Quantcast

കാവേരി തര്‍ക്കം; ബംഗളൂരുവില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

MediaOne Logo

Jaisy

  • Published:

    1 April 2018 2:52 PM GMT

കാവേരി തര്‍ക്കം; ബംഗളൂരുവില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു
X

കാവേരി തര്‍ക്കം; ബംഗളൂരുവില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

ലാത്തിച്ചാര്‍ജിനിടെ കെട്ടിടത്തില് നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്നലെ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ലാത്തിച്ചാര്‍ജിനിടെ കെട്ടിടത്തില് നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗളൂരു സ്വദേശി കുമാര്‍ ആണ് മരിച്ചത്.

കാവേരി പ്രശ്നത്തില്‍ ബംഗളൂരുവില്‍ ഇന്നലെ മുതല്‍ നടക്കുന്ന സംഘര്‍ഷത്തിന് അയവ്. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസിന് കല്ലേറുണ്ടായി. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് ചേരും.

ബംഗളൂരു നഗരം രാവിലെ മുതല്‍ ശാന്തമാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുന്നു. കര്‍ണാടക സ്റ്റേറ്റ് റാപിഡ് ആക്ഷന്‍ ഫോഴ്സ്, ആംഡ് റിസര്‍വ് പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് എന്നിവയിലെ 15,000 അംഗങ്ങളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. മലയാളികളുടെ സുരക്ഷക്കായി പ്രത്യേക പൊലീസിനെ നിയോഗിക്കുമെന്ന് കേരള ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡിജിപിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100 പേരടങ്ങുന്ന ഒരു കമ്പനി പൊലീസ് ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെത്തി. മലയാളികള്‍ കൂടുതലുള്ള സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിക്കും. സുരക്ഷ ശക്തമാക്കുന്നതിന് കൂടുതല്‍ സേനയെ കേന്ദ്രത്തോട് കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുണ്ടായ സംഘര്‍ഷം ആശങ്കയുണര്‍ത്തുന്നതായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തമിഴ് വംശജര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.

ഇന്നലെ ബംഗലൂരുവില്‍ സര്‍വീസ് നടത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത പ്രതിഷേധക്കാര്‍ അറുപതോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ബംഗലൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം കനത്തത്. മൈസൂര്‍ റോഡിലുള്ള കെ.പി.എന്‍ ട്രാവൽസിന്റെ ബസ് ഡിപ്പോയിലെത്തിയ പ്രതിഷേധക്കാര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ബംഗലൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 40 ഓളം ബസുകള്‍ക്ക് അക്രമികള്‍ തീയിട്ടു. നഗരത്തിലെ മറ്റ് ഭാഗങ്ങളിലും അനിഷ്ടസംഭവങ്ങളുണ്ടായി.

മലയാളികളെ നാട്ടിലെത്തിക്കാന്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് രണ്ടു പ്രത്യേക ട്രെയിനുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതില്‍ ആദ്യ ട്രെയിന്‍ രാവിലെ 11.30 ഓടെ പുറപ്പെട്ടു. ഇതിനിടെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് അഭ്യാര്‍ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

TAGS :

Next Story