‘ധ്രുവിന്‍റെ ഭാവിയെ ഓര്‍ത്ത് വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു’ സംവിധായകന്‍ ബാല
ധ്രുവ് ഒഴികെയുള്ള അഭിനേതാക്കളെ മാറ്റിയാകും സിനിമ പുനർനിർമിക്കുക എന്ന് ഇ ഫോർ വ്യക്തമാക്കിയിട്ടുണ്ട്

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് വിക്രമിന്‍റെ മകന്‍റെ അരങ്ങേറ്റ ചിത്രമായ വര്‍മ്മ. വർമയുടെ സംവിധായക സ്ഥാനത്ത് നിന്ന് ബാലയെ ഒഴിവാക്കിയെന്ന നിർമാതാക്കളുടെ വെളിപ്പെടുത്തലിനെ തള്ളി സംവിധായകൻ ബാല രംഗത്തെത്തിയിരിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാനായി സിനിമയിൽ നിന്ന് സ്വയം പിന്മാറിയതാണെന്ന് ബാല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിർമാതാക്കളായ ഇ ഫോർ എന്‍റർടെയിൻമെന്‍റിന്‍റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ബാലയുടെ വാർത്തക്കുറിപ്പ് ആരംഭിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സിനിമയിൽ നിന്ന് പിന്മാറിയത്. ജനുവരി 22ന് ഇത് സംബന്ധിച്ച് നിർമാതാവുമായി ഒപ്പിട്ട കരാറും ബാല പുറത്തുവിട്ടു. ധ്രുവ് വിക്രമിന്‍റെ ഭാവിയെ കരുതി വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബാല വ്യക്തമാക്കി. വർമയുടെ നിർമാതാക്കളായ ഇ ഫോർ എന്റർടെയിൻമെന്റുമായി ബാലയുടെ കമ്പനിയായ ബി സ്റ്റുഡിയോസ് ഒപ്പിട്ട കരാറിൽ നാല് വ്യവസ്ഥകളാണുള്ളത്.

വർമയുടെ ഫൈനൽ കട്ടിൽ നിർമാതാക്കൾ തൃപ്തരല്ല. സിനിമയിൽ മാറ്റം വരുത്താൻ സംവിധായകൻ ബാല ആഗ്രഹിക്കുന്നില്ല. സിനിമ ഇ ഫോർ എന്റർടെയിൻമെന്റ് പൂർണമായും ഏറ്റെടുത്ത് ചെയ്യുന്നതിൽ ബി സ്റ്റുഡിയോസിന് എതിർപ്പില്ല. ഇ ഫോർ നൽകാനുള്ള പണം ബി സ്റ്റുഡിയോസ് എഴുതിത്തള്ളും. സിനിമയുടെ ചിത്രീകരിച്ച രംഗങ്ങൾ, സംഗീതം, ചിത്രങ്ങൾ എല്ലാം ഇ ഫോറിന് കൈമാറും. സിനിമയിൽ എന്ത് മാറ്റം വരുത്താനുമുള്ള അവകാശം ഇ ഫോറിന് നൽകുന്നു എന്നീ വ്യവസ്ഥകളാണ് കരാറിൽ ഉള്ളത്. പക്ഷേ, സിനിമയുടെ എല്ലാ മേഖലയിൽ നിന്നും ബാലയുടെ പേര് ഒഴിവാക്കിയാലേ ഈ വ്യവസ്ഥകൾ അംഗീകരിക്കൂ എന്നും കരാറിലുണ്ട്. വിക്രത്തിന്റെ മകൻ ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണ് വർമ. തെലുങ്കില്‍ സൂപ്പർ ഹിറ്റായിരുന്ന അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ചിത്രം.
ധ്രുവ് ഒഴികെയുള്ള അഭിനേതാക്കളെ മാറ്റിയാകും സിനിമ പുനർനിർമിക്കുക എന്ന് ഇ ഫോർ വ്യക്തമാക്കിയിട്ടുണ്ട്. തെലുങ്ക് പതിപ്പിന്‍റെ സംവിധായകനായിരുന്ന സന്ദീപ് വങ്കയുടെ സഹ സംവിധായകനായിരുന്ന ഗിരിസയ്യയാണ് ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോർട്ട്. മാറ്റങ്ങൾ വരുത്തി ജൂണിൽ വർമ തീയറ്ററുകളിലെത്തും.
Adjust Story Font
16

