Quantcast

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കനയ്യ കുമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

MediaOne Logo

admin

  • Published:

    11 May 2018 9:38 AM GMT

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കനയ്യ കുമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു
X

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കനയ്യ കുമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

രാജ്യദ്രോഹമുദ്രാവാക്യത്തിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാരസമരം നടത്തുന്നത്.

നിരാഹാരസമരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കനയ്യകുമാര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് എല്ലാതരത്തിലും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് കനയ്യകുമാര്‍ അറിയിച്ചു. രാജ്യദ്രോഹമുദ്രാവാക്യത്തിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ നിരാഹാരസമരം നടത്തുന്നത്.

ജെഎന്‍യു സര്‍വ്വകലാശാല അന്വേഷണ സമിതിയുടെ ശിക്ഷാ നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവന്ന ജെഎന്‍യുഎസ്‌യു പ്രസിഡണ്ട് കനയ്യ കുമാറിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കനയ്യ അര്‍ധബോധാവസ്ഥയിലായിരുന്നു. നിരാഹാരസമരത്തിലിരിക്കേ പൂനെയിലും ബീഹാറിലും നടന്നിരുന്ന പരിപാടികളില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു. ഇതാണ് ആരോഗ്യനില മോശമാക്കിയത്.

ഇന്നലെ രാത്രി ആശുപത്രിവിട്ട കനയ്യകുമാറിനോട് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്‍റെ പേരില്‍ കനയ്യകുമാറും ഉമര്‍ഖാലിദും അനിര്‍ബാനുമടക്കം 20 വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു സര്‍വകലാശാല നടപ‌ടിയെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 27 മുതല്‍ 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം ന‌ടത്തുന്നത്.

മറ്റ് വിദ്യാര്‍ഥികളോടും സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇതുവരെ വഴങ്ങിയിട്ടില്ല. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ എംപിമാര്‍ ഇന്നലെ രാഷ്ട്രപതിയെ കണ്ടിരുന്നു.

TAGS :

Next Story