Quantcast

അര്‍ണബുമായുള്ള അഭിമുഖത്തിന്റെ കാര്യത്തില്‍ എനിക്ക് അത്ഭുതമില്ല; മോദിയുമായ് നടന്ന വിചിത്രമായ അഭിമുഖാനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തകന്‍

MediaOne Logo

Ubaid

  • Published:

    30 May 2018 9:34 PM GMT

അര്‍ണബുമായുള്ള അഭിമുഖത്തിന്റെ കാര്യത്തില്‍ എനിക്ക് അത്ഭുതമില്ല;  മോദിയുമായ് നടന്ന വിചിത്രമായ അഭിമുഖാനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തകന്‍
X

അര്‍ണബുമായുള്ള അഭിമുഖത്തിന്റെ കാര്യത്തില്‍ എനിക്ക് അത്ഭുതമില്ല; മോദിയുമായ് നടന്ന വിചിത്രമായ അഭിമുഖാനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തകന്‍

പ്രധാനമന്ത്രിയുമായി അഭിമുഖത്തിന് ദിവസങ്ങള്‍ നീണ്ട കഠിനമായ നടപടക്രമങ്ങളിലൂടെ കടന്നുപോകണമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകാനുള്ള അവസരം എനിക്കു ലഭിച്ചു.

ടൈംസ് നൗ ചാനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഭിമുഖം നടത്തുന്നതിനു മുമ്പു തന്നെ ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയിരുന്നു എന്ന വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബോബി നഖ്‌വി. പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് ശ്രമിച്ച അനുഭവം യു.എ.ഇ പത്രമായ ഗള്‍ഫ് ന്യൂസിന്റെ എഡിറ്ററായ നഖ്‍വി ഫേസ്ബുക്കില്‍ കുറിക്കുന്നു:

MEETING THE PM Arranging an interview with the Prime Minister can be a long drawn and cumbersome process. I had the...

Posted by Bobby Naqvi on Tuesday, June 28, 2016

പ്രധാനമന്ത്രിയുമായി അഭിമുഖത്തിന് ദിവസങ്ങള്‍ നീണ്ട കഠിനകരമായ നടപടക്രമങ്ങളിലൂടെ കടന്നുപോകണമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകാനുള്ള അവസരം എനിക്കു ലഭിച്ചു.

പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അറബ് ലോകത്ത് ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചും ഒരു അഭിമുഖത്തിന് ഞാന്‍ അപേക്ഷിച്ചു. ഉദ്യോഗസ്ഥരുമായി ഇ-മെയിലിലൂടെയും മറ്റും നിരവധി ആശയവിനിമങ്ങള്‍ക്ക് ശേഷം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിച്ചു: ‘ബോബി, ഒരു നല്ല വാര്‍ത്തയും മോശം വാര്‍ത്തയും അറിയിക്കാനുണ്ട്. ഏതാണ് ആദ്യം കേള്‍ക്കേണ്ടത്?

എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ പറയുന്നതിനു മുമ്പു തന്നെ അദ്ദേഹം പറഞ്ഞു; ‘ പ്രധാനമന്ത്രി സമ്മതിച്ചു’. പക്ഷെ അഭിമുഖത്തിന് മറ്റു രണ്ടു പ്രസിദ്ധീകരണങ്ങള്‍ കൂടിയുണ്ടാവും. അതൊരു എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ആവില്ലെന്ന് അറിഞ്ഞപ്പോള്‍ വലിയ നിരാശ തോന്നി. ആ തീരുമാനം അംഗീകരിക്കുകയല്ലാതെ എന്റെ മുമ്പില്‍ മറ്റുവഴികളുണ്ടായിരുന്നില്ല.

തുടര്‍ന്ന് എന്നോട് ചോദ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് സുരക്ഷാ പരിശോധനയായിരുന്നു: ഡ്രൈവറുടെ പേരും കാറിന്റെ രജിസ്റ്റര്‍ നമ്പറും, ഫോട്ടോഗ്രാഫറുടെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ എടുക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റും എല്ലാം ആവശ്യപ്പെട്ടു.

