Quantcast

തമിഴ്‍ രാഷ്ട്രീയത്തിലെ ചക്രവര്‍ത്തിനി; സിനിമാക്കഥയെ വെല്ലുന്ന ജീവിതം

MediaOne Logo

Alwyn K Jose

  • Published:

    1 Jan 2018 4:08 PM GMT

തമിഴ്‍ രാഷ്ട്രീയത്തിലെ ചക്രവര്‍ത്തിനി; സിനിമാക്കഥയെ വെല്ലുന്ന ജീവിതം
X

തമിഴ്‍ രാഷ്ട്രീയത്തിലെ ചക്രവര്‍ത്തിനി; സിനിമാക്കഥയെ വെല്ലുന്ന ജീവിതം

മൂന്നര പതിറ്റാണ്ട് കൊണ്ട് വെള്ളിത്തിരയിലെ താരറാണിയില്‍ നിന്ന് തമിഴകത്തിന്റെ അമ്മയായി മാറിയ രാഷ്ട്രീയ പോരാട്ടത്തിന്റെ കഥയാണ് ജയലളിതയുടെ ജീവിതം.

അഭ്രപാളികളില്‍ നിന്ന് അധികാര രാഷ്ട്രീയത്തിന്റെ അമരത്തേക്കെത്തിയവര്‍ നിരവധിയുണ്ട് തമിഴകത്ത്. കരുണാനിധി മുതല്‍ വിജയകാന്ത് വരെ. ഇവരില്‍ പുരട്ചി തലൈവി ജയലളിതക്ക് തമിഴ് രാഷ്ട്രീയത്തില്‍ സവിശേഷസ്ഥാനമുണ്ട്. താരാരാധനയും വീരാരാധനയും രാഷ്ട്രീയ മൂലധനമായ തമിഴക രാഷ്ട്രീയത്തിലെ പുരുഷാധികാര കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞാണ് ജെ ജയലളിത തമിഴ് രാഷ്ട്രീയത്തിലെ ചക്രവര്‍ത്തിനിപദത്തിലേക്കുയര്‍ന്നത്.

ഒരു തമിഴ് സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞതായിരുന്നു ജയലളിതയുടെ ജീവിതം. 1948 ഫെബ്രുവരി 24ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ ജനനം. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്കൂളിലും ബിഷപ്പ് കോട്ടണ്‍ ഹില്‍ സ്കൂളിലുമായി പഠനം. രണ്ടാം വയസില്‍ തന്നെ അച്ഛന്‍ മരിച്ചു. കുടുംബഭാരം അമ്മയുടെ തലയിലായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമ്മ അഭിനയ മേഖലയിലേക്ക് കടന്നു. ഇതോടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിഭാഷകയാകാനായിരുന്നു ജയലളിതയുടെ കുട്ടിക്കാലത്തെ ആഗ്രഹം. എന്നാല്‍ അമ്മയുടെ വഴിയില്‍ 15ാം വയസില്‍ തന്നെ അഭിനയ രംഗത്തെത്താനായിരുന്നു നിയോഗം. കുട്ടിക്കാലത്ത് തന്നെ പാട്ടിലും നൃത്തത്തിലും അസാമാന്യ കഴിവ് പ്രകടിപ്പിച്ച ജയലളിതക്ക് സിനിമാ രംഗത്തേക്കുള്ള പ്രവേശം അത്ര പ്രയാസകരമായിരുന്നില്ല.

