Quantcast

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം; പാക് സൈന്യം ഷെല്ലാക്രമണം നടത്തി

MediaOne Logo

Sithara

  • Published:

    11 May 2018 12:52 PM GMT

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം; പാക് സൈന്യം ഷെല്ലാക്രമണം നടത്തി
X

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം; പാക് സൈന്യം ഷെല്ലാക്രമണം നടത്തി

കശ്മീരിലെ രജൌരിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി.

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. കശ്മീരിലെ രജൌരിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു.

നിയന്ത്രണരേഖക്കപ്പുറത്തേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീര്‍ രജൌരിയില്‍ നൌഷഹ്റ, കല്‍സിയാലന്‍ മേഖലകളിലാണ് പാക് സൈന്യം മോട്ടോര്‍ ഷെല്ലാക്രമണം നടത്തിയത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഖ്നൂറിലടക്കം നിരവധി സ്ഥലത്ത് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് പലായനം ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷസമിതി യോഗത്തില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകുന്ന മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനമെടുത്തു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രതിപക്ഷമടക്കം സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥി സിങ്, വിദേശകാര്യമന്ത്രി സുഷമസ്വരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കശ്മീരിലെ കര്‍ഫ്യൂ എണ്‍‌പത്തിയൊന്‍പതാം ദിവസവും തുടരുകയാണ്. വിഘടനവാദനേതാവ് ആസിയ അന്‍ദ്രാബിയെ അറസ്റ്റ് ചെയ്തതിനെതിരെ കശ്മീരില്‍ വ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഷോപ്പിയാന്‍ എംഎല്‍എ മുഹമ്മദ് യൂസഫ് ഭട്ടിന്റെ വീടിനു നേരെ ഒരു സംഘം ആളുകള്‍ ഗ്രനേഡ് എറിഞ്ഞു.

TAGS :

Next Story