Quantcast

ശരദ് യാദവ് ഉള്‍പ്പെടെ 21 പേര്‍ക്ക് സസ്പെന്‍ഷന്‍

MediaOne Logo

admin

  • Published:

    3 Jun 2018 10:38 AM GMT

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് നടപടി

ജെഡിയുവില്‍ കൂട്ടപ്പുറത്താക്കല്‍. ശരദ് യാദവുമായി അടുപ്പം പുലര്‍ത്തുന്ന 21 നേതാക്കളെ ബീഹാര്‍ സംസ്ഥാന ഘടകമാണ് പുറത്താക്കിയത്. പതിനാല് സംസ്ഥാന ഘടകങ്ങളുടെയും, രണ്ട് രാജ്യസഭ എംപിമാരുടെയും പിന്തുണയോടെയാണ് ജെഡിയുവിനെ നെടുകെ പിളര്‍ത്താന്‍ ശരദ് യാദവ് നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. വരും ദിവസങ്ങളില്‍ ശരദ് യാദവ് ഉള്‍പ്പെടേയുള്ള നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

മുന്‍ മന്ത്രി രമയ് റാം, മുന്‍ പാര്‍ലമെന്റഗം അര്‍ജുന്‍ റായ്, മുന്‍ എംഎല്‍എ രാജാകിഷോര്‍ സിന്‍ഹ തുടങ്ങിയവരുള്‍പ്പെടെ 21 നേതാക്കളെയാണ് ജെഡിയു പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്നതങ്ങളാണ് പുറത്താക്കലിന് കാരണമെന്ന് ജെഡിയു ബീഹാര്‍ ഘടകം പ്രസിഡണ്ട് വശിസ്ത നാരയണ്‍ സിംഗ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. പുറത്താക്കപ്പെട്ട നേതാക്കളെല്ലാം ജെഡിയു മുന്‍ അധ്യക്ഷന്‍ ശരദ് യാദവുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ശരദ് യാദവ് ബീഹാറില്‍ നടത്തിയ ജനകീ യാത്രയില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് ഈ നേതാക്കള്‍ പങ്കെടുത്തതാണ് പുറത്താക്കലിലേക്ക് നയിച്ചത്.

ശരദ് യാദവ് പക്ഷത്തുള്ള കൂടുതല്‍ നേതാക്കള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. ശരദ് യാദവിനെ കഴിഞ്ഞ ദിവസം രാജ്യസഭ നേതൃ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ തനിക്കൊപ്പം നില്‍ക്കുന്ന കേരളമുള്‍പ്പെടേയുള്ള 14 സംസ്ഥാന ഘടകങ്ങളുടെയു, രണ്ട് രാജ്യസഭ എംപിമാരുടെയും പിന്തുണയോടെ പാര്‍ട്ടിയെ നെടുകെ പിളര്‍ത്താനുള്ള നീക്കം ശരദ് യാദവ് അനുകൂലികള്‍ ആരംഭിച്ചിരുന്നു. ഈ പിന്തുണ ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്ന അവകാശവാദം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ശരദ് യാദവ് പക്ഷം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതനിടെയാണ്, വിമതനേതാക്കളെ വെട്ടിനിരത്താനുള്ള തീരുമാനം.

TAGS :

Next Story