വെന്നിരൈ ആടൈയിലൂടെ തമിഴ് സിനിമാരംഗത്ത് ചുവടുറപ്പിച്ച ജയലളിത ആയിരത്തിലൊരുവനിലൂടെ എംജിആറിന്റെ ഇഷ്ടനായികയായി. ഇരുപത്തെട്ട് സിനിമകളില്‍ പിന്നീട് ഇരുവരും ഒരുമിച്ചഭിനയിച്ചു. അപ്പോഴേക്കും സിനിമക്ക് പുറത്ത് രാഷ്ട്രീയത്തിലേക്കും ആ ബന്ധം വികസിച്ചു. തമിഴകത്തെ ജനപ്രീതിയും സിനിമാരംഗത്തെ ഊഷ്മള ബന്ധവും സജീവ രാഷ്ട്രീയത്തിലേക്ക് ജയലളിതക്ക് വഴിതുറന്നു. 1982ല്‍ എംജിആറിന്റെ ആശീര്‍വാദത്തോടെ അണ്ണാ ഡിഎംകെയില്‍ അംഗമായി. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വളരെയെളുപ്പത്തില്‍ തന്നെ അവരെ പാര്‍ട്ടിയുടെ പ്രചാരണവിഭാഗം മേധാവിയാക്കി. ഈ തീരുമാനം പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇഷ്ടമായിരുന്നില്ല. തുടക്കത്തില്‍ അവരെ അംഗീകരിക്കാന്‍ അണികളും മടിച്ചു. അണികളുടെ അതൃപ്തി തീര്‍ക്കാന്‍ എംജിആര്‍ തന്നെ നേരിട്ടിറങ്ങി. ജയലളിതയെ ബഹുമാനിക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പുരട്ചി തലൈവി, അഥവാ തമിഴിന്റെ വിപ്ലവനായികയാണ് അവരെന്ന് എംജിആര്‍ വിശേഷിപ്പിച്ചു. ഇതോടെ എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതായി. എതിര്‍ത്ത് നിന്നവര്‍ അവര്‍ക്ക് മുന്നില്‍ കൈ കൂപ്പി. തമിഴക രാഷ്ട്രീയത്തില്‍ അങ്ങനെ ജയലളിത ഒരു പുതിയ അധികാര കേന്ദ്രമായി ഉദയം ചെയ്തു.

സംഘടനാരംഗത്ത് നിന്ന് പാര്‍ലമെന്ററി രംഗത്തേക്കുള്ള ജയലളിതയുടെ ഉയര്‍ച്ചയും അതിവേഗത്തിലായിരുന്നു. പാര്‍ട്ടിയില്‍ അംഗമായി അടുത്ത വര്‍ഷം തന്നെ തിരുച്ചെന്തൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ അവര്‍ നിയമസഭാംഗമായി. 1984ല്‍ രാജ്യസഭാംഗമായി. എംജിആറിന്റെ കളരിയില്‍ രാഷ്ട്രീയബാലപാഠങ്ങള്‍ പഠിച്ച ജയലളിത അതിവേഗം തന്നെ ഒരു സമ്പൂര്‍ണ രാഷ്ട്രീയനേതാവിന്റെ തലത്തിലേക്കുയര്‍ന്നു. എംജിആര്‍ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തൊട്ടു താഴെയായിരുന്നു പാര്‍ട്ടിയില്‍ അവരുടെ സ്ഥാനം. ഇതിനെതിരെ പാളയത്തില്‍ പട ശക്തമായി. പാര്‍ട്ടിയിലെ എതിരാളികള്‍ എംജിആറിനെ സ്വാധീനിച്ച് ജയലളിതയുടെ എഴുത്തിന് വിലക്കേര്‍പ്പെടുത്തി. ഇക്കാലത്ത് നടത്തിയ പെണ്ണിന്‍ പെരു മൈ എന്ന പ്രസംഗം ജയലളിതയെ പാര്‍ട്ടിയിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയിലും അനിഷേധ്യ നേതാവാക്കി. എംജിആര്‍ വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക് പോയതോടെ പാര്‍ട്ടിയുടെ നിയന്ത്രണം ജയലളിത ഏറ്റെടുത്തു. പുരട്ചി തലൈവരുടെ ആരോഗ്യം മോശമായിത്തുടങ്ങിയതോടെ തന്നെ പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കവും രൂപപ്പെട്ടു. എംജിആറിന്റെ പത്നി ജാനകി രാമചന്ദ്രനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയിലെ ഒരു വിഭാഗം ജയലളിതക്കെതിരെ കരുക്കള്‍ നീക്കി. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ എംജിആറിനെ കാണാന്‍ പോലും പാര്‍ട്ടി നേതാക്കള്‍ ജയലളിതയെ അനുവദിച്ചില്ല. 1987 ഡിസംബര്‍ 24ന് എംജി രാമചന്ദ്രന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ വിലാപയാത്രയില്‍ നിന്ന് പോലും ജയലളിതയെ തള്ളിപ്പുറത്താക്കി. പാര്‍ട്ടി നേതാക്കളില്‍ നിന്ന് ജയലളിതക്ക് വലിയ പീഡനവും അപമാനവും നേരിട്ടു. ആ വേദനയും അവഗണനയും കൂടിയാകണം ജയലളിതയെ ഒരു കഠിനസ്വഭാവക്കാരിയായ രാഷ്ട്രീയക്കാരിയാക്കിത്തീര്‍ത്തത്.

