Quantcast

ആര്‍കെനഗര്‍: മന്നാര്‍ഗുഡി മാഫിയക്ക് സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഫലം

MediaOne Logo

Muhsina

  • Published:

    16 May 2018 12:44 AM IST

ആര്‍കെനഗര്‍: മന്നാര്‍ഗുഡി മാഫിയക്ക് സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഫലം
X

ആര്‍കെനഗര്‍: മന്നാര്‍ഗുഡി മാഫിയക്ക് സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഫലം

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടും മന്നാര്‍ഗുഡി മാഫിയക്ക് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആര്‍കെനഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ശശികല പക്ഷത്തിനും ഓദ്യോഗിക വിഭാഗത്തിനും..

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടും മന്നാര്‍ഗുഡി മാഫിയക്ക് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആര്‍കെനഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ശശികല പക്ഷത്തിനും ഓദ്യോഗിക വിഭാഗത്തിനും അഭിമാന പോരാട്ടമായിരുന്ന ആര്‍ കെ നഗറില്‍ വന്‍ തിരിച്ചടിയാണ് അണ്ണാ ഡിഎംകെ നേരിട്ടത്. നിലവിലെ പാര്‍ട്ടിയുടെ ഭാവിയെ തന്നെ ഈ ഫലം പ്രതിസന്ധിയിലാക്കും.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആര്‍കെ നഗറില്‍ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോള്‍ അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പക്ഷ നേതാവായിരുന്നു ടിടിവി ദിനകരന്‍. തെരഞ്ഞെടുപ്പായപ്പോഴേക്കും ദിനകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. ശശികലയേയും അനന്തിരവ‍ന്‍ ദിനകരനേയും പുറത്താക്കി പനീര്‍ശെല്‍വവും പളനിസ്വാമിയും പാര്‍ട്ടി നിയന്ത്രണം ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പ് ഇരുകൂട്ടരുടെയും അഭിമാന പോരാട്ടമായി മാറി. എന്നാല്‍ അണ്ണാ ഡിഎംകെയുടെ കണക്കുകൂട്ടലുകളെല്ലാം തകര്‍ത്താണ് അവരുടെ ഏറ്റവും സുരക്ഷിത മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ടിടിവി ദിനകരന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയത്.

1999ല്‍ പെരിയകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ദിനകരന്‍ പാര്‍ലമെന്ററി രംഗത്തേക്കെത്തുന്നത്. 2004 മുതല്‍ 2010 വരെ രാജ്യസഭാംഗമായി. 2011ല്‍ ശശികലയും ദിനകരനും അടക്കമുള്ള മന്നാര്‍ഗുടി മാഫിയയെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അടുത്ത വര്‍ഷം ജയലളിത തന്നെ ഇരുവരേയും പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിച്ചു. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടി പിടിച്ചെടുത്ത ശശികല സ്വത്ത് കേസില്‍ ജയിലിലായതോടെ അണ്ണാ ഡിഎംകെയുടെ നേതൃത്വം ദിനകരന് കൈമാറി.

ഇരുവരേും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഇപിഎസ്-ഒപിഎസ് സഖ്യത്തിന്റെ തീരുമാനത്തിന് ജനപിന്തുണയില്ലെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ദിനകരന് കഴിഞ്ഞു. എ ഐ ഡി എം കെയുടെ ഭാവിയെക്കൂടി നിര്‍ണായകമായി ബാധിക്കുന്ന ജനവിധിയായി മാറുകയാണ് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

TAGS :

Next Story