Quantcast

ശംഭുലാല്‍ ലക്ഷ്യമിട്ടത് മറ്റൊരാളെ, ആളുമാറിയാണ് അഫ്രസുലിനെ കൊന്നതെന്ന് പൊലീസ്

MediaOne Logo

Sithara

  • Published:

    3 Jun 2018 12:20 AM GMT

ശംഭുലാല്‍ ലക്ഷ്യമിട്ടത് മറ്റൊരാളെ, ആളുമാറിയാണ് അഫ്രസുലിനെ കൊന്നതെന്ന് പൊലീസ്
X

ശംഭുലാല്‍ ലക്ഷ്യമിട്ടത് മറ്റൊരാളെ, ആളുമാറിയാണ് അഫ്രസുലിനെ കൊന്നതെന്ന് പൊലീസ്

രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മധ്യവയസ്കനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ പുതിയ വിശദീകരണവുമായി പൊലീസ്

രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മധ്യവയസ്കനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ പുതിയ വിശദീകരണവുമായി പൊലീസ്. കൊലയാളി ശംഭുലാല്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെ ആയിരുന്നുവെന്നും ആളുമാറിയാണ് അഫ്രസുലിനെ കൊന്നതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

താന്‍ സഹോദരിയുടെ സ്ഥാനത്ത് കണ്ടിരുന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയ്ക്ക് എന്നയാളെ കൊല്ലാന്‍ പദ്ധതിയിട്ടെന്നാണ് ശംഭുലാല്‍ മൊഴി നല്‍കിയതെന്ന് പൊലീസ് ഓഫീസര്‍ രാജേന്ദ്ര റാവു വ്യക്തമാക്കി. അഫ്രസുലിനെ പോലെ ബംഗാളിലെ മാള്‍ഡയില്‍ നിന്നുള്ള തൊഴിലാളിയാണ് അജു ഷെയ്ക്ക്. അജുവിനെ ശംഭുലാല്‍ നേരില്‍ കണ്ടിട്ടില്ല. കൊലപാതകത്തിന് മുമ്പ് ജാല്‍ചക്കി മാര്‍ക്കറ്റിലെത്തിയ ശംഭുലാല്‍ അജു ഷെയ്ക്കിനെ കുറിച്ച് അന്വേഷിച്ചറിഞ്ഞു. നേരില്‍ കാണാന്‍ കഴിഞ്ഞില്ല. അജുവിന്‍റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ മാര്‍ക്കറ്റില്‍ കണ്ട തൊഴിലാളിയോട് ശംഭുലാല്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ ഷെയ്ക്കിന്റെ നമ്പറിന് പകരം അറിയാതെ അഫ്രസുലിന്റെ നമ്പര്‍ നല്‍കിയതാവാം. അല്ലെങ്കില്‍ ജോലി നല്‍കാനാണ് നമ്പര്‍ ആവശ്യപ്പെട്ടതെന്ന് ശംഭുലാല്‍ പറഞ്ഞപ്പോള്‍ അഫ്രസുലിന് ആ ജോലി കിട്ടട്ടെ എന്ന് കരുതി മനപൂര്‍വ്വം നമ്പര്‍ മാറ്റിനല്‍കിയതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം.

ഡിസംബര്‍ ആറിന് മതില്‍ നിര്‍മാണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് അഫ്രസുലിനെ ശംഭുലാല്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ അഫ്രസുലിനെ മഴു ഉപയോഗിച്ച് വെട്ടി മാരകമായി പരിക്കേല്‍പിച്ച ശേഷം ജീവനോടെ തന്നെ ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ശംഭുലാല്‍ സഹോദരിയുടെ സ്ഥാനത്താണ് യുവതിയെ കണ്ടിരുന്നതെന്ന് പറഞ്ഞത് ശരിയല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശംഭുലാല്‍ ഈ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 2010ൽ മുഹമ്മദ് ബബ്ലു ഷേയ്ഖ് എന്നയാളോടൊപ്പം പശ്ചിമ ബംഗാളിലെ മാൽഡയിലേക്ക് ഈ യുവതി നാടുവിട്ടിരുന്നു. യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് തിരികെകൊണ്ടുവന്നു. വൈകാതെ അജു ഷെയ്ക്കിനൊപ്പം യുവതി വീണ്ടും മാള്‍ഡയിലേക്ക് പോയി. പിന്നാലെ ശംഭുലാല്‍ ഫോണില്‍ അജുവുമായി കലഹിച്ചു. 2012ല്‍ യുവതിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്ത കാലത്ത് അജുവും യുവതിയും കണ്ടുമുട്ടി. യുവതി വീണ്ടും മാള്‍ഡയിലേക്ക് പോകുമെന്ന് ഭയന്നാണ് ശംഭു കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

മുസ്‍ലിംകള്‍ക്കെതിരായ വിദ്വേഷ വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ സ്ഥിരമായി കാണുന്നയാളായിരുന്നു ശംഭുവെന്നും പൊലീസ് പറഞ്ഞു. മുസ്‍ലിംകളെ ശത്രുക്കളായാണ് ഇയാള്‍ കണ്ടിരുന്നത്. രാജ്യത്തെ നശിപ്പിക്കുന്നത് മുസ്‍ലിംകളാണെന്നും അതിനെതിരെ ഹിന്ദുക്കള്‍ ഉണരണമെന്നും ശംഭു വിശ്വസിച്ചിരുന്നതായും പൊലീസ് ഓഫീസര്‍ രാജേന്ദ്ര സിങ് റാവു പറഞ്ഞു.

TAGS :

Next Story