എംജിആറിന്റെ വിയോഗത്തിലെ സഹതാപ തരംഗം മുതലെടുത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ ഉയര്‍ത്തിക്കൊണ്ടുവന്നു. തമിഴകത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. എന്നാല്‍ കേവലം 24 ദിവസം മാത്രമാണ് ജാനകി രാമചന്ദ്രന് മുഖ്യമന്ത്രിപദത്തിലിരിക്കാനായത്. 1988 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിട്ടു. രാജ്യസഭാംഗത്വം ഉപേക്ഷിച്ച് ജയലളിത സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ജയലളിതയ്ക്കെതിരേ പാര്‍ട്ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. എഐഎഡിഎംകെ പിളര്‍ന്നു. ജാനകീ രാമചന്ദ്രൻ പാർട്ടിയിൽ അവകാശവാദമുന്നയിച്ചു. 1989ൽ നടന്ന തെരഞ്ഞെടുപ്പിൽ ഈ പിളർപ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തി. ബോഡിനായ്ക്കൂരില്‍ നിന്നും വിജയിച്ച് ജയലളിത തമിഴകത്തെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി. ഡിഎംകെയുടെ ഭരണകാലത്തിനിടെ പാർട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാൻ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് പാര്‍ട്ടിയില്‍ എതിരാളികളില്ലാതായി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ അണ്ണാ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തി. ബര്‍ഗൂറില്‍ നിന്നും കംഗായത്തുനിന്നും ജയിച്ചുകയറിയ ജയലളിത തമിഴകത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ മുഖ്യമന്ത്രിയായി. എന്നാല്‍ മുഖ്യമന്ത്രിപദത്തിലെ ആദ്യാവസരം ജയലളിതയുടെ പേരുദോഷത്തിന്റെ കാലഘട്ടം കൂടിയായിരുന്നു.

അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. അധികാര ദുര്‍വിനിയോഗത്തിന്റെയും ആഢംബരത്തിന്റെയും രാഷ്ട്രീയ പ്രതീകമായി ജയലളിത അതിവേഗം മാറി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അവര്‍ക്ക് മുന്നില്‍ കേവലം ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി. തോഴി ശശികലയും വളര്‍ത്തുമകന്‍ സുധാകരനുമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ജയലളിതയുടെ എതിരാളികള്‍ വലിയ രാഷ്ട്രീയവിവാദമാക്കിയുയര്‍ത്തി. കളര്‍ ടിവി കുംഭകോണം, ജാന്‍സി ഭൂമി ഇടപാട് തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉയര്‍ന്നു. അഴിമതിയാരോപണവും ഭരണവിരുദ്ധ വികാരവും അലയടിച്ച 96ലെ തെരഞ്ഞെടുപ്പില്‍ ജയലളിതക്ക് അടിപതറി. ബര്‍ഗൂറില്‍ നിന്നും ഡിഎംകെ സ്ഥാനാര്‍ഥിയോട് ജയലളിത തോറ്റു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എഐഎഡിഎംകെക്ക് കനത്ത തിരിച്ചടിയാണ് തമിഴകം നല്‍കിയത്. ഡിഎംകെ സര്‍ക്കാര്‍ ജയലളിതക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചു. അഴിമതിക്കേസില്‍ ജയലളിത ജയിലിലായി. കളര്‍ ടിവി കുംഭ കോണക്കേസില്‍ 27 ദിവസം ചെന്നൈ ജയിലില്‍ കഴിയേണ്ടി വന്നു. ജയക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി തന്നെ രൂപവത്കരിച്ചു. ഈ ഘട്ടത്തില്‍ രാഷ്ട്രീയമായി ഏറെക്കുറെ അവര്‍ ഒറ്റപ്പെട്ടു. ജാന്‍സി ഭൂമി ഇടപാട് കേസില്‍ കുറ്റാരോപിതയായതിനാല്‍ 2001ല്‍ ജയലളിതക്ക് മത്സരിക്കാനായില്ല.

എന്നാല്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടിയതോടെ അവര്‍ മുഖ്യമന്ത്രിപദമേറ്റെടുത്തു. നാലു മാസത്തെ ഭരണത്തിന് ശേഷം 2001 സെപ്റ്റംബറില്‍ സുപ്രീംകോടതി ഇടപെട്ടതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. വിശ്വസ്തനായ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി പദവിയൊഴിഞ്ഞെങ്കിലും പിന്നില്‍ നിന്ന് ഭരണത്തിന്റെ കരുക്കള്‍ നീക്കിയത് ജയലളിതയായിരുന്നു. മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തി. അധികാരത്തില്‍ തിരിച്ചെത്തിയ ജയലളിത രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങി. അഴിമതിക്കേസില്‍ തന്നെ ജയിലിലടച്ച കരുണാനിധിയെ ജയലളിതയുടെ പൊലീസ് രാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പ്രതികാരം വീട്ടി. തികച്ചു ഏകാധിപത്യ സ്വഭാവത്തിലുള്ള ഭരണരീതി തന്നെയായിരുന്നു ഇക്കാലഘട്ടത്തിലും ജയലളിത പരീക്ഷിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ഛടക്ക നടപടികളെടുത്തു. മാധ്യമസ്വാതന്ത്ര്യത്തെയും അവര്‍ വകവെച്ച് കൊടുത്തില്ല. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ പല മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഇഷ്ടമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന വരെ തീര്‍ത്തും അസഹിഷ്ണുതയോടെയാണ് അവര്‍ നേരിട്ടത്. 2006ല്‍ ഈ നടപടികള്‍ക്ക് ജനം കനത്ത തിരിച്ചടി നല്‍കി. ഡിഎംകെ വീണ്ടും അധികാരത്തിലെത്തി. പനീര്‍ ശെല്‍വത്തെ പ്രതിപക്ഷ നേതാവാക്കി ജയലളിത ഏറെക്കുറെ നിശ്ബ്ദയായി. നിയമസഭയില്‍ പോലും പലപ്പോഴും വരാതായി. ‌2011ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ജയലളിത കൂടുതല്‍ രാഷ്ട്രീയ പക്വത കാണിക്കാന്‍ തുടങ്ങി.

അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ഉറ്റ തോഴി ശശികലയുമായി പിണങ്ങി
അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് ജയലളിത സര്‍ക്കാര്‍ ഇക്കാലയളവില്‍ നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പെണ്ണിന്‍ പെരുമൈ എന്ന പ്രസംഗം യാഥാര്‍ഥ്യമാക്കാനായിരുന്നു അവരുടെ ശ്രമം. പൊതുവിതരണവും സ്ത്രീ സുരക്ഷ കാര്യക്ഷമമായി നടത്തിയതോടെ സ്ത്രീകള്‍ക്കിടയില്‍ പുരട്ചി തലൈവി അമ്മയായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം 2014ലും ആവര്‍ത്തിക്കാന്‍ ജയലളിതക്കായി. 39ല്‍ 37 സീറ്റ് നേടി എഐഎഡിഎംകെ ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി. എന്നാല്‍ മുന്‍കാലങ്ങളിലെ അഴിമതികള്‍ക്കുള്ള ശിക്ഷ ജയലളിതയെ കാത്തുകിടക്കുന്നുണ്ടായിരുന്നു. ബിജെപി നേതാവായിരുന്ന സുബ്രമഹ്ണ്യം സ്വാമി നല്‍കിയ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2014ല്‍ ബംഗലൂരു പ്രത്യേക കോടതി ജയലളിതയെ കുറ്റക്കാരിയെന്നു കണ്ടെത്തി. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കേസില്‍ ജയിലിലടക്കപ്പെടുന്ന ആദ്യ നേതാവെന്ന ദുഷ്കീര്‍ത്തിയും ജയലളിത സ്വന്തമാക്കി. ജയലളിതക്കൊപ്പം വര്‍ത്തുമകന്‍ സുധാകരന്‍, ഉറ്റ തോഴി ശശികലയും ബന്ദു ഇളവരശി എന്നിവരും ശിക്ഷിക്കപ്പെട്ടു. വിധി വന്നതോടെ തമിഴ്നാട് ഇളകിമറിയുകയായിരുന്നു. വീണ്ടും വിശ്വസ്തനായ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി. പനീര്‍ശെല്‍വം രാജിവെച്ചു. ജയലളിത അഞ്ചാം തവണയും മുഖ്യമന്ത്രി പദത്തിലേക് തിരിച്ചെത്തി. ജയില്‍ വാസത്തിന് ശേഷം രാഷ്ട്രീയരംഗത്തേക്ക് തിരിച്ചെത്തിയ ജയലളിത അധികമൊന്നും പുറംലോകത്തെത്തിയില്ല. പൊതുവേദികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നെല്ലാം അവര്‍ അകലം പാലിച്ചു. ഭരണ സിരാകേന്ദ്രം വസതിയായ പോയസ് ഗാര്‍ജനായി. അമ്മ ഉപ്പു മുതല്‍ അമ്മ സിമന്റ് വരെയുള്ള ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തന്റെ മുന്‍കാല വീഴ്ചകള്‍ക്ക് ജയലളിത പ്രായശ്ചിത്വം ചെയ്തു. കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീനുകള്‍ തന്നെ തമിഴ്നാടില്‍ ജയലളിതയുടെ ജനപ്രിയ പദ്ധതികളുടെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് ജയലളിത അധികാരം നിലനിര്‍ത്തിയത്.

മൂന്നര പതിറ്റാണ്ട് കൊണ്ട് വെള്ളിത്തിരയിലെ താരറാണിയില്‍ നിന്ന് തമിഴകത്തിന്റെ അമ്മയായി മാറിയ രാഷ്ട്രീയ പോരാട്ടത്തിന്റെ കഥയാണ് ജയലളിതയുടെ ജീവിതം. അപ്രതീക്ഷിത തിരിച്ചടികള്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് തോന്നിച്ച ഘട്ടങ്ങളിലെല്ലാം വര്‍ധിത പോരാട്ട വീര്യത്തോടെ അവര്‍ തിരിച്ചു വന്നു. അഴിമതിക്കേസുകള്‍ അത്ഭുതകരമാം വിധം അതിജീവിച്ചു. ആരോപണങ്ങളുടെ പത്മവ്യൂഹത്തില്‍ നിന്ന് പരിണിതപ്രജ്ഞയായ രാഷ്ട്രീയക്കാരിയുടെ മെയ് വഴക്കത്തോടെ അവര്‍ പുറത്ത് വന്നു. ജനങ്ങളോട് ഒരിക്കലും അടുത്തിടപഴകിയില്ലെങ്കിലും ജനമനസുകളില്‍ ഒരു വിഗ്രഹമായി മാറിയ രാഷ്ട്രീയ ജീവിതത്തിനാണ് ജയലളിതയുടെ അന്ത്യത്തോടെ തിരശീല വീഴുന്നത്.

TAGS :

Next Story