Quantcast

ലീഗ് പട്ടികയിൽ കമറുദ്ദീനും ഇബ്രാഹിംകുഞ്ഞും പുറത്ത്; കാൽ നൂറ്റാണ്ടിന് ശേഷം വനിത

1996-ലാണ് ലീഗിൻറെ വനിതാ സ്ഥാനാർത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്.

MediaOne Logo

  • Published:

    12 March 2021 5:48 PM IST

ലീഗ് പട്ടികയിൽ കമറുദ്ദീനും ഇബ്രാഹിംകുഞ്ഞും പുറത്ത്; കാൽ നൂറ്റാണ്ടിന് ശേഷം വനിത
X

മലപ്പുറം: അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതിയായ എംസി കമറുദ്ദീനെയും ഒഴിവാക്കി മുസ്‌ലിംലീഗിന്റെ പട്ടിക. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറാണ് സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ് മത്സരിക്കും.

കാൽനൂറ്റാണ്ടിന് ശേഷം പട്ടികയിൽ വനിതകളും ഇടംപിടിച്ചു. കോഴിക്കോട് സൗത്തിലാണ് നൂർബിന മത്സരിക്കുക. സുഹറ മമ്പാട്, പി കുൽസു, അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവരെ മറികടന്നാണ് നൂർബിന പട്ടികയിൽ ഇടംപിടിച്ചത്.

1996-ലാണ് ലീഗിൻറെ വനിതാ സ്ഥാനാർത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ൽ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേഷ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വവും അപ്രതീക്ഷതമായിരുന്നു. പ്രതീക്ഷിക്കപ്പെട്ട പോലെ മുൻ മന്ത്രി എംകെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് മാറി. കഴിഞ്ഞ തവണ തോറ്റ താനൂർ പിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെയാണ് നിയോഗിച്ചത്.

കാസർക്കോട്ടേക്ക് മാറാൻ ആഗ്രഹിച്ച കെഎം ഷാജി അഴീക്കോട്ട് തന്നെ മൂന്നാം തവണയും അങ്കത്തിനിറങ്ങും. മുൻ മന്ത്രി മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിൽ നിന്ന് പഴയ തട്ടകമായ മങ്കടയിലേക്ക മാറി. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരമാണ് പെരിന്തൽമണ്ണയിലെ സ്ഥാനാർത്ഥി.

TAGS :

Next Story