Quantcast

ക്യാപ്റ്റന് ജന്മദിന സമ്മാനമായി മധുരിക്കുന്ന ജയം

MediaOne Logo

admin

  • Published:

    14 May 2018 2:55 PM GMT

ക്യാപ്റ്റന് ജന്മദിന സമ്മാനമായി മധുരിക്കുന്ന ജയം
X

ക്യാപ്റ്റന് ജന്മദിന സമ്മാനമായി മധുരിക്കുന്ന ജയം

കോണ്‍ഗ്രസ് എന്നാല്‍ നെഹ്റു കുടുംബമെന്ന സമവാക്യങ്ങളോട് അത്രപെട്ടെന്ന് സമരസപെടുന്ന വ്യക്തിത്വമല്ല ഈ ജനനായകനെന്നത് ചരിത്രം.  1984ല്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് കടന്നു കയറി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സിഖ് ഗുരുക്കളുടെ

പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്പോള്‍ അത് അമരീന്ദര്‍ സിങ് എന്ന ക്യാപ്റ്റന്‍റെ മാത്രം ജയമായി മാറുന്നു. രാജകുടുംബത്തില്‍ പിറന്ന് ജനങ്ങളുടെ മഹാരാജാവെന്ന വിശേഷണം സ്വന്തമാക്കിയ അമരീന്ദറിനോളം സ്വീകാര്യനായ ഒരു നേതാവ് പഞ്ചാബില്‍ ഇന്നില്ല. വിധേയത്വം മുഖ്യ ഗുണവിശേഷമായി വലയിരുത്തപ്പെടുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ക്യാപ്റ്റനെ വ്യത്യസ്തനാക്കുന്നത് സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിതുറന്ന് പറയാനുള്ള തന്‍റേടമാണ്. കോണ്‍ഗ്രസ് എന്നാല്‍ നെഹ്റു കുടുംബമെന്ന സമവാക്യങ്ങളോട് അത്രപെട്ടെന്ന് സമരസപെടുന്ന വ്യക്തിത്വമല്ല ഈ ജനനായകനെന്നത് ചരിത്രം. 1984ല്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് കടന്നു കയറി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സിഖ് ഗുരുക്കളുടെ ആരാധകനായ അമരീന്ദറിനെ ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസ് പാളയം വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് പോരാടാനായിരുന്നു അന്ന് അമരീന്ദറിന്‍റെ തീരുമാനം. അകാലികളുമായുള്ള അകല്‍ച്ച കാത്ത് സൂക്ഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയ ക്യാപ്റ്റന്‍ 14 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം 1998ലാണ് കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തിയത്.

രാജീവ്ഗാന്ധിയുമായുള്ള വ്യക്തിബന്ധവും അമരീന്ദറിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2002ല്‍ പഞ്ചാബ് മുഖ്യമന്ത്രി പദത്തിലെത്തിയ അമരീന്ദര്‍ നെഹ്റു കുടുംബവുമായി പിന്നെയും ചെറിയ രീതില്‍ കോര്‍ത്തു, നദീജലം പങ്കിടുന്നത് സംബന്ധിച്ച് പഞ്ചാബ് ഒപ്പിട്ട കരാറുകള്‍ റദ്ദാക്കാനുള്ള അമരീന്ദറിന്‍റെ തീരുമാനമാണ് കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്. ആറു മാസത്തോളം അമരീന്ദറുമായി സംസാരിക്കാന്‍ പോലും സോണിയ തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകള്‍ അന്ന് തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പമാണ് അമരീന്ദര്‍ സഞ്ചരിച്ചത്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഏറെ ശുഭകരമായ നാളുകളായിരുന്നു അതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ 2007ലെ തെരഞ്ഞെടുപ്പില്‍ അകാലിദള്‍ അധികാരം തിരിച്ചു പിടിച്ചു. 1996ല് പഞ്ചാബ് പ്രത്യേക സംസ്ഥാനമായ ശേഷം ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച നല്‍കാത്ത പാരന്പര്യം വോട്ടര്‍മാര്‍ കാത്തുസൂക്ഷിച്ചു.

