Quantcast

"ഇനി ഞാന്‍ ദരിദ്രനല്ല"; കണ്ണ് നനയ്ക്കും ഈ അതിജീവനകഥ

MediaOne Logo
ഇനി ഞാന്‍ ദരിദ്രനല്ല; കണ്ണ് നനയ്ക്കും ഈ അതിജീവനകഥ
X

"ഇനി ഞാന്‍ ദരിദ്രനല്ല"; കണ്ണ് നനയ്ക്കും ഈ അതിജീവനകഥ

"എന്‍റെ ജോലി എന്തെന്ന് ഞാനൊരിക്കലും മക്കളോട് പറഞ്ഞിരുന്നില്ല. ഞാന്‍ കാരണം അവര്‍ ഒരിക്കലും എവിടെയും നാണംകെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു".

"എന്‍റെ ജോലി എന്തെന്ന് ഞാന്‍ മക്കളോട് പറഞ്ഞിരുന്നില്ല. ഞാന്‍ കാരണം അവര്‍ ഒരിക്കലും എവിടെയും നാണംകെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു". ഒരിക്കല്‍ ഒളിച്ചുവെച്ച ഇദ്രിസ് എന്ന ശുചീകരണ തൊഴിലാളിയുടെ ജീവിതാനുഭവങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ഒരുപാടുപേരെ പ്രചോദിപ്പിക്കുകയാണ്. ഫോട്ടോ ജേണലിസ്റ്റ് ജിഎംബി ആകാശ് തന്‍റെ ഫേസ് ബുക്കിലിട്ട കുറിപ്പിന് മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. ഒരു ലക്ഷത്തിലേറെ പേര്‍ ഷെയര്‍ ചെയ്തു.

ഇദ്രിസിന്‍റെ കഥ ഇങ്ങനെയാണ്

"എന്‍റെ ജോലിയെ ചൊല്ലി ഞാന്‍ ഒരുപാടുതവണ അവഹേളിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍റെ മക്കള്‍ ആളുകളുടെ മുന്‍പില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പലപ്പോഴും ജോലി കഴിഞ്ഞ് പൊതുകുളിമുറിയില്‍ കുളിച്ച് ശരീരം വൃത്തയാക്കിയേ വീട്ടില്‍ പോവാറുള്ളൂ. കിട്ടുന്ന കൂലിയെല്ലാം മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചു. ഒരു പുതിയ ഷര്‍ട്ട് വാങ്ങിപ്പോലും പൈസ കളഞ്ഞില്ല. ആ തുക കൂടി മക്കള്‍ക്ക് പുസ്തകം വാങ്ങാനായി ചെലവഴിച്ചു. അവരെങ്കിലും ജീവിതത്തില്‍ അവഹേളിക്കപ്പെടരുത് എന്നായിരുന്നു ആഗ്രഹം".

പക്ഷേ മകളുടെ കോളജ് പ്രവേശനത്തിന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതിരുന്ന ദിവസം ഇദ്രിസ് തകര്‍ന്നുപോയി- "ഹൃദയം തകര്‍ന്നുനില്‍ക്കുന്ന ആ അവസ്ഥയില്‍ സഹായഹസ്തവുമായി കൂടെ ജോലിചെയ്യുന്നവര്‍ എന്നെത്തേടിയെത്തി. അവരുടെ അന്നത്തെ കൂലി നീട്ടി. നമ്മുടെ മകള്‍ക്ക് കോളജില്‍ പോകാനായി ഞങ്ങളിന്ന് പട്ടിണി കിടക്കുമെന്ന് അവര്‍ പറഞ്ഞു. ആ ദിവസം ഞാന്‍ പൊതുകുളിമുറിയില്‍ പോയി ശരീരം വൃത്തിയാക്കാതെ തൂപ്പുകാരനായി തന്നെ വീട്ടില്‍ കയറിച്ചെന്നു".

കഷ്ടപ്പാടിന്‍റെ നാളുകള്‍ ഇനിയില്ല. മകള്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോകുന്നു. ട്യൂഷനെടുത്തും മറ്റും അവളാണ് കുടുംബം പുലര്‍ത്തുന്നത്. വയ്യാത്ത അച്ഛന്‍ ഇനി ജോലിക്കുപോകേണ്ടെന്നാണ് മക്കള്‍ പറയുന്നത്. പ്രതിസന്ധിയില്‍ കൂടെ നിന്ന അച്ഛന്‍റെ കൂട്ടുകാരെ ആ മകള്‍ മറന്നില്ല. അച്ഛനുമൊത്ത് അവള്‍ അച്ഛന്‍റെ പഴയ ജോലിസ്ഥലത്തുപോകാറുണ്ട്. അച്ഛന്‍റെ കൂട്ടുകാര്‍ക്കുള്ള പൊതിച്ചോറുമായി. എന്തിനാണിങ്ങനെ ഭക്ഷണപ്പൊതിയുമായി വരുന്നതെന്ന് അവരുടെ ചോദ്യത്തിന് മകളുടെ മറുപടി ഇങ്ങനെയായിരുന്നു: "എനിക്കായി നിങ്ങളെല്ലാവരും അന്ന് പട്ടിണി കിടന്നു. ഞാന്‍ ഇന്നത്തെ ഞാനായത് അങ്ങനെയാണ്. എല്ലാകാലത്തും ഇതുപോലെ പൊതിച്ചോറുമായി വരാന്‍ കഴിഞ്ഞെങ്കിലെന്നാണ് എന്‍റെ ആഗ്രഹം".

മകളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇദ്രിസിന് തോന്നിയതിങ്ങനെ- "ഇനി ഞാന്‍ ദരിദ്രനല്ല. ഇങ്ങനെയുള്ള മക്കളുള്ള ഒരാള്‍ എങ്ങനെ ദരിദ്രനാവും?"

Next Story