ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന 150 ജില്ലകളിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കേരളത്തിലെ നിരവധി ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 15ന് മുകളിലുണ്ട്.

രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗൺ നടപ്പാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ഉന്നതാധികാര സമിതി യോഗത്തില്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്. അവശ്യ സര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ഡൗണ്‍.
രോഗനിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ ഏതാനും ആഴ്ചകൾ ശക്തമായ ലോക്ഡൗൺ നടപ്പാക്കുന്നതിലൂടെയേ വ്യാപനം നിയന്ത്രിക്കാനാകൂയെന്നാണ് വിലയിരുത്തല്‍. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.
കേരളത്തിലെ നിരവധി ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 15ന് മുകളിലുണ്ട്. സംസ്ഥാനത്ത് 23.24 ആണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. അതേസമയം, രാജ്യത്ത് കോവിഡ് രോഗബാധ അതിതീവ്രമായി തുടരുകയാണ്. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Adjust Story Font
16

