Quantcast

തമിഴകത്തിന്റെ ഉരുക്കുവനിത

MediaOne Logo

Alwyn

  • Published:

    24 May 2018 9:54 AM GMT

തമിഴകത്തിന്റെ ഉരുക്കുവനിത
X

തമിഴകത്തിന്റെ ഉരുക്കുവനിത

ജയലളിതയെന്ന അധികാര കേന്ദ്രത്തിന് ചുറ്റുമായിരുന്നു പാര്‍ട്ടിയിലെ ഓരോ ചലനവും.

മൂന്ന് പതിറ്റാണ്ടോളം എഐഎഡിഎംകെയെന്നാല്‍ ജയലളിതയായിരുന്നു. ജയലളിതയെന്ന അധികാര കേന്ദ്രത്തിന് ചുറ്റുമായിരുന്നു പാര്‍ട്ടിയിലെ ഓരോ ചലനവും. ജയത്തിലും തോല്‍വിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം, അതായിരുന്നു ജയലളിത. ജയലളിത വിടവാങ്ങുന്നതോടെ എഐഎഡിഎംകെയുടെ ഭാവിയെക്കുറിച്ചും ചോദ്യമുയരും. പുരട്ചി തലൈവിയെപ്പോലെ പ്രൌഢിയുള്ള നേതാവിന്റെ അഭാവം എഐഎഡിഎംകെയെ ഉലക്കാനുള്ള സാധ്യത ഏറെ.

എംജി രാമചന്ദ്രന്റെ മരണത്തിന് ശേഷം അനാഥമായ പാര്‍ട്ടിക്ക് ഊര്‍ജം പകര്‍ന്നത് ജയലളിതയുടെ നേതൃപാടവമായിരുന്നു. സഖ്യരാഷ്ട്രീയ പരീക്ഷണത്തിലൂടെ 1991 ല്‍ ജയലളിത പാര്‍ട്ടിയെ അധികാരത്തിലേറ്റി. പിന്നീടങ്ങോട്ട് പാര്‍ട്ടിയെന്നാല്‍ ജയലളിത മാത്രവും. എംജിആറിന്റെ മരണത്തോടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ വലിയ പോരുണ്ടായി എഐഎഡിഎംകെയില്‍. ജയലളിതക്ക് എംജിആര്‍ നല്‍കിയ പരിഗണന ഇഷ്ടപ്പെടാതിരുന്ന നേതാക്കളൊക്കെ ജാനകി രാമചന്ദ്രനൊപ്പം നിന്നു. ജയലളിത പുറത്താക്കപ്പെട്ടു. ഡിഎംകെയുമായുള്ള മത്സരത്തില്‍ എഐഎഡിഎംകെയെ മുന്നിലെത്തിക്കാന്‍ ജാനകിക്ക് കഴിഞ്ഞില്ല. രാഷ്ട്രീയം തന്റെ കളരിയല്ലെന്ന് തിരിച്ചറിഞ്ഞ ജാനകി, പാര്‍ട്ടി ജയലളിതയെ ഏല്‍പ്പിച്ച് രാഷ്ട്രീയ വനവാസത്തിലേക്ക്. അമ്മയുടെ ആ‍ജ്ഞ ശരസ്സാവഹിക്കുന്ന ആജ്ഞാനുവര്‍ത്തികളായി മുതിര്‍ന്ന നേതാക്കന്‍മാര്‍ പോലും മാറുന്ന കാഴ്ചയാണ് പിന്നീട് തമിഴകം കണ്ടത്. രണ്ടാമനില്ലാത്ത പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ രണ്ടാമന്‍ ആരെന്ന് ആരും അന്വേഷിച്ചില്ല. അതായിരുന്നു ജയലളിതയെന്ന അധികാര കേന്ദ്രം. ജനപ്രിയ പദ്ധതികള്‍ ജയയുടെ പ്രതിച്ഛായ ഏറ്റിയപ്പോള്‍ അതിന്റെ തിളക്കത്തില്‍ പാര്‍ട്ടിയും നേതാക്കളുമൊക്കെ അപ്രസക്തരായി.

അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോഴും‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ ജയയുടെ കൈകളില്‍ തന്നെയായിരുന്നു. ഇക്കാലത്ത് മുഖ്യമന്ത്രി സ്ഥാനമേറ്റ ഒ പനീര്‍ശെല്‍വം ജയയിരുന്ന കസേരയില്‍ പോലും ഇരിക്കാതെ വിനീത വിധേയനായി നിന്നതു രാഷ്ട്രീയ ചരിത്രം. കഴിഞ്ഞ സെപ്തംബറില്‍ ജയ ആശുപത്രിയിലായി, ഒന്നര മാസത്തോളം പകരം ചുമതല ആര്‍ക്കെന്ന് ആലോചിക്കാന്‍ പോലും ശക്തിയുണ്ടായിരുന്നില്ല പാര്‍ട്ടി നേതൃത്വത്തിന്. ഗവര്‍ണറുടെ ഇടപെടലിനെത്തുടര്‍ന്ന് പനീര്‍ശെല്‍വം പകരക്കാരനായി. ജയയുടെ വിയോഗത്തെ തുടര്‍ന്ന് പനീര്‍ശെല്‍വത്തെ വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തുമ്പോള്‍ ആ നേതൃത്വവും സംശയത്തിന് നിഴലിലാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള ശേഷി പനീര്‍ശെല്‍വത്തിനുണ്ടോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനോടകം ഉയര്‍ത്തി കഴിഞ്ഞു. നേതൃസ്ഥാനത്തേക്ക് പുതിയ അവകാശവാദങ്ങളുണ്ടായാല്‍ പാര്‍ട്ടി പിളരാനുള്ള സാധ്യതയും ഏറെയാണ്. ജയക്കൊരു പിന്‍ഗാമി വെള്ളിത്തിരയില്‍ നിന്ന് തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

TAGS :

Next Story