ഏകാന്തതയില്‍ കൂടു വിട്ട് പാറുന്ന ജൂണ്‍; ജൂണിലെ പുതിയ ഗാനമെത്തി
സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തത് തന്നെ ജൂണ്‍ പോലുള്ള ഒരു സിനിമയുടെ ഭാഗമാവാന്‍ വേണ്ടിയായിരുന്നെന്ന് രജിഷ പറഞ്ഞിരുന്നു.

നവാഗതനായ അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന സിനിമയുടെ പുതിയ ഗാനം പുറത്ത്. കൂട് വിട്ട് പാറും തേന്‍കിളി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നത്. ഒരു പെണ്‍കുട്ടിയുടെ 16 മുതല്‍ 25 വയസ്സ് വരെയുള്ള യാത്രകള്‍ ഒപ്പിയെടുക്കുന്നതാണ് സിനിമയുടെ കഥ. രജിഷ വിജയനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ആദ്യ ഗാനത്തില്‍ രജിഷയുടെ സ്കൂള്‍ ജീവിതമാണ് കാണിക്കുന്നതെങ്കില്‍ ഇത്തവണ യൌവ്വന കാലത്തെയാണ് ചിത്രീകരിക്കുന്നത്. നഗരജീവിതത്തിലെ കാഴ്ചകളെ ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകളാല്‍ സമ്പന്നമാണ് ഗാനത്തിലെ രംഗങ്ങള്‍. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.
കൂട് വിട്ട് പാറും തേന്‍ കിളി എന്ന വരികള്‍ക്ക് പിന്നില്‍ വിനായക് ശശികുമാറാണ്. ഇഫ്തിയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ബിന്ദു അനിരുദ്ധനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജൂണിനായി നായിക രജിഷ വിജയന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തത് തന്നെ ജൂണ്‍ പോലുള്ള ഒരു സിനിമയുടെ ഭാഗമാവാന്‍ വേണ്ടിയായിരുന്നെന്ന് രജിഷ പറഞ്ഞിരുന്നു.
Adjust Story Font
16