അവസാന നിമിഷം വരെ അഭിമുഖത്തിന്റെ വേദി, സമയം എന്നിവ സംബന്ധിച്ച് എനിക്ക് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും അഭിമുഖം നടക്കാം എന്നുമാത്രമാണ് എന്നോട് പറഞ്ഞിരുന്നത്. ആഗസ്റ്റ് 14ലെ തിരക്കിട്ട നിരവധി കോളുകള്‍ക്കുശേഷം എനിക്ക് ദല്‍ഹിയില്‍ ഞാന്‍ ബന്ധപ്പെടേണ്ട ആളുകളുടെ നമ്പര്‍ തന്നു. ഉച്ചവരെ ദല്‍ഹിയില്‍ തന്നെ ഉണ്ടാവണമെന്നും കൃത്യസമയവും വേദിയും പിന്നീട് അറിയിക്കാമെന്നും ഒരു യുവ ഓഫീസര്‍ എന്നോട് പറഞ്ഞു.

ആഗസ്റ്റ് 14ന് ഞാന്‍ വിമാനം കയറുന്നതിനു തൊട്ടുമുമ്പ് എനിക്കൊരു കോള്‍ വന്നു. പ്രധാനമന്ത്രിയുമായി ഏറെ അടുപ്പമുണ്ടെന്നു പറയുന്ന ഒരു മുസ്‌ലിം വ്യക്തിയായിരുന്നു ആയിരുന്നു അത്. ‘പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് തയ്യാറായിക്കോളൂ. നിരവധി വലിയ വലിയ ആളുകള്‍ കാത്തുകിടക്കുമ്പോഴാണ് നിങ്ങള്‍ക്ക് അവസരം കൈവന്നിരിക്കുന്നത്.’ എന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ഭാഗമല്ലാത്ത അയാള്‍ ഞാന്‍ പ്രധാനമന്ത്രിയെ കാണുന്ന കാര്യം എങ്ങനെയറിഞ്ഞു എന്നോര്‍ത്ത് എനിക്ക് ഞെട്ടലുണ്ടായി.

പിന്നേറ്റ് രാവിലെ ദല്‍ഹിയില്‍ മറ്റൊരു ഷോക്ക് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്റെ ഫോട്ടോഗ്രാഫറെ അനുവദിക്കില്ലെന്നും ഫോട്ടോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ എടുത്തുനല്‍കുമെന്നും എന്നെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതു പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. ഏറെ തര്‍ക്കങ്ങള്‍ക്കുശേഷം ഒരു നിബന്ധനയോടെ ഫോട്ടോഗ്രാഫറെ അകത്തുകടക്കാന്‍ അനുവദിച്ചു- അഞ്ചുമിനിറ്റുമാത്രമേ അകത്തു ചിലവഴിക്കാവൂ.

എന്റെ ഡ്രൈവറും സഹോദരന്‍ സെയ്ഫിയും ഫോട്ടോഗ്രാഫര്‍ പങ്കജുമൊത്ത് ഞങ്ങള്‍ ചെങ്കോട്ടയിലേക്കു തിരിച്ചു. കര്‍ശന പരിശോധനയായിരുന്നു എല്ലായിടത്തം. നല്ല മഴയുണ്ടായിരുന്നു അപ്പോള്‍. റെയില്‍കോട്ടില്‍ സായുധധാരി ഞങ്ങളെ സമീപിച്ചു. മഴയുടെ ഒച്ച കാരണം എനിക്കു അയാള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ദുബൈയില്‍ നിന്നും വരികയാണെന്നു മാത്രമാണ് അയാള്‍ കേട്ടത്. ആവര്‍ത്തിച്ച് ചോദിച്ചശേഷം അദ്ദേഹം സെക്യൂരിറ്റി ഓഫീസിലേക്കു പോയി. കുറച്ചുനേരത്തിനുശേഷം തിരിച്ചുവന്ന് കാര്‍ മാറ്റിയിടാന്‍ പറഞ്ഞശേഷം എന്നോട് അയാളെ പിന്തുടരാന്‍ ആവശ്യപ്പെട്ടു.

