Quantcast

അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് അനുകൂലമായി യു.പി.എ നിരന്തരം ഇടപെട്ടുവെന്ന് മനോഹര്‍ പരിക്കര്‍ രാജ്യസഭയില്‍

MediaOne Logo

admin

  • Published:

    15 May 2017 1:41 PM GMT

അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് അനുകൂലമായി യു.പി.എ  നിരന്തരം ഇടപെട്ടുവെന്ന് മനോഹര്‍ പരിക്കര്‍ രാജ്യസഭയില്‍
X

അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് അനുകൂലമായി യു.പി.എ നിരന്തരം ഇടപെട്ടുവെന്ന് മനോഹര്‍ പരിക്കര്‍ രാജ്യസഭയില്‍

തെളിവുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും മുന്‍പ്രതിരോധമന്ത്രി എ.കെ.ആന്‍റണി സഭയില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

വിവാദ ഹെലികോപ്ടര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കമ്പനിയ്ക്ക് അനുകൂലമായി യു.പി.എ സര്‍ക്കാര്‍ നിരന്തരം ഇടപെട്ടുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആരോപിച്ചു. തെളിവുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും മുന്‍പ്രതിരോധമന്ത്രി എ.കെ.ആന്‍റണി സഭയില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

സുബ്രഹ്മണ്യന്‍ സ്വാമിയടക്കം ഏഴ് എം.പിമാര്‍ നല്‍കിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യസഭയില്‍ അഗസ്ത വെസ്റ്റ് ലാന്‍ഡ് വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കു മുന്‍പ് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ഈ വിഷയത്തില്‍ പ്രസ്താവന നടത്താന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. യു.പി.എ സര്‍ക്കാരിനെതിരെ ബി.ജെ.പി ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നിഷേധിച്ചു.

പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്‍റണിയെ മറികടന്നാണ് ഒരു അധികാര കേന്ദ്രം ആറിരട്ടി തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതെന്നും ആ അധികാരകേന്ദ്രം മന്‍മോഹന്‍ സിങ്ങ് അല്ലെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ കത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. എന്ത് ആധികാരിക രേഖയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്ന് വ്യക്തമാക്കണമെന്നും രേഖകള്‍ സഭയില്‍ വെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സഭ ബഹളത്തില്‍ മുങ്ങി. അഴിമതി വെച്ചുപൊറുപ്പിയ്ക്കില്ലെന്ന് ലോകത്തോട് പ്രഖ്യാപിയ്ക്കുന്ന നടപടികള്‍ യു.പി.എ സ്വീകരിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്‍റണി പറഞ്ഞു.

ഇപ്പോള്‍ അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ നഷ്ടപരിഹാരം വാങ്ങാനും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനും നടപടി സ്വീകരിക്കേണ്ടത് എന്‍.ഡി.എ ആണെന്നും പറഞ്ഞ ആന്‍റണി ഭയപ്പെടുത്താന്‍ നോക്കരുതെന്നും തങ്ങള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് കരാറിനുള്ള മാനണ്ഡങ്ങള്‍ പല തവണ മാറ്റിയെന്നും അഗസ്ത വെസ്റ്റ് ലാന്‍ഡിന് അനുകൂലമായി കരാര്‍ തയ്യാറാക്കാന്‍ നിരന്തരമായി ശ്രമം നടന്നുവെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ചര്‍ച്ചയ്ക്കു ശേഷം സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

മനോഹര്‍ പരിക്കര്‍ തന്നെ നേരത്തെ സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് അല്‍പനേരം പ്രസ്താവന തടസ്സപ്പെടുത്തി.

TAGS :

Next Story