യോഗത്തിലെന്താണ് ചര്‍ച്ച ചെയ്തത് എന്ന് മാധ്യമപ്രവര്‍ത്തക: നിങ്ങള്‍ സുന്ദരിയാണെന്ന് മന്ത്രി

യോഗത്തിലെന്താണ് ചര്‍ച്ച ചെയ്തത് എന്ന് മാധ്യമപ്രവര്‍ത്തക: നിങ്ങള്‍ സുന്ദരിയാണെന്ന് മന്ത്രി
പാര്‍ട്ടി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തയുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി വിവാദമാകുന്നു.

തമിഴ്‍നാട്ടില്‍ എഐഎഡിഎംകെ പാര്‍ട്ടി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തയുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി വിവാദമാകുന്നു. പാര്‍ട്ടി യോഗതീരുമാനങ്ങള്‍ എന്തെല്ലാമാണ് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കറാണ് ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തില്‍ എഐഎഡിഎംകെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. യോഗ തീരുമാനങ്ങള്‍ അറിയാനായി പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിയ വിജയ ഭാസ്‍കറിനോട്, എന്തെല്ലാം വിഷയങ്ങളായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ മന്ത്രി നല്‍കിയ മറുപടിയാകട്ടെ നിങ്ങള്‍ സുന്ദരിയാണ് എന്നായിരുന്നു.
മാധ്യമപ്രവര്‍ത്തക രണ്ടു തവണ ചോദ്യം ആവര്‍ത്തിച്ചെങ്കിലും മന്ത്രിയുടെ മറുപടിക്കും വ്യത്യാസമുണ്ടായിരുന്നില്ല. മന്ത്രി വീണ്ടും വീണ്ടും മാധ്യമപ്രവര്‍ത്തകയുടെ സൌന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. തന്നോട് ചോദിച്ച ചോദ്യത്തിന് മറുപടി പറയാന്‍ മന്ത്രി തയ്യാറായതുമില്ല. നിങ്ങളുടെ കണ്ണട കൊള്ളാമെന്നും, നിങ്ങള്‍ സുന്ദരിയായിരിക്കുന്നുവെന്നും മാറി മാറി പറയുന്ന മന്ത്രി ചാനല്‍കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ ലൈവായി ജനം കാണുകയും ചെയ്തു, അതോടെ സംഭവം സോഷ്യല്‍ മീഡിയയിലും വൈറലാകുകയുമായിരുന്നു.
തന്റെ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ മാധ്യമപ്രവര്‍ത്തകരും എന്റെ സഹോദരി സഹോദരന്മാരാണ്. എന്റെ വകുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മാത്രമേ ഞാന്‍ പ്രതികരിക്കാറുളളൂ. രാഷ്ട്രീയമായ ചോദ്യങ്ങളെ ഞാന്‍ അവഗണിക്കാറാണ് പതിവ്. അതുകൊണ്ടാണ് അത്തരമൊരു മറുപടി ഞാന്‍ അപ്പോള്‍ നല്‍കിയത്. അതിന് ഞാന്‍ അവരോട് പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിജയ് ഭാസ്‍കര്‍ പറയുന്നു.
എന്നാല്‍, ഖേദപ്രകടനമൊന്നും മന്ത്രിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ തളര്‍ത്തിയിട്ടില്ല. അദ്ദേഹത്തിന് നോ കമന്റ് എന്ന് മറുപടി നല്‍കുകയോ, മറുപടി നല്‍കാതെ പോകുകകയോ ചെയ്യാമായിരുന്നു, അവര്‍ സുന്ദരിയാണേ അല്ലയോ എന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു എന്ന് പറയുന്നു വനിതാ ആക്ടിവിസ്റ്റായ ജനനി കെ.
Adjust Story Font
16