അധികാരം നഷ്ടമായെങ്കിലും പഞ്ചാബിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അമരീന്ദര്‍ തന്നെയായിരുന്നു അവസാന വാക്ക്. 2012ലെ തെരഞ്ഞെടുപ്പിനെ അമരീന്ദറും കോണ്‍ഗ്രസും നേരിട്ടത് ഏറെ പ്രതീക്ഷയോടയായിരുന്നു. എന്നാല്‍ ചരിത്രം വെടിഞ്ഞ് പഞ്ചാബ് ജനത ഒരു പാര്‍ട്ടിയെ ആദ്യമായി വീണ്ടും ഭരണത്തിലേറ്റി. അകാലിദളിന്‍റെ ആ നേട്ടം പാര്‍ട്ടിക്കുള്ളിലെ അമരീന്ദറിന്‍റെ പിടി ചെറുതായി അയയുന്നതിനും കാരണമായി. പ്രതാപ് സിങ് ബജ്‍വയെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള സോണിയയുടെയും രാഹുലിന്‍റെയും തീരുമാനത്തില്‍ ഏറെ ഖിന്നനായ അമരീന്ദര്‍ സ്വന്തം പാര്‍ട്ടിയെ കുറിച്ച് വീണ്ടും സജീവമായി ആലോചിച്ച് തുടങ്ങി. എന്നാല്‍ അമരീന്ദറിനോടൊപ്പം എത്താനോ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാനോ ബജ്‍വക്ക് കഴിഞ്ഞില്ല. അമരീന്ദറിനെ തന്നെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുക്കാന്‍ ഏല്‍പ്പിക്കാന്‍ ഇതോടെ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായി.

ശക്തമായ ഭരണവിരുദ്ധ തരംഗം അലയടിച്ചിരുന്നെങ്കിലും ഇത്തവണത്തെ അമരീന്ദറിന്‍റെ വിജയത്തെ അത് ചെറുതാക്കുന്നില്ല. ക്യാപ്റ്റനെ വിളിക്കൂ എന്നായിരുന്നു കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മുദ്രാവാക്യം. എഎപി എന്ന പുതിയ ശക്തിയുടെ ഉദയം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് സമ്മാനിച്ചത്. സ്ഥിതിഗതികള്‍ കൃത്യമായി വായിച്ചറിഞ്ഞ അമരീന്ദര്‍ പഞ്ചാബ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കുലഗുരുവായ പ്രശാന്ത് കിഷോറിന്‍റെ സഹായം തേടി. രാഹുലെന്ന മുഖ്യ പ്രചാരകനെ ചെറു വേഷത്തിലേക്ക് തള്ളിവിട്ട് അമരീന്ദര്‍ നടത്തിയ കരുനീക്കം ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

1965ലെ ഇന്ത്യ - പാകിസ്താന്‍ യുദ്ധത്തില്‍ പടവെട്ടി പരിചയമുള്ള ക്യാപ്റ്റനെ വ്യത്യസ്തനാക്കുന്ന ഘടകം പോരാട്ട വീര്യം തന്നെയാണ്. ഒരിക്കല്‍ കൂടി വിജയവഴി വെട്ടിത്തെളിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയിട്ടുള്ള അമരീന്ദറിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. പാര്‍ട്ടിക്കകത്തും നിന്നും പുറത്തുനിന്നുമുള്ള ആ ഭീഷണികളെ ഏതുരീതിയില്‍ അഭിമുഖീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും രാഷ്ട്രീയ ജീവിതത്തിലെ ക്യാപ്റ്റന്‍റെ സായാഹ്നം ഏതു രീതിയിലാകുമെന്ന് നിര്‍ണയിക്കുക. തന്‍റെ ജന്മദിനത്തില്‍ പാര്‍ട്ടിക്ക് അമരീന്ദര്‍ നല്‍കിയ മിന്നും ജയത്തിന് ഇരട്ടി മധുരമാണ്.

TAGS :

Next Story