എം.വി.ജയരാജന്‍ കോവിഡ് മുക്തനായി ആരോഗ്യനില വീണ്ടെടുത്തു; നാളെ ഡിസ്ചാര്‍ജ്
ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും ഒരുമാസത്തെ വിശ്രമവും നിർദ്ദേശിക്കപ്പെടുന്ന തുടർചികിത്സയും കർശനമായി പാലിക്കണമെന്നും സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രോഗമുക്തനായി. കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന എം.വി ജയരാജന്‍ ആരോഗ്യം ഏറെക്കുറേ പൂര്‍ണ്ണമായും വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ജയരാജനെ ചൊവ്വാഴ്ച രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും ഒരുമാസത്തെ വിശ്രമവും നിർദ്ദേശിക്കപ്പെടുന്ന തുടർചികിത്സയും കർശനമായി പാലിക്കണമെന്നും സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
ജനുവരി 20 നാണ് എം.വി ജയരാജനെ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തി ലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രക്തത്തിൽ ഓക്‌സിജന്‍റെ അളവ് നന്നേ കുറഞ്ഞതിനാൽ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശ പ്രകാരം കോഴിക്കോടുനിന്നും ഡോ എ.എസ് അനൂപ് കുമാറും ഡോ പി.ജി രാജുവും തിരുവനന്തപുരത്തുനിന്നും ഡോ എസ്.എസ് സന്തോഷ് കുമാറും ഡോ അനിൽ സത്യദാസും അടങ്ങിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരും അദ്ദേഹത്തെ പരിശോധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്ഷൻ കൺട്രോൾ സ്‌പെഷ്യലിസ്റ്റ് ഡോ റാം സുബ്രഹ്മണ്യത്തിന്‍റെ നിർദ്ദേശവും സ്വീകരിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ എന്നിവർ ഇന്നും മെഡിക്കൽ സൂപണ്ടുമായി ശ്രീ ജയരാജന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ചർച്ച നടത്തി. പരിയാരത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു.
Adjust Story Font
16

