Quantcast

പാസ്‍പോര്‍ട്ട് ഇനി തിരിച്ചറിയല്‍ രേഖയല്ല

MediaOne Logo

dibin

  • Published:

    24 May 2018 8:21 PM GMT

പാസ്‍പോര്‍ട്ട് ഇനി തിരിച്ചറിയല്‍ രേഖയല്ല
X

പാസ്‍പോര്‍ട്ട് ഇനി തിരിച്ചറിയല്‍ രേഖയല്ല

പാസ്‍പോര്‍ട്ടില്‍ നിന്ന് മേല്‍വിലാസം ഒഴിവാക്കുന്നത് വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയില്‍

ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡും പോലെ പാസ്‍പോര്‍ട്ടും ഇന്ത്യയില്‍ ഒരു തിരിച്ചറിയില്‍ രേഖയായിരുന്നു ഇതുവരെ. എന്നാല്‍ താമസിയാതെ അത് അങ്ങനെയല്ലാതെയായി മാറുകയാണ്. രാജ്യത്ത് നിലവിലുള്ള പാസ്‍പോര്‍ട്ടില്‍ വ്യക്തിയുടെ മേല്‍വിലാസം രേഖപ്പെടുത്തിയിരിക്കുന്നത് അവസാന പേജിലാണ്. ഇത് എടുത്തുമാറ്റണമെന്ന നിര്‍ദേശം വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്.

അടുത്ത ശ്രേണി മുതല്‍ പുറത്തിറക്കുന്ന പാസ്‍പോര്‍ട്ടുകളില്‍ ഈ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദേശകാര്യമന്ത്രാലയ പ്രതിനിധികള്‍ പറയുന്നത്. അവസാന പേജ് ശൂന്യമായി നിലനിര്‍ത്താനാണ് തീരുമാനം. ഇത് വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനാണെന്ന് അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജില്‍ വ്യക്തിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും അവസാന പേജില്‍ മേല്‍വിലാസവുമാണ് രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരങ്ങള്‍ ഒഴിവാക്കുന്നത് ഒരിക്കലും ഉടമയെ ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാരണം 2012 മുതലുള്ള എല്ലാ പാസ്‌പോര്‍ട്ടിനും ബാര്‍കോഡുകളുണ്ട്. അത് സ്‌കാന്‍ ചെയ്താല്‍ ഉടമയുടെ വിവരങ്ങള്‍ ലഭിക്കും. അടുത്ത ശ്രേണിയില്‍പ്പെട്ട പാസ്‌പോര്‍ട്ടുകള്‍ക്ക് മാത്രമാണ് മാറ്റമുണ്ടാകുക. നിലവില്‍ പാസ്‌പോര്‍ട്ട് എടുത്തവര്‍ക്ക് കാലാവധി കഴിയുന്നത് വരെ ഇതേ രീതി തുടരാം.

പാസ്‌പോര്‍ട്ടിന്റെ കളറിലും മാറ്റങ്ങള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടവര്‍ക്കും വെള്ള നിറവും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ചുവപ്പും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്കും(ECR) എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്കും (ECNR) നീലയുമാണ്. എമിഗ്രേഷന്‍ പ്രൊസസ് എളുപ്പമാക്കാന്‍ ഇതില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള വിഭാഗങ്ങളുടെ പാസ്‌പോര്‍ട്ട് ഓറഞ്ച് നിറത്തിലാക്കാനാണ് തീരുമാനം.

Next Story