‘കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന വ്യാജപ്രചരണത്തിന് ഇരയായ എല്‍ദോയായി ‘വികൃതി’യില്‍ സുരാജ്
അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ചിത്രമാണ് ‘മെട്രോയിലെ പാമ്പ്’ എന്ന പേരില്‍ പ്രചരിക്കപ്പെട്ടത്.

കൊച്ചിയില്‍ ആദ്യമായി മെട്രോ ഓടിത്തുടങ്ങിയപ്പോള്‍ യാത്രക്കാരില്‍ ഒരു വിഭാഗം സെല്‍ഫിയെടുക്കാനും സോഷ്യല്‍മീഡിയയില്‍ ചിത്രവും വീഡിയോയും പങ്കുവെക്കാനും എത്തിയവരായിരുന്നു. മെട്രോ ഓടിത്തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു ചിത്രവും അടിക്കുറിപ്പും മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം. 'മെട്രോയിലെ പാമ്പ്' എന്നായിരുന്നു ആ ചിത്രത്തിന്റെ അടിക്കുറിപ്പ്.

എന്നാല്‍ ആ ചിത്രത്തിന്റെ യാഥാര്‍ഥ്യം അധികം വൈകാതെ പുറത്തുവരികയും ചെയ്തു. അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ചിത്രമാണ് 'മെട്രോയിലെ പാമ്പ്' എന്ന പേരില്‍ പ്രചരിക്കപ്പെട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോയി മടങ്ങിവരവേയാണ് എല്‍ദോയും കുടുംബവും മെട്രോയില്‍ കയറിയത്. യാത്രക്കിടെ എല്‍ദോ ഉറങ്ങിപ്പോയി. ഇതിന്റെ ചിത്രം എടുത്ത ഒരാള്‍, ഇത് മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്നയാള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. യാഥാര്‍ഥ്യം അറിയാതെ പലരും ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു. എല്‍ദോക്കെതിരെ നടന്ന വ്യാജ പ്രചരണത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ന് രംഗത്തുവന്നിരുന്നു. സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത വ്യക്തിയായിരുന്നു എല്‍ദോ.
ഇപ്പോഴിതാ എല്‍ദോയുടെ കഥ സിനിമയാകുകയാണ്. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതിയിലൂടെയാണ് എല്‍ദോയുടെ കഥ സിനിമയാകുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായി ചിത്രത്തില്‍ എത്തുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷ്മിയും വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. ചിത്രത്തില്‍ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും. പുതുമുഖം വിന്‍സിയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Adjust Story Font
16