വീണ്ടും ഞങ്ങളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ ഓഫീസ് റസിഡന്‍സിലേക്കു കൊണ്ടുപോയി. കുറേക്കഴിഞ്ഞ് അദ്ദേഹം പറഞ്ഞു, ഫോട്ടോഗ്രാഫറിന് സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലെന്ന്. ഞാന്‍ ദല്‍ഹിയിലെ ആ യുവ ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു. കുറേസമയത്തിനുശേഷം ഞങ്ങളെ അകത്തേക്കു കടത്തുവിട്ടു.

ഉള്ളില്‍ വലിയ സുരക്ഷാ പരിശോധനയ്ക്കുശേഷം മറ്റൊരു മുറിയില്‍ കാത്തിരിക്കാന്‍ പറഞ്ഞു. അവിടെ പോലീസ് നായയെ കൊണ്ടുവന്നു. പിന്നീട് എസ്.പി.ജിയുടെ കാറില്‍ പ്രധാന ബില്‍ഡിങ്ങിലേക്ക് മാറ്റുകയും ചെയ്തു.

ഉള്ളില്‍ ഞങ്ങളെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. എനിക്ക് ഇന്റര്‍വ്യൂവിന്റെ കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു തന്നു.

‘ഫോട്ടോകള്‍ക്കും ഹസ്തദാനത്തിനും ശേഷം പ്രധാനമന്ത്രി നിങ്ങളെ നോക്കും. അപ്പോള്‍ അഭിമുഖം ആരംഭിക്കണം.’ ഒരു ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു- മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി- ഒരു ചോദ്യവും അതിന്റെ മറുപടിയുമേ എനിക്ക് നേരിട്ടു കേള്‍ക്കാനാവൂ. ബാക്കിയുള്ള ചോദ്യത്തിന്റെ മറുപടി പിന്നീട് എഴുതി തരും.

ഇക്കാര്യം പറഞ്ഞശേഷം ഞങ്ങളെ പ്രധാനമന്ത്രിയുടെ സംഘാംഗങ്ങളെ പരിചയപ്പെടുത്തി. തിരക്കഥ അനുസരിച്ചു തന്നെ കൂടിക്കാഴ്ച നടന്നു. ഹസ്തദാനത്തിനുശേഷം ഞങ്ങള്‍ ഹിന്ദിയില്‍ എന്റെ രാത്രി യാത്രയെക്കുറിച്ചും തൊട്ടുമുമ്പു ചെങ്കോട്ടയില്‍ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചും സംസാരിച്ചു. മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ (യു.എസില്‍ നിന്നും വന്നയാള്‍) ഒരു പരിഭാഷകന്റെ സഹായത്തോടെ ഇംഗ്ലീഷില്‍ സംസാരിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുശേഷം സംഭാഷണത്തിന്റെ എഴുത്തുപ്രതിയും ഞാന്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പ്രിന്റ് ചെയ്തു ലഭിച്ചു.

ഇന്ന്, ടൈംസ് നൗ ഇന്റര്‍വ്യൂവിലെ ചോദ്യങ്ങള്‍ ആദ്യമേ നല്‍കിയിരുന്നു എന്ന് വായിക്കുമ്പോള്‍ എനിക്കു അത്ഭുതം തോന്നുന്നില്ല. എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള സാധാരണ നടപടി ക്രമമാണോ ഇത് അല്ലെങ്കില്‍ ഈ സര്‍ക്കാറിനു മാത്രമുള്ള പ്രത്യേകതയാണോ എന്നകാര്യത്തില്‍ എനിക്ക് നിശ്ചയമില്ല.

TAGS :

Next Story