Quantcast

ഇവിടെ മദ്യപിച്ചാല്‍ തേങ്ങയാണ് പിഴ

MediaOne Logo

Jaisy

  • Published:

    6 May 2018 12:59 AM GMT

ഇവിടെ മദ്യപിച്ചാല്‍ തേങ്ങയാണ് പിഴ
X

ഇവിടെ മദ്യപിച്ചാല്‍ തേങ്ങയാണ് പിഴ

പഞ്ചായത്താണ് പുതിയ നിയമം കൊണ്ടുവന്നത്

മദ്യപിച്ച് വണ്ടിയോടിച്ചാല്‍ നമ്മുടെ നാട്ടില്‍ പിഴ കൊടുക്കണം, എന്നാല്‍ അങ്ങ് ഛത്തീസ്ഗഡിലെ കോബ്ര ജില്ലയിലെ മൈനാഗഡി ഗ്രാമത്തില്‍ ആരെങ്കിലും മദ്യപിച്ചാല്‍ ഒരു തേങ്ങയാണ് പിഴയായി കൊടുക്കേണ്ടത്. പഞ്ചായത്താണ് പുതിയ നിയമം കൊണ്ടുവന്നത്.

ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമാണ് മൈനാഗഡി. അരിയില്‍ നിന്നുണ്ടാക്കുന്ന ഒരു തരം മദ്യമാണ് ഇവിടെ സാധാരണയായി ഉപയോഗിക്കുന്നത്. യുവാക്കളും കുട്ടികളും മദ്യത്തിന് അടിമപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് പഞ്ചായത്ത് പുതിയ നിയമം കൊണ്ടുവന്നത്. തേങ്ങ പിഴയായി കൊടുക്കുന്നത് ചെറിയ ശിക്ഷയാണ്, വീണ്ടും മദ്യപിച്ചാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഗ്രാമത്തലവന്‍ ശനിചരണ്‍ മിന്‍ജ് പറഞ്ഞു.

വൈദ്യുതിയും പ്രത്യേകിച്ച് വിനോദാപാധികളൊന്നുമില്ലാത്ത ഗ്രാമത്തില്‍ സമയം കളയാന്‍ ആളുകള്‍ ഒരുമിച്ച് മദ്യപിക്കുകയോ വട്ടം കൂടി നിന്ന് വര്‍ത്തമാനം പറയുകയോ ആണ് പതിവ്. ഗ്രാമത്തില്‍ മദ്യം നിരോധിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഗ്രാമത്തില്‍ ഭൂരിഭാഗമുള്ള ഉറോണ്‍ ഗോത്രവിഭാഗത്തെ സംബന്ധിച്ചിടത്തോളം മദ്യം കുടിക്കുന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. മദ്യം ഉണ്ടാക്കുകയും ജോലി കഴിഞ്ഞ് വൈകിട്ട് അത് കുടിക്കുകയും ചെയ്യുന്ന പതിവാണ് ഇവരുടേത്. മദ്യത്തിന്റെ സ്വാധീനം മൂലം കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നിര്‍ത്തുകയും യുവാക്കള്‍ മദ്യത്തിന്റെ അടിമകളായി തീരുകയും ചെയ്തതായി ബിരുധധാരി കൂടിയായ മിന്‍ജ് പറഞ്ഞു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന് മിന്‍ജ് പറഞ്ഞു.

TAGS :

Next Story