Quantcast

ജാമ്യം അനുവദിച്ചിട്ടും വിട്ടയച്ചില്ല, രാത്രി സുപ്രിംകോടതി ജഡ്ജി വിളിച്ചു- ഒടുവിൽ മുനവ്വർ ഫാറൂഖിക്ക് മോചനം

ജാമ്യം അനുവദിച്ച ഔദ്യോഗികവിവരം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുനവ്വറിനെ തടവിൽ വച്ചത്

MediaOne Logo

  • Published:

    7 Feb 2021 5:14 AM GMT

ജാമ്യം അനുവദിച്ചിട്ടും വിട്ടയച്ചില്ല, രാത്രി സുപ്രിംകോടതി ജഡ്ജി വിളിച്ചു- ഒടുവിൽ മുനവ്വർ ഫാറൂഖിക്ക് മോചനം
X

ഇൻഡോർ: സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും കൊമേഡിയൻ മുനവ്വർ ഫാറൂഖിയെ വിട്ടയയ്ക്കാതെ ജയിൽ അധികൃതർ. ഒടുവിൽ രാത്രി സുപ്രിം കോടതി ജഡ്ജ് ഇൻഡോർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ നേരിട്ടു വിളിച്ച് വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു. ജാമ്യം അനുവദിച്ച ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുനവ്വറിനെ തടവിൽ വച്ചത്.

ഇതോടെയാണ് സുപ്രിം കോടതി ജഡ്ജി ഇൻഡോർ സിജെഎമ്മിനെ ഫോണിൽ വിളിച്ചത്. ഇടക്കാല ജാമ്യം അനുവദിച്ച വിധി വെബ്‌സൈറ്റിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാത്രി 11 മണിയോടെ ഫാറൂഖി മോചിതനായി.

ജുഡീഷ്യറിയിൽ സമ്പൂർണ വിശ്വാസമുണ്ടെന്ന് ജയിൽ മോചിതനായ ശേഷം ഫാറൂഖി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. നീതി കിട്ടുമെന്ന് ഉറപ്പുണ്ട്- അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി അഞ്ചിനാണ് ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബഞ്ച് ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് തവണ വിവിധ കോടതികൾ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജനുവരി 28ന് മധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഫാറൂഖി സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പരിപാടി മതദ്വേഷം പരത്തുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിൽ ജനുവരി രണ്ടിനാണ് ഫാറൂഖിയും സഹായി നളിൻ യാദവും അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു എന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്. കേസിൽ ജനുവരി ഇവർ അറസ്റ്റിലായത്.

TAGS :

Next Story