Quantcast

നോട്ട് പിന്‍വലിക്കല്‍: ജനങ്ങളുടെ അസൌകര്യം പരിഹരിക്കണമെന്ന് സുപ്രീംകോടതി

MediaOne Logo

Sithara

  • Published:

    22 May 2017 9:43 PM IST

സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കരുതെന്നും ജനങ്ങളുടെ അസൌകര്യം പരിഹരിക്കാന്‍ നടപടി വേണമെന്നും സുപ്രീംകോടതി

500, 1000 രൂപ നോട്ടുകള്‍ പിന്‍ലവിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി. അതേസമയം തീരുമാനത്തിന്റെ നിയമസാധുത കോടതി പരിശോധിക്കും. നോട്ട് പിന്‍വലിക്കല്‍ മൂലം പൊതു ജനങ്ങള്‍ക്കുണ്ടായ അസൌകര്യങ്ങള്‍ പരിഹരിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തോട് കോടതി ഉത്തരവിട്ടു. ഹരജി നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.

1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നില്ല. അതേസമയം, ഹരജിക്കാരന്‍ ഉന്നയിച്ച ഭരണഘടനപരമായ ചോദ്യങ്ങളും, നിയമപ്രശ്നങ്ങളും കോടതി വിശദമായി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം നോട്ട് പിന്‍വലിക്കല്‍ സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ അസൌകര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ജനങ്ങള്‍ പണത്തിനായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. തീരുമാനം കൊണ്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കണം.

ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് സര്‍ക്കാര്‍ പറയുന്നു. പൊതുജനങ്ങളെ നിലംപരിശാക്കുന്ന കാര്‍പ്പറ്റ് ബോംബിങ്ങാണെന്ന് ഹരജിക്കാരനും പറയുന്നു. രണ്ടായാലും അനുഭവിക്കുന്നത് പൊതുജനമാണെന്നും കോടതി നിരീക്ഷിച്ചു. കള്ളപ്പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതാണ്. ഇത് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും, ഇതുവരെ മൂന്ന് ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകിരിച്ചുവെന്നും, പതിനൊന്ന് കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കുമെന്നാണ് സര്‍ക്കാര് കണക്ക് കൂട്ടുന്നതെന്നും അഡ്വക്കറ്റ് ജനറല്‍ മുകുള്‍ റോഹ്തകി കോടതിയെ അറിയിച്ചു.

TAGS :

Next Story