തമിഴ്‍നാട്ടിലെ സംഭവവികാസങ്ങളില്‍ കേന്ദ്രത്തിനും ബിജെപിക്കും ആശങ്ക

MediaOne Logo

Sithara

  • Published:

    15 April 2017 7:58 AM GMT

തമിഴ്‍നാട്ടിലെ സംഭവവികാസങ്ങളില്‍ കേന്ദ്രത്തിനും ബിജെപിക്കും ആശങ്ക
X

തമിഴ്‍നാട്ടിലെ സംഭവവികാസങ്ങളില്‍ കേന്ദ്രത്തിനും ബിജെപിക്കും ആശങ്ക

പാര്‍ലമെന്റില്‍ 37 അംഗങ്ങളുള്ള എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടാവുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യും

സുപ്രീകോടതി വിധി ശശികലക്ക് എതിരായതോടെ തമിഴ്‌നാട്ടിലെ സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാറും ബിജെപിയും ഉറ്റുനോക്കുന്നത് ആശങ്കയോടെ. സുപ്രീംകോടതി വിധി വരുന്നതുവരെ ഗവര്‍ണര്‍ നടപടികള്‍ വൈകിച്ചത് കേന്ദ്രസര്‍ക്കാറിന്റെ ചതിയാണെന്ന ആരോപണം ശശികല ക്യാമ്പ് ഉന്നയിച്ചിരുന്നു. പാര്‍ലമെന്റില്‍ 37 അംഗങ്ങളുള്ള എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടാവുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യും. ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രംഗത്തിറക്കുന്ന സ്ഥാനാര്‍ഥിക്ക് മതിയായ വോട്ടുകള്‍ ഉറപ്പാക്കാവില്ലെന്ന ആശങ്കയും ബിജെപിക്കുണ്ട്.

തമിഴ്‌നാട്ടിലെ സംഭവ വികാസങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ഒ പനീര്‍ശെല്‍വത്തിന്റെ നീക്കം കേന്ദ്രസര്‍ക്കാറിനെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ ഇടപെട്ടാല്‍ പാര്‍ലമെന്റില്‍ തന്റെ പക്ഷം കേന്ദ്ര സര്‍ക്കാറിനെതിരെ നില്‍ക്കുമെന്ന പരോക്ഷ സൂചനയായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. ബീഹാര്‍, ഡല്‍ഹി പരാജയങ്ങള്‍ക്കു ശേഷം ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതകള്‍ എങ്ങോട്ടുമാവാമെന്ന ചിത്രമാണ് ഇപ്പോഴുള്ളത്. പഞ്ചാബ്, യു.പി സംസ്ഥാനങ്ങളില്‍ നിന്നും അസംബ്‌ളി തെരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയാല്‍ മാത്രമാണ് ബി.ജെ.പി രംഗത്തിറക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പിക്കാനാവുക.

പഞ്ചാബില്‍ അകാലിദള്‍ പിന്നാക്കം പോകുമെന്ന സൂചനകള്‍ പുറത്തു വരുന്നതിനിടെ എ.ഐ.ഡി.എം.കെയിലെ ഏതെങ്കിലുമൊരു വിഭാഗത്തെ പിണക്കുന്നത് ബുദ്ധിയാവില്ലെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. യു.പിയിലും ബി.ജെ.പിക്ക് 2014ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സൂചനകളുണ്ട്. തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും ഡല്‍ഹിയിലും കരുതലോടെ മാത്രം മുന്നോട്ടു പോകാനുള്ള ബി.ജെ.പിയുടെ തീരുമാനം.

TAGS :

Next Story