Quantcast

കന്നഡപ്പോരില്‍ ആര് ജയിക്കും...? വിധി പ്രഖ്യാപനം നാളെ

MediaOne Logo

Khasida

  • Published:

    28 May 2018 11:50 PM GMT

കന്നഡപ്പോരില്‍ ആര് ജയിക്കും...? വിധി പ്രഖ്യാപനം നാളെ
X

കന്നഡപ്പോരില്‍ ആര് ജയിക്കും...? വിധി പ്രഖ്യാപനം നാളെ

ആശങ്കയോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍

കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നാളെ. രാവിലെ എട്ട് മണിക്ക് 222 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പരസ്പര വിരുദ്ധമായ എക്സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ കൂട്ടിയും കുറച്ചും കാത്തിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായാണ് കര്‍ണ്ണാടകയുടെ ജനവിധി വിലയിരുത്തപ്പെടുന്നത്.

ഇനി ഒരു പകലിന്റെയും രാത്രിയുടെയും കാത്തിരിപ്പ് മാത്രം. നാളെ ദേശീയ രാഷ്ട്രീയം കര്‍ണ്ണാടകയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കും. അടുത്ത അഞ്ച് വര്‍ഷം കര്‍ണ്ണാടക ആര് ഭരിക്കും എന്നറിയാന്‍ മാത്രമല്ല. ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാവി എന്താണെന്നറിയാന്‍....? മോദി-ഷാ കൂട്ടുകെട്ടിന്‍റെ വിജയ രഥം ദക്ഷിണേന്ത്യന്‍ മണ്ണില്‍ ഉരുണ്ട് തുടങ്ങുമോ എന്നറിയാന്‍...? ഒപ്പം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് തിരിച്ച് വരാന്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് സമീപ ഭാവിയിലെങ്കിലും സാധിക്കുമോ എന്നറിയാന്‍...

224 മണ്ഡലങ്ങള്‍. 113 എന്ന മാജിക്ക് നമ്പര്‍ മറികടക്കാന്‍ രണ്ട് പാര്‍ട്ടികള്‍. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസും, പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയും. കിങ് മേക്കറാകാന്‍ കാത്തിരിക്കുന്ന ജെഡിഎസും. എത്ര മാത്രം അപ്രവചനീയമായിരുന്നോ പ്രചാരണ കാലത്തെ കര്‍ണ്ണാടകയുടെ തെരഞ്ഞെടുപ്പ് ചിത്രം. അതിനേക്കാള്‍ സങ്കീര്‍ണ്ണവും പരസ്പര വിരുദ്ധവുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതിനാല്‍ അങ്ങേയറ്റത്തെ ആകാംക്ഷയിലും, ആശങ്കയിലുമാണ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനവും ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഒമ്പത് മണിയോടെ സൂചനകള്‍ വന്ന് തുടങ്ങും. പത്ത് മണിയോടെ കാറ്റെങ്ങോട്ടാണെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വരും. ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് രേഖപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമോ...? അതോ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ നാളുകളാണോ കന്നഡ നാടിനെ കാത്തിരിക്കുന്നത്...? ഈ ചോദ്യങ്ങളുടെ ഉത്തരമറിയാന്‍ ഒരു ദിവസം കൂടി കാത്തിരുന്നേ മതിയാകൂ.

TAGS :

Next Story