സംഗീതത്തിലൂടെ രാഷ്ട്രീയം പറയാന്‍ ‘സര്‍വം താളമയം’; ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്
ദലിത് വിഭാഗത്തില്‍പ്പെട്ട പീറ്റര്‍ എന്ന യുവാവ് വാദ്യങ്ങളോടുള്ള താല്‍പര്യം മൂലം മൃദംഗം പഠിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളാണ് കഥാപശ്ചാത്തലം
ജി.വി പ്രകാശ്കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം സര്‍വം താളമയത്തിന്‍റെ ട്രെയിലര്‍ പുറത്ത്. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടത് നടന്‍ ധനുഷാണ്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിട്ടുള്ള ചിത്രം ഒരു കച്ചവട സിനിമ എന്നതിലുപരി വലിയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
ദലിത് വിഭാഗത്തില്‍പ്പെട്ട പീറ്റര്‍ എന്ന യുവാവ് വാദ്യങ്ങളോടുള്ള താല്‍പര്യം മൂലം മൃദംഗം പഠിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളാണ് കഥാപശ്ചാത്തലം. സവര്‍ണ്ണ മേധാവിത്വമുള്ള സമൂഹത്തിലേക്ക് ഒരു ദലിതന്‍ കടന്നു വരുമ്പോള്‍ ഏതെല്ലാം രീതിയില്‍ അയാള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് രാജീവ് മേനോന്‍ സിനിമയില്‍ പ്രതീക്ഷിക്കാമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. മൂപ്പത്തിയൊന്നാമത് ടോക്യോ ചലച്ചിത്ര മേളയുടെ ഒഫീഷ്യല്‍ സെലക്ഷനായി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ജി.വി പ്രകാശ്കുമാറിനോടൊപ്പം മലയാളി താരങ്ങളായ നെടുമുടി വേണു, വിനീത്, അപര്‍ണ്ണ ബാലമുരളി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പാലക്കാട് വെമ്പു അയ്യര്‍ എന്ന മൃദംഗ വിദ്വാന്‍റെ കഥാപാത്രമാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്. വെമ്പു അയ്യരുടെ കീഴില്‍ മൃദംഗം അഭ്യസിക്കാന്‍ പല വഴികളും നോക്കുന്ന കഥാപാത്രമാണ് പീറ്റര്‍. വെമ്പു അയ്യരുടെ പ്രധാന ശിഷ്യനായ മണി അയ്യരുടെ കഥാപാത്രമാണ് വിനീത് അവതരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ട്രെയിലര്‍ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
Adjust Story Font
16

