മരണമാസ്സായി അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; രജനികാന്ത് ചിത്രം പേട്ടയിലെ ആദ്യ ഗാനം പുറത്ത്
മുള്ളും മലരുമിലെ ‘കെട്ട പയ്യന്‍ സാര്‍ ഇന്ത കാളി’ എന്ന രജനികാന്തിന്‍റെ പ്രശസ്തമായ പഞ്ച് ഡയലോഗും ഗാനത്തിന്‍റെ വരികളില്‍ വരുന്നുണ്ട്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തുന്ന പേട്ടയിലെ ആദ്യ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. തനത് ചെന്നൈ ഡപ്പാങ്കുത്ത് ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഗാനം രജനി ആരാധകരെ പുളകം കൊള്ളിക്കുന്നതാണ്. കോലമാവ് കോകിലക്ക് ശേഷം അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രമാണ് പേട്ട. മരണമാസ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും എസ്.പി ബാലസുബ്രമണ്യവും ചേര്‍ന്നാണ്. വിവേകാണ് വരികള്‍ എഴുതിയിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ പേട്ട നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സിന് വേണ്ടി കലാനിധിമാരനാണ്.
നാല്‍പത് വര്‍ഷക്കാലമായി തമിഴ് സിനിമ വ്യവസായത്തില്‍ നിറ സാന്നിധ്യമായിരുന്ന സൂപ്പര്‍ സ്റ്റാറിനെ വാഴ്ത്തിയാണ് ഗാനത്തിന്‍റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കാളിയുടെ കളികള്‍ ഇനിമുതല്‍ നിങ്ങള്‍ കാണും എന്ന് രജനികാന്തിന്‍റെ ശബ്ദത്തിലുള്ള ഇന്ട്രോയോടെയാണ് ഗാനം ആരംഭിക്കുന്നത്. കാളി എന്ന പേരോടെ രജനി ഇത് മൂന്നാം തവണയാണ് പ്രത്യക്ഷപ്പെടുന്നത്. എെ.വി ശശി സംവിധാനം ചെയ്ത കാളിയിലും 1979ല്‍ പുറത്തിറങ്ങിയ മുള്ളും മലരും എന്നീ സിനിമകളിലാണ് രജനികാന്തിന് കാളി എന്ന പേരുള്ളത്. മുള്ളും മലരുമിലെ ‘കെട്ട പയ്യന്‍ സാര്‍ ഇന്ത കാളി' എന്ന രജനികാന്തിന്‍റെ പ്രശസ്തമായ പഞ്ച് ഡയലോഗും ഗാനത്തിന്‍റെ വരികളില്‍ വരുന്നുണ്ട്.
Adjust Story Font
16

