Quantcast

യുപി തെരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്

MediaOne Logo

Sithara

  • Published:

    26 April 2018 3:47 AM GMT

യുപി തെരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്
X

യുപി തെരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്

സമാജ്‍വാദി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്കയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സമാജ്‍വാദി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്കയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളുടെ പട്ടികയില്‍ പ്രിയങ്ക ഇടം നേടി.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്‍റെ തന്ത്ര രൂപീകരണങ്ങളുടെ അണിയറയില്‍ കഴിഞ്ഞ ആറ് മാസമായി പ്രിയങ്ക ഗാന്ധി സജീവമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമാജ്‍വാദി പാര്‍ട്ടിയുമായുള്ള സഖ്യ രൂപീകരണത്തിനായി അഖിലേഷ് യാദവുമായും ഭാര്യ ഡിംബിള്‍ യാദവുമായും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് മുതിര്‍ന്ന നേതാക്കളായ അഹമദ് പട്ടേലും ഗുലാം നബി ആസാദും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രചാരണം നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ പ്രിയങ്കയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുപിയില്‍ നടന്ന മുന്‍ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലി, അമേത്തി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചരണം നടത്തിയിരുന്നു. ഇത്തവണ യുപിയിലുടനീളം കോണ്‍ഗ്രസിന്‍റെ മുഖ്യ പ്രചാരക പ്രിയങ്കയായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്ത്രീ ശക്തിയെന്ന പേരില്‍ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംബിള്‍ യാദവുമായി ചേര്‍ന്നുള്ള പ്രത്യേക റാലികളും പരിഗണനിയിലുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നും, പ്രിയങ്ക സംഘടന ഭാരവാഹിത്വത്തിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ സോണിയഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കയായിരിക്കും മത്സരിക്കുകയെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story