Quantcast

സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം പരാജയം

MediaOne Logo

Sithara

  • Published:

    18 Nov 2016 2:52 PM IST

സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം പരാജയം
X

സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം പരാജയം

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി മാത്രം ചര്‍ച്ച നടത്തി സര്‍വകക്ഷി സംഘത്തിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം അവസാനിച്ചു

സമാധാന ശ്രമങ്ങള്‍ക്കായുള്ള സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം പരാജയം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി മാത്രം ചര്‍ച്ച നടത്തി സര്‍വകക്ഷി സംഘത്തിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം അവസാനിച്ചു. കശ്മീര്‍ എന്ന വികാരത്തില്‍ വിശ്വസിക്കാത്തതിനാലാണ് വിഘടനവാദികള്‍ ചര്‍ച്ച നടത്താന്‍‌ തയ്യാറാകാത്തതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.

30 സംഘടന പ്രതിനിധികളുമായാണ് സര്‍വകക്ഷി സംഘം കൂടിക്കാഴ്ച നടത്തിയത്. വിഘടനവാദികള്‍ക്കൊപ്പം വ്യാപാരസമൂഹവും സിഖ് സംഘടനാ കൂട്ടായ്മയും സര്‍വകക്ഷി സംഘത്തെ ബഹിഷ്ക്കരിച്ചു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായും അനുബന്ധ സംഘടനകളുമായും മാത്രമാണ് സംഘം ചര്‍ച്ച നടത്തിയത്. സര്‍വകക്ഷി സംഘത്തിലെ നേതാക്കള്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. ജനാധിപത്യത്തിലും മാനവികതയിലും കശ്മീര്‍ എന്ന വികാരത്തിലും അവര്‍ വിശ്വസിക്കാത്തതാണ് കാരണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

പെല്ലറ്റ് ഗണിന് പകരമുള്ള വീര്യം കുറഞ്ഞ ആയുധം കണ്ടെത്തിയതായും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും ചര്‍ച്ചക്ക് തയ്യാറാണ്. കശ്മീര്‍ എക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കശ്മീര്‍ ഇന്ത്യക്കുള്ളിലെ പ്രശ്നമല്ലെന്ന നിലപാട് വിഘടനവാദികള്‍ ആവര്‍ത്തിച്ചു. കശ്മീരിന്റെ കാര്യത്തില്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍ ആദ്യം ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന ഹുറിയത്ത് നേതാവ് അബ്ദുല്‍ഖാനി ഭട്ട് വ്യക്തമാക്കി. കശ്മീരില്‍ സംഘര്‍ഷം അന്‍പത്തിയെട്ടാം ദിവസവും തുടരുകയാണ്. കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ ഇന്നും തെരുവിലിറങ്ങി.

TAGS :

Next Story