നാല് ദിവസങ്ങള്‍ കൂടി വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

നാല് ദിവസങ്ങള്‍ കൂടി വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ആൻഡമാൻ ദ്വീപുകൾക്ക് സമീപമായി രൂപം കൊണ്ട പുതിയ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെ തെക്ക് ഭാഗങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ അതിജാഗ്രതാ നിർദേശവുമായി കേന്ദ്രം. വരുന്ന നാല് ദിവസങ്ങളിൽ കൂടി വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആൻഡമാൻ ദ്വീപുകൾക്ക് സമീപമായി രൂപം കൊണ്ട പുതിയ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെ തെക്ക് ഭാഗങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇന്നു മുതൽ ഡിസംബർ ആറു വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ,കാഞ്ചീപുരം, വെല്ലൂർ, തിരുവണ്ണാമലൈ ജില്ലകളിൽ മഴ തുടർന്നാൽ പൊന്നയാർ, പാലാർ, കൊസസ്തലിയാർ തുടങ്ങിയ നദികളിലേക്ക് നീരൊഴുക്ക് ശക്തമാകും. ശാന്തനൂർ അണക്കെട്ട് തുറക്കേണ്ട അവസ്ഥയും ഉണ്ടാകും.ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ കന്യാകുമാരിയിലും പുഴകളിൽ നീരൊഴുക്ക് വർധിക്കും. വരുന്ന 24 മണിക്കൂർ ഇ തേ അവസ്ഥയിൽ തുടരും. താമര ഭരണി നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലും ദുരന്ത സാധ്യതയുണ്ട്. പാപനാശം, മണിമുത്താർ അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരും.നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, വിഴപ്പുരം, കുടലൂർ ജില്ലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ചിറ്റൂർ, നെല്ലൂർ ജില്ലകളെയും വെള്ളപ്പൊക്കം ബാധിയ്ക്കും.
Adjust Story Font
16

