Quantcast

58 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു, 5000പേര്‍ ഭീതിയില്‍

MediaOne Logo

Subin

  • Published:

    4 Jun 2018 5:53 PM GMT

58 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു, 5000പേര്‍ ഭീതിയില്‍
X

58 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു, 5000പേര്‍ ഭീതിയില്‍

ഇപ്പോള്‍ നാട്ടുകാര്‍ എയ്ഡ്‌സ് ഭീതിയില്‍ പരിശോധനക്ക് പോലും തയ്യാറാകാത്ത അവസ്ഥയാണുള്ളതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. 

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വ്യാജഡോക്ടര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേരില്‍ എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചു.ഈ പ്രദേശത്തെ അയ്യായിരത്തോളം മനുഷ്യര്‍ ഇപ്പോഴും എയ്ഡ്‌സ് ഭീതിയിലാണ് കഴിയുന്നത്. വ്യാജഡോക്ടറായ രാജേന്ദ്ര യാദവിന്റെ പക്കല്‍ നിന്നും ചികിത്സ തേടിയവരും എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചവരുടെ പങ്കാളികളും മക്കളുമൊക്കെയാണ് എയ്ഡ്‌സ് ഭീതിയിലുള്ളത്.

കുറഞ്ഞ ചികിത്സാ ഫീസ് ഈടാക്കി പരമാവധി പാവങ്ങളെ ക്ലിനിക്കിലെത്തിക്കുകയായിരുന്നു വ്യാജ ഡോക്ടറായ രാജേന്ദ്ര യാദവ് ചെയ്തിരുന്നത്. വെറും പത്തുരൂപയായിരുന്നു ഇയാളുടെ ക്ലിനിക്കിലെ ഫീസ്. കുറഞ്ഞ ചിലവില്‍ ചികിത്സ തേടിയെത്തിയ പാവങ്ങള്‍ പലരും മടങ്ങിയത് എയ്ഡ്‌സ് ബാധിതരായിട്ടായിരുന്നു. അത് അവര്‍ തിരിച്ചറിയാന്‍ പോലും വര്‍ഷങ്ങളെടുക്കുകയും ചെയ്തു.

എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്ക് വ്യാജ ഡോക്ടര്‍ തന്റെ ക്ലിനിക്ക് തുറന്നിരുന്നു. ക്ലിനിക്ക് തുറക്കുന്നതിനും രാജേന്ദ്ര യാദവ് വരുന്നതിനും ഏറെ മുമ്പ് തന്നെ അയല്‍ ഗ്രാമങ്ങളിലെ പോലും പാവങ്ങള്‍ ഡോക്ടറെ കാണാന്‍ വരിനില്‍ക്കുന്നതും പതിവു കാഴ്ചയായിരുന്നു. രാത്രി 11 മണി വരെ പലപ്പോഴും ഇയാളുടെ ചികിത്സ തുടര്‍ന്നിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു ദിവസം കുറഞ്ഞത് 150 പേരെയെങ്കിലും ഇയാള്‍ ചികിത്സിച്ചിരുന്നു.

മൂന്ന് ഡോസ് മരുന്നിനും ഒരു ഇഞ്ചക്ഷനും കൂടി പത്തു രൂപയായിരുന്നു ഇയാള്‍ ഈടാക്കിയിരുന്നത്. എപ്പോഴും ഒപ്പം കരുതിയിരുന്ന തുണി സഞ്ചിയില്‍ ഈ മരുന്നുകളും സിറിഞ്ചുമുണ്ടാകും. എയ്ഡ്‌സ് വിവരം അറിയുന്നതുവരെ നാട്ടുകാര്‍ക്ക് ഇയാള്‍ ദൈവദൂതനായിരുന്നു. സിറിഞ്ചുകള്‍ സമീപത്തെ ഹാന്‍ഡ് പമ്പില്‍ വെച്ച് കഴുകി ഉപയോഗിക്കുകയായിരുന്നു രാജേന്ദ്ര യാദവിന്റെ രീതിയെന്നും നാട്ടുകാര്‍ പറയുന്നു.

13 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ നവംബര്‍ അവസാനത്തിലാണ് ഉന്നാവിലെ പ്രേംഗഞ്ച് ഗ്രാമത്തിലേക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയെത്തുന്നത്. തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകര്‍ മൂന്ന് ക്യാമ്പുകള്‍ നടത്തി. ഇതോടെ 25 പേര്‍ക്കുകൂടി എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചു. അതോടെ എയ്ഡ്‌സ് ഭീതി നാട്ടുകാരില്‍ വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ നാട്ടുകാര്‍ എയ്ഡ്‌സ് ഭീതിയില്‍ പരിശോധനക്ക് പോലും തയ്യാറാകാത്ത അവസ്ഥയാണുള്ളതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Next Story