ്പില്‍ കാണിച്ച കൃത്യത എടുത്തുപറയേണ്ടതാണ്.

സിനിമാമോഹവുമായി നടക്കുന്ന ചെറുപ്പക്കാര്‍ വീടിനുള്ളിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അധിക്ഷേപവുമെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അത്തരമൊരു കഥപറയുന്ന മണ്‍സൂണ്‍ മാംഗോസില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. പക്ഷേ പറയാന്‍ ഉദ്ദേശിച്ചത് ചെറുനര്‍മത്തില്‍ പൊതിഞ്ഞ് വലിച്ചുനീട്ടാതെ വൃത്തിയായി പറഞ്ഞിട്ടുണ്ട്. ബഹളങ്ങളില്ലാത്ത അതേസമയം സാങ്കേതികപരമായി മേന്മയുള്ള ചിത്രം. ‌‌‌‌അഭിനേതാക്കളുടെ തെരഞ്ഞെടുപ്പില്‍ കാണിച്ച കൃത്യത എടുത്തുപറയേണ്ടതാണ്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വൈദഗ്ധ്യം ഫഹദ് വീണ്ടെടുത്ത ചിത്രം കൂടിയാണിത്. ഒപ്പം വിജയ് റാസിന്‍റെ അഭിനയവും വിസ്മയിപ്പിക്കും. പക്ഷേ ക്ലൈമാക്സില്‍ പ്രേക്ഷകരെ ഒന്ന് ഗുണദോഷിച്ചേക്കാം എന്ന സമീപകാല മലയാള സിനിമകളുടെ പതിവുശീലത്തില്‍ നിന്ന് ഈ സിനിമയും വഴിമാറി നടക്കുന്നില്ല എന്നത് ഒരു പോരായ്മയാണ്.

സിനിമ സംവിധാനം ചെയ്യുക എന്ന മോഹവുമായി നടന്ന് സമൂഹത്തിന്‍റെയും വീട്ടുകാരുടെയും പഴി കേള്‍ക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം അതിവൈകാരികമായി പോവാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. എന്നാല്‍ അതിന് പകരം സിറ്റ്വേഷണല്‍ കോമഡിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിനിമയോടുള്ള അഭിനിവേശവുമായി നടക്കുന്ന, പരാജിതന്‍ എന്ന് വീട്ടുകാരും നാട്ടുകാരും വിധിയെഴുതിയ ഡിപി പള്ളിക്കല്‍ എന്ന 30കാരനായാണ് ഫഹദ് ഫാസില്‍ സിനിമയിലെത്തുന്നത്. ഒപ്പം ഹിന്ദി സിനിമയില്‍ നിന്ന് നിഷ്കാസിതനായി ആരാലും തിരിച്ചറിയപ്പെടാതെ ജീവിക്കുന്ന പ്രേം കുമാര്‍ എന്ന നടനായി വിജയ് റാസുമെത്തുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥയുടെ ഗതി നിര്‍ണയിക്കുന്നത്. കയ്യില്‍ കാശില്ലാതെ സിനിമയെടുക്കാന്‍ ഇറങ്ങുമ്പോള്‍ വേണ്ടി വരുന്ന നീക്കുപോക്കുകള്‍, ഇക്കിളിപ്പെടുത്തുന്ന രംഗങ്ങളും താരപരിവേഷമുള്ള നടന്മാരും ഉള്ള സിനിമകള്‍ക്കേ മാര്‍ക്കറ്റുള്ളൂ എന്ന മുന്‍ധാരണ, പ്രശസ്തിക്കായുള്ള പരക്കം പാച്ചില്‍ എന്നിങ്ങനെ സിനിമയിലെ ഉള്ളുകളികള്‍ മുഴച്ചുനില്‍ക്കാതെ അബി വര്‍ഗീസ്, നവീന്‍ ഭാസ്കര്‍, മട് ഗ്രബ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.

mansoon mango2ലൂക് പ്രച്നിക് എന്ന ഛായാഗ്രാഹകന്‍റെ പുതുമയുള്ള അമേരിക്കന്‍ ഫ്രെയിമുകള്‍ പുതിയ കാഴ്ചാനുഭവം പകരുന്നുണ്ട്. പക്ഷേ സിനിമയിലെ കഥാപാത്രങ്ങളല്ലാതെ ആരും ഒരു ഫ്രെയിമിലും കടന്നുവരുന്നില്ല എന്ന പൊതുവെ സീരിയലുകളില്‍ കാണുന്ന പോരായ്മയും ഈ ഫ്രെയിമുകള്‍ക്കുണ്ട്. കഥാഗതി മുറുകുന്ന പശ്ചാത്തലത്തില്‍ ഒന്നിലേറെ സീനുകളില്‍ പ്രേംകുമാറിന്‍രെ വീടിന് മുന്‍പിലെ മരത്തിലേക്ക് ക്യാമറ തിരിച്ചത് എന്തിനെന്നും മനസ്സിലായില്ല. ജെക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതത്തില്‍ പുതുമയുണ്ട്. പക്ഷേ ആദ്യാവസാനമുള്ള ഏകതാനത ചിലപ്പോഴെങ്കിലും ബോറടിപ്പിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമ കാണിക്കുന്ന രംഗങ്ങളില്‍ ഡോണ്‍ മാക്സിന്‍റെ എഡിറ്റിംഗ് മികവ് വ്യക്തമാണ്. സ്ത്രീകളെ കാണുമ്പോള്‍ വഷളത്തരം കാണിക്കുന്നവരാണ് വൃദ്ധന്മാരെന്നും തരംകിട്ടിയാല്‍ മോഷ്ടിക്കുന്നവരാണ് ഭിക്ഷ യാചിക്കുന്നവരെന്നുമുള്ള പൊതുധാരണയെ ശരിവെക്കുന്ന ചില രംഗങ്ങള്‍ സിനിമയിലുണ്ട്. ദ്വയാര്‍ഥ പ്രയോഗങ്ങളില്ലാതെ തന്നെ കോമഡി സാധ്യമാകും എന്ന് ഈ സിനിമയിലെ തന്നെ കുറേ രംഗങ്ങള്‍ സാക്ഷപ്പെടുത്തുന്നുവെന്നിരിക്കെ അത്തരം രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.

നേരത്തെ പറഞ്ഞതുപോലെ നടന്മാരെ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയ കൃത്യത പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഡിപി പള്ളിക്കല്‍ എന്ന സിനിമാമോഹിയായ ചെറുപ്പക്കാരന്‍റെ തുടക്കത്തിലെ അപക്വതയും പിന്നീടുള്ള നിരാശയും ഒടുവിലെ തിരിച്ചറിവും ഫഹദിന്‍റെ കയ്യില്‍ ഭദ്രമാണ്. രണ്ട് കഴുതകളെ തീറ്റിപ്പോറ്റാനാവില്ല എന്ന് അച്ഛന്‍ പറയുമ്പോള്‍ കഴുതയെയും പിടിച്ചുകൊണ്ടുള്ള നടപ്പ്, തന്‍റെ സിനിമയെ കുറിച്ച് ഡിസ്ട്രിബ്യൂട്ടറെ പറഞ്ഞ് മനസ്സിലാക്കാനുള്ള തത്രപ്പാട് എന്നിങ്ങനെ നിരവധി സീനുകളിലെ സ്വാഭാവിക അഭിനയത്തിലൂടെ താരമെന്ന തലക്കനമില്ലാത്ത നടനാണ് താന്‍ എന്ന് ഫഹദ് വീണ്ടും തെളിയിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമയെടുക്കല്‍ സീനുകള്‍ ഫഹദും വിജയ് റാസും വിനയ് ഫോര്‍ടും ചേര്‍ന്ന് ഗംഭീരമാക്കിയിട്ടുണ്ട്. നടിമാര്‍ക്ക് ഈ സിനിമയില്‍ ഒന്നും ചെയ്യാനില്ല.

അക്കരകാഴ്ചയെന്ന പതിവ് സീരിയല്‍ വഴിയില്‍ നിന്ന് വേറിട്ട് കാഴ്ചാനുഭവം നല്‍കിയ ടീമില്‍ നിന്നുമുള്ള സിനിമ എന്ന അവകാശവാദവുമായാണ് മണ്‍സൂണ്‍ മാംഗോസ് എത്തിയത്. ആ സീരിയല്‍ ഹാംഗോവര്‍ കൊണ്ടാണോ എന്നറിയില്ല ഇടയ്ക്കും ക്ലൈമാക്സിലും ചില ഗുണദോഷങ്ങള്‍ കടന്നുവരുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിലെ, സിനിമയേക്കാള്‍ വലുതാണ് ജീവിതം എന്നതുപോലെയുള്ള ഡയലോഗുകള്‍ ഒഴിവാക്കാമായിരുന്നു. അല്ലാതെ തന്നെ ഡിപി പള്ളിക്കലിന്‍റെയും പ്രേംകുമാറിന്‍റെയും കഥ പ്രേക്ഷകര്‍ക്കുള്ള സന്ദേശം നല്‍കുന്നുണ്ട്.

Next Story