Quantcast

ആംബുലന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായം

MediaOne Logo

Alwyn K Jose

  • Published:

    28 Aug 2016 3:57 PM GMT

ആംബുലന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായം
X

ആംബുലന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായം

ഒഡീഷയിലെ പിന്നോക്ക ജില്ലകളിലൊന്നായ മേല്‍ഗാരയില്‍ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പത്ത് കിലോമീറ്ററിലധികം നടന്ന യുവാവിന്റെ നിസഹായവസ്ഥ ലോകം മുഴുവന്‍ നിറകണ്ണുകളോടെയാണ് ചര്‍ച്ച ചെയ്തത്.

ഒഡീഷയിലെ പിന്നോക്ക ജില്ലകളിലൊന്നായ മേല്‍ഗാരയില്‍ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പത്ത് കിലോമീറ്ററിലധികം നടന്ന യുവാവിന്റെ നിസഹായവസ്ഥ ലോകം മുഴുവന്‍ നിറകണ്ണുകളോടെയാണ് ചര്‍ച്ച ചെയ്തത്. ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെ ദാനാ മാഞ്ചിയെന്ന യുവാവ് ആശുപത്രിയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹം ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് തോളിലേറ്റി നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒഡീഷ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കരിനിഴല്‍ വീഴ്‍ത്തിയ സംഭവം ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ദുരനുഭവം നേരിട്ട യുവാവിന് രാജ്യത്തിനു പുറത്തുനിന്ന് സഹായമെത്തുകയാണ്. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് മാഞ്ചിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടുവന്നത്. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതുകൊണ്ട് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി മകള്‍ക്കൊപ്പം 12 കിലോമീറ്ററോളം നടന്ന യുവാവിനെ കുറിച്ചുള്ള വാര്‍ത്ത പ്രധാനമന്ത്രിയെ അതീവ ദുഖിതനാക്കിയെന്ന് ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സഹായവാഗ്ദാനം അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാഞ്ചിയുടെ ഭാര്യ അഗങ് മാഞ്ചി ക്ഷയരോഗ ബാധിതയായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ദരിദ്രനാണെന്നും വാഹനം വിളിക്കാന്‍ പണമില്ലെന്നും താന്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നുവെന്നും വാഹനസൌകര്യത്തിനായി അവരോട് അപേക്ഷിച്ചെങ്കിലും സഹായിച്ചില്ലെന്നും മാ‍ഞ്ചി പറഞ്ഞു. ആശുപത്രിയില്‍വെച്ച് മരണപ്പെടുന്ന പാവപ്പെട്ട രോഗികളുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കുന്ന വാഹനസൌകര്യപദ്ധതി മഹാപ്രയാണയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഡീഷ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ്. പദ്ധതിക്കു കീഴില്‍ 37 സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സൌകര്യം അധികാരികള്‍ ലഭ്യമാക്കിയതുമാണ്. പക്ഷേ ഇവയൊന്നും മാഞ്ചിയുടെ സഹായത്തിനെത്തിയില്ല.

TAGS :

Next